സ്റ്റേഷൻ വാഹനം സ്വന്തമെന്ന് കരുതി കറങ്ങരുത്; പൊലീസ് വാഹനത്തിന് 'ബ്രേക്കിട്ട്' ഉത്തരവ്
text_fieldsകാസർകോട്: സ്റ്റേഷൻ വാഹനം സ്റ്റേഷൻ ഹൗസ് ഓഫിസർമാരായ പൊലീസ് ഇൻസ്പെക്ടർമാരുടെ സ്വന്തമല്ല എന്ന് ആഭ്യന്തര വകുപ്പ് ഉത്തരവ്.
കോൺസ്റ്റബിൾ മുതൽ പൊലീസ് ഇൻസ്പെക്ടർമാർ വരെയുള്ളവർക്ക് ഔദ്യോഗികാവശ്യത്തിന് ആവശ്യപ്പെട്ടാൽ വിട്ടുകൊടുക്കണം. സ്റ്റേഷൻ വാഹനങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫിസർമാർ ഉപയോഗിക്കുന്നതിനാൽ മറ്റ് പൊലീസുകാർക്ക് വാഹനം ലഭിക്കുന്നില്ല എന്ന പരാതിയുണ്ടെന്ന് ഉത്തരവിൽ പറയുന്നു.
പഞ്ചായത്തിന്റെ വാഹനം പ്രസിഡന്റിനുള്ളതല്ല എന്ന ചട്ടമാണ് പൊലീസിനെയും ബാധകമാക്കിയിട്ടുള്ളത്. കോൺസ്റ്റബിൾ ആവശ്യപ്പെട്ടാലും ഔദ്യോഗിക ആവശ്യത്തിനു വാഹനം കൊടുക്കണം. എസ്.ഐയും സി.ഐയും ഒരേ സ്ഥലത്തേക്കാണെങ്കിൽ ഒരു വാഹനത്തിൽ പോകണം. ജില്ലക്കു പുറത്തേക്ക് കോടതി ആവശ്യങ്ങൾക്കാണെങ്കിൽ ബസ്, ട്രെയിൻ എന്നിവ ഉപയോഗിക്കണം. വാഹനത്തിന് സ്റ്റേഷന്റെ പേര് രേഖപ്പെടുത്തണം. വാഹനങ്ങളുടെ ചുമതല (മോട്ടോർ ട്രാൻസ്പോർട്ട് ഓഫിസർ) ഒരാളെ ഏൽപിക്കണം. ക്രൈം കോൺഫറൻസ് നടക്കുന്ന ദിവസം എത്തിയ വാഹനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് തയാറാക്കണം.
വാഹന ദുരുപയോഗം റിപ്പോർട്ട് ചെയ്യണം. സ്റ്റേഷന്റെ ഇന്ധന ക്വോട്ട നിശ്ചയിക്കണം. എല്ലാ വാഹനങ്ങളുടെയും ഉപയോഗ റിപ്പോർട്ട് ഡിവിഷൻ തലത്തിൽ തയാറാക്കി പൊലീസ് ആസ്ഥാനത്തേക്ക് അയക്കണം തുടങ്ങിയ കർശന നിബന്ധനകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. വാഹനങ്ങളുടെ ഉപയോഗത്തിൽ കടുത്ത നിയന്ത്രണം പൊലീസിൽ നിലനിൽക്കുന്ന അതൃപ്തി രൂക്ഷമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.