കാസർകോട് നഗരസഭ കൗൺസിലിൽ ലീഗ് വിഭാഗീയത
text_fieldsകാസർകോട്: കഴിഞ്ഞ നഗരസഭ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച ഒരു അജണ്ടക്കെതിരെ 19 അംഗങ്ങൾ സെക്രട്ടറിക്ക് എഴുതി നൽകിയ വിയോജിപ്പ് രേഖയിൽനിന്ന് ഭരണ കക്ഷിയായ മുസ്ലിം ലീഗിലെ രണ്ട് അംഗങ്ങളുടെ വിയോജിപ്പ് സെക്രട്ടറി മുക്കി. കൗൺസിൽ യോഗാനന്തരം സെക്രട്ടറി മിനുട്സിൽ രേഖപ്പെടുത്തിയതും പരസ്യമായി സമ്മതിച്ചതുമായ രണ്ട് ലീഗ് അംഗങ്ങളുടെ വിയോജിപ്പ് നഗരസഭ സൈറ്റായ ‘സുലേഖ’യിൽ അപ് ലോഡ് ചെയ്യുമ്പോഴാണ് ഒഴിവാക്കപ്പെട്ടത്. സെക്രട്ടറിയുടെ നടപടിക്കെതിരെ വിയോജിപ്പ് രേഖപ്പെടുത്തിയ ലീഗ് അംഗങ്ങളായ മമ്മു ചാല, മജീദ് കൊല്ലമ്പാടി എന്നിവർ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറ്കടർക്കും കലക്ടർക്കും പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്.
19 അംഗങ്ങൾ വിയോജിച്ചതോടെ വിയോജിപ്പുള്ള അജണ്ടയിൽ വോട്ടെടുപ്പ് നടക്കുന്ന പക്ഷം നഗരഭരണത്തിൽ മുസ്ലിം ലീഗിന് ഭൂരിപക്ഷം നഷ്ടപ്പെടും എന്ന് ഉറപ്പായിരുന്നു. ഇത് ഒഴിവാക്കാനാണ് സെക്രട്ടറിയിൽ സമ്മർദം ചെലുത്തി രണ്ട് ലീഗ് അംഗങ്ങളുടെ വിയോജിപ്പ് ഒഴിവാക്കിയതെന്നാണ് ആക്ഷേപം. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ഏഴാമത്തെ അജണ്ടയായ 16ാം വാർഡിലെ ലൈബ്രറി കെട്ടിക നിർമാണ പ്രവൃത്തിയെയാണ് ലീഗ് അംഗങ്ങൾ ഉൾപ്പടെ 19 അംഗങ്ങൾ എതിർത്തത്. അഴിമതി ആരോപിച്ചാണ് എതിർപ്പ് ഉന്നയിച്ചത്.
ലീഗ് അംഗം മമ്മു ചാലയാണ് പ്രമേയം അവതരിപ്പിച്ചത്. വോട്ടെടുപ്പ് നടന്നാൽ ഭരണകക്ഷിക്ക് തിരിച്ചടിയാകും. 38 അംഗ കൗൺസിലിൽ ഭൂരിപക്ഷമായ 19പേർ എതിരായതോടെ ഭരണകക്ഷിയായ ലീഗിന് തലവേദനയായി. വിയോജിച്ചവരിൽ ബി.ജെ.പി, സി.പി.എം, സ്വതന്ത്ര അംഗങ്ങൾ ഉൾപ്പടെയാണ് 19 പേർ എന്നതും പ്രതിസന്ധിയായി. വിയോജിപ്പ് ബഹളത്തിൽ മുങ്ങിയപ്പോൾ ചെയർമാൻ അബ്ബാസ് ബീഗം യോഗം പിരിച്ചുവിട്ടു. പിന്നാലെ 19പേർ സെക്രട്ടറിക്ക് വോട്ടെടുപ്പ് ആവശ്യപ്പെട്ട് കത്ത് നൽകി. സ്വാഭാവിക നടപടിയെന്ന നിലയിൽ നഗരസഭ വൈബ് സൈറ്റായ സുലേഖയിൽ അപ്ലോഡ് ചെയ്യണം. എന്നാൽ സുലേഖയിൽ അപ്ലോഡ് ചെയ്തത് മമ്മു ചാലയുടെയും മജീദ് കൊല്ലമ്പാടിയുടെയും വിയോജിപ്പ് ഒഴിവാക്കിക്കൊണ്ടാണ്. അതുവഴി, വിയോജിച്ചവർ 17 ആണെന്ന് നിയമപരമായി സ്ഥാപിക്കാൻ സെക്രട്ടറിക്ക് കഴിഞ്ഞു. ഇതിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.