പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും വാര്‍ഡുണ്ട്; പക്ഷേ, പ്രയോജനമില്ല
text_fieldsകാഞ്ഞങ്ങാട്: പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ പണി പൂര്‍ത്തിയാക്കിയ അമ്മയും കുഞ്ഞും വാര്‍ഡ് അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷം. താലൂക്ക് ആശുപത്രി കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ഓപറേഷന് തിയറ്ററടക്കമുള്ള ആധുനിക സൗകര്യങ്ങളോടെ അമ്മയും കുഞ്ഞും വാര്‍ഡ് ഒരുക്കിയത്.
ദേശീയ ഹെല്‍ത്ത് മിഷന് പദ്ധതിയില്‍പ്പെടുത്തി 1.6 കോടി രൂപ ചെലവഴിച്ചാണ് വാര്‍ഡ് നിര്‍മിച്ചത്. മലയോരമേഖലയുടെ ആശ്രയമായ താലൂക്ക് ആശുപത്രിയില്‍ എത്രയും പെട്ടെന്ന് ഗൈനക്കോളജി വിഭാഗമടക്കമുള്ള സ്പെഷാലിറ്റി സൗകര്യങ്ങള്‍ കൊണ്ടുവരുമെന്നാണ് 2019 ല്‍ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ച ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ പറഞ്ഞിരുന്നത്.
പക്ഷേ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും നിയമനം നടക്കാത്തതിനാല്‍ അടഞ്ഞുകിടക്കാനാണ് വാര്‍ഡിന്റെ വിധി. കോടികള്‍ ചെലവഴിച്ച് സ്ഥാപിച്ച സംവിധാനങ്ങളും മാസങ്ങളായി പ്രയോജനപ്പെടാതെ കിടക്കുന്നു. താലൂക്ക് ആശുപത്രി എന്ന നിലയില്‍ അവശ്യം വേണ്ട സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനും സാധിച്ചിട്ടില്ല.
താലൂക്ക് ആശുപത്രി ഉണ്ടായിട്ടും സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ ചികിത്സ കിട്ടാന്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് പോകേണ്ട സ്ഥിതിയാണ് മലയോരമേഖലയിലെ ജനങ്ങൾക്ക്. പൂടംകല്ല് താലൂക്ക് ആശുപത്രിയും വെള്ളരിക്കുണ്ട് ബ്ലോക്ക് ആരോഗ്യകേന്ദ്രവും ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിച്ചാല്‍ ജില്ല ആശുപത്രിയിലെ തിരക്ക് കുറക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.