കാസർകോട് ജില്ലയിലെ സി.പി.എമ്മിൽ നേതൃമാറ്റ ചർച്ച സജീവം
text_fieldsകാസർകോട്: ഏരിയ സമ്മേളനങ്ങൾ പരിസമാപ്തിയിലേക്ക് നീങ്ങവേ, ജില്ലയിലെ സി.പി.എമ്മിൽ നേതൃമാറ്റ ചർച്ചകൾ തുടങ്ങി. സെക്രട്ടറി, സെക്രേട്ടറിയറ്റുതലത്തിലുള്ള മാറ്റത്തിനാണ് അണിയറയിൽ ഒരുക്കം നടക്കുന്നത്. നിലവിലെ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മൂന്നുതവണ ജില്ല സെക്രട്ടറിയായി എന്നത് അദ്ദേഹം ഒഴിയുന്നതിനുള്ള കാരണമാണ്. എന്നാൽ, സമ്മേളനം നടക്കുമ്പോൾ ബാലകൃഷ്ണന് 75 വയസ്സ് പൂർത്തിയാകില്ല എന്നതും ജില്ല നേതൃത്വത്തിൽ സ്വാധീനം ശക്തമായതുകൊണ്ടും ആ സ്ഥാനത്ത് അദ്ദേഹത്തെ നിലനിർത്താനുള്ള ശ്രമങ്ങളുണ്ട്. സംസ്ഥാന നേതൃത്വം ഒരു അവസരംകൂടി നൽകിയാൽ ബാലകൃഷ്ണൻ തുടരും. എം.വി. ബാലകൃഷ്ണൻ മാറുകയാണെങ്കിലാണ് പുതിയ നേതൃപ്രശ്നം ഉയരുക.
സി.എച്ച്. കുഞ്ഞമ്പുവിനാണ് ആദ്യ പരിഗണന. സംസ്ഥാന കമ്മിറ്റിയംഗം കെ.പി. സതീഷ് ചന്ദ്രൻ ജില്ല സെക്രട്ടറിയായതിനാൽ ആ പദവിയിലേക്ക് വരില്ല. കുഞ്ഞമ്പു എം.എൽ.എയാണ് എന്നത് അദ്ദേഹത്തെ പരിഗണിക്കാതിരിക്കാൻ കാരണമാണ്. നിലവിൽ സംസ്ഥാന കമ്മിറ്റിയംഗമായ കുഞ്ഞമ്പുവിനെ ജില്ല സെക്രട്ടറിയാക്കിയാൽ സംസ്ഥാന കമ്മിറ്റിയിലേക്കുള്ള മറ്റൊരാളുടെ അവസരം ഇല്ലാതാകും എന്നത് കുഞ്ഞമ്പുവിന് തടസ്സമാണ്. ഇവർ രണ്ടുപേർ മാറിനിന്നാൽ സെക്രട്ടറി സ്ഥാനത്തേക്ക് സാധ്യതയുള്ളവർ പി. ജനാർദനനും കെ.വി. കുഞ്ഞിരാമനും. ഇവരിൽ സീനിയർ ജനാർദനനാണ്.
സാബു എബ്രഹാം, വി.കെ. രാജൻ, എം. സുമതി, കെ.ആർ. ജയാനന്ദ, സി. പ്രഭാകരൻ, എം. രാജഗോപാൽ, വി.വി. രമേശൻ എന്നിവരുൾപ്പെടെ 11 സെക്രട്ടേറിയറ്റംഗങ്ങളാണുള്ളത്. സെക്രട്ടേറിയറ്റംഗമായിരുന്ന വി.പി.പി. മുസ്തഫ മന്ത്രിയുടെ പേഴ്സനൽ സ്റ്റാഫിലേക്ക് പോയതിനാൽ ഒഴിവാക്കപ്പെട്ടിരുന്നു. എം.വി. ബാലഷൃഷ്ണൻ സെക്രട്ടേറിയറ്റിൽനിന്ന് മാറിയില്ലെങ്കിൽ നിലവിലെ സ്ഥിതിയിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല. മുസ്തഫയുടെ ഒഴിവ് നികത്തുന്ന കാര്യത്തിലാണ് ചർച്ചകളുണ്ടാകുക. സി.ഐ.ടി.യു നേതൃസ്ഥാനത്തുണ്ടായിരുന്ന ടി.കെ. രാജൻ ജില്ല കമ്മിറ്റി അംഗം മാത്രമാണ്. സി.ഐ.ടി.യുവിന്റെ ജില്ല, സംസ്ഥാന നേതൃത്വങ്ങളിൽ ദീർഘകാലം പ്രവർത്തിച്ച രാജൻ ഇപ്പോൾ ദേശീയതലത്തിൽ ഘടക യൂനിയനുകളുടെ ചുമതല വഹിക്കുകയാണ്. അങ്ങനെയുള്ളയാളെ സെക്രട്ടേറിയറ്റിലേക്ക് എടുക്കാതിരിക്കുന്നത് ചർച്ചയാകുന്നുണ്ട്. പാർട്ടി ശക്തികേന്ദ്രമായ ബേഡകം ഏരിയയിൽനിന്ന് പി. രാഘവനുശേഷം സെക്രട്ടേറിയറ്റ് അംഗം വന്നിട്ടില്ല.
ബേഡകംകാരിയായ പത്മാവതിയെ പരിഗണിക്കുന്നതിന് എം. സുമതി ജില്ല സെക്രട്ടേറിയറ്റിലുള്ളതാണ് തടസ്സം. ഒരു വനിതകൂടി സെക്രട്ടേറിയറ്റിലേക്ക് വേണ്ടതുണ്ടോയെന്ന ചോദ്യം ഉയരും. ബാലകൃഷ്ണനെ സെക്രട്ടറിയായും മുസ്തഫയെ സെക്രട്ടേറിയറ്റിലും നിലനിർത്തി മുന്നോട്ടുപോയാൽ കാര്യങ്ങൾ സുഗമമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.