പ്രാദേശിക തനിമയുള്ള ടൂറിസം പാക്കേജുകളും വിപണന ശൃംഖലയും ആരംഭിക്കുന്നു
text_fieldsകാസർകോട്: അനുഭവവേദ്യ വിനോദസഞ്ചാരത്തിന് ഊന്നല്‍ നല്കി സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന് പുതിയ പാക്കേജുകളും ഉൽപന്ന വിപണന ശൃംഖലയും ആരംഭിക്കും. കോവിഡാനന്തര ടൂറിസത്തിെൻറയും ന്യൂ നോർമല്‍ ടൂറിസത്തിെൻറയും സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തലാണ് ലക്ഷ്യം.
പ്രാദേശിക തനിമയുള്ള ഉൽപന്നങ്ങളായ ആറന്മുള കണ്ണാടി, പയ്യന്നൂര്‍ പവിത്രമോതിരം, കാര്‍ഷിക വിളകളായ ഞവര, ജീരകശാല, ഗന്ധകശാല, ഭക്ഷ്യവിഭവങ്ങളായ രാമശ്ശേരി ഇഡ്ഢലി, മറയൂര്‍ ശര്‍ക്കര, പ്രത്യേക ഉത്സവങ്ങളായ ആറ്റുവേല, കെട്ടുകാഴ്ചകള്‍ തുടങ്ങിയവ കോര്‍ത്തിണക്കും. തുടർന്ന് ഇവയെ ബന്ധപ്പെടുത്തി ടൂര്‍ പാക്കേജുകളും ഉൽപന്ന വിപണന ശൃംഖലയും തയാറാക്കി സഞ്ചാരികള്‍ക്ക് അനുഭവ വേദ്യമാക്കും. പരിപാടിയുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍, കുടുംബങ്ങള്‍, സ്ഥാപനങ്ങള്‍, ഗ്രൂപ്പുകള്‍ ജനുവരി 30നുമുമ്പ് ഉത്തരവാദിത്ത ടൂറിസം മിഷനില്‍ രജിസ്റ്റര്‍ ചെയ്യണം.
ഫെബ്രുവരി 20 നുള്ളില്‍ പുതിയ പാക്കേജുകള്‍ പ്രഖ്യാപിക്കുക എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന് കോഓഡിനേറ്റര്‍ കെ. രൂപേഷ് കുമാര്‍ അറിയിച്ചു. ഫോണ്‍: 9847398283, 0471 2334749, ഇ-മെയില്‍ വിലാസം: rt@keralatourism.org
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.