ഉരുൾ ദുരന്തം: വയനാടിനെ ചേർത്തുപിടിച്ച് കാസർകോട്
text_fieldsകാസർകോട്: വയനാട്ടിലെ ദുരിതബാധിതരെ ചേർത്തുപിടിച്ച് കാസർകോട്. വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ സഹായപ്രവാഹം തുടരുന്നു. ജില്ല പൊലീസിന്റെ നേതൃത്വത്തിലുള്ള വെള്ളവും ഭക്ഷണവും നിറച്ച ആദ്യ ലോഡ് വയനാട് സ്വീകരിച്ചു.
നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എസ്. ചന്ദ്രകുമാറിന്റെയും സൈബർ പൊലീസ് ഇൻസ്പെക്ടർ അനൂപ് കുമാറിന്റെയും നേതൃത്വത്തിലായിരുന്നു ആദ്യ ലോഡ് സ്വീകരിച്ചത്. ഇവ ഗവ. യു.പി സ്കൂൾ കോട്ടനാട്, സെന്റ് സെബാസ്റ്റ്യൻ ഹാൾ കപ്പംകൊള്ളി, വയനാട് ജില്ല പൊലീസ് ആസ്ഥാനം എന്നിവിടങ്ങളിൽ വിതരണം ചെയ്തു. പൊലീസ് മേധാവി പി. ബിജോയ്, അഡി. എസ്.പി പി. ബാലകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വെള്ളവും ഭക്ഷണവും ശേഖരിച്ചത്.
കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ആദ്യഗഡുവായി 25 ലക്ഷം രൂപ നൽകി.
സംസ്ഥാന പ്രസിഡന്റ് എൻ. സദാശിവൻ നായർ, ജന. സെക്രട്ടറി ആർ. രഘുനാഥൻ നായർ എന്നിവർ ചേർന്ന് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ദുരന്തസാഹചര്യത്തെ അതിജീവിക്കുന്നതിനായി സംഭാവനകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ട് നൽകണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ അംഗങ്ങളോടും സംസ്ഥാന ഘടകങ്ങളോടും അഭ്യർഥിച്ചു.
നീലേശ്വരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ സഹായം നൽകി. സി.ഐ.ടി.യു നീലേശ്വരം ഏരിയ കമ്മിറ്റി ജീവനക്കാരിൽനിന്ന് ശേഖരിച്ച 2,30,000 രൂപയുടെ ചെക്ക് ജില്ല സെക്രട്ടറി കെ.വി. വിശ്വനാഥൻ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി. സതീഷ്ചന്ദ്രന് കൈമാറി.
ഏരിയ പ്രസിഡന്റ് കെ. രാജൻ അധ്യക്ഷത വഹിച്ചു. എം. രാജൻ, പാറക്കോൽ രാജൻ, കെ.വി. ദാമോദരൻ, വി. പ്രകാശൻ, കെ.വി. ബാലൻ, കെ.പി. സതീശൻ, സി. മോഹനൻ, എൻ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു. യൂനിയൻ ഏരിയ സെക്രട്ടറി കെ. രഘു സ്വാഗതം പറഞ്ഞു.
പടന്ന: വയനാടിന് കൈത്താങ്ങായി ഓരി വിഷ്ണുമൂർത്തി ക്ഷേത്രം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 25,000 രൂപ ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മനു ക്ഷേത്രസ്ഥാനികരിൽനിന്ന് ഏറ്റുവാങ്ങി.
അനുജൻ ഹയാൻ ശരണിന്റെ ഒന്നാം പിറന്നാളിന് സൈക്കിൾ വാങ്ങാൻ സ്വരൂപിച്ച 2023 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഓരിയിലെ എം.വി. ശരൺജിത്ത്-വൃന്ദ ബാലൻ ദമ്പതികളുടെ മകൻ നിഹാൽ ശരൺ മാതൃകയായി. ദുരിതാശ്വാസനിധി നടൻ പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങി. പി.കെ. പവിത്രൻ, സി.വി. രാജൻ, സി.വി. വിനോദ് പി.പി. ഭരതൻ എന്നിവർ സംബന്ധിച്ചു.
പടന്ന പഞ്ചായത്ത്, മോഡൽ സി.ഡി.എസ്, ഹരിത കർമസേന എന്നിവ സംയുക്തമായി വയനാട് ദുരിതാശ്വാസ ക്യാമ്പിലേക്ക് അവശ്യസാധന സമാഹരണം നടത്തി. 100 ബാഗ് അരിയും 100 ബോക്സ് മിനറൽ വാട്ടറും സാനിറ്ററി കിറ്റും കെ.എം.സി. മുഹമ്മദ് കുഞ്ഞി നൽകി.
പാലക്കുന്ന്: വയനാട്ടിലെ ദുരിതബാധിതർക്ക് പാലക്കുന്ന് കഴകം അരവത്ത് പ്രാദേശികസമിതി പുതുവസ്ത്രങ്ങൾ നൽകി. വസ്ത്രങ്ങൾ ക്ഷേത്രസ്ഥാനികൻ രവീന്ദ്രൻ കളക്കാരൻ കേരള സ്കൗട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന കമീഷണർ അജിത് സി. കളനാടിന് കൈമാറി. പ്രാദേശികസമിതി പ്രസിഡന്റ് സതീശൻ ചിറക്കാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഭരതൻ കുതിരക്കോട്, കെ.വി. സുരേഷ് കുമാർ, മോഹനൻ നന്ദനം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.