പറക്കളായിയിൽ വീണ്ടും പുലി ഭീതി; പുറത്തിറങ്ങാൻ പേടിയോടെ നാട്ടുകാർ; കൂടു സ്ഥാപിക്കാൻ ഇനിയും സമയമെടുക്കും
text_fieldsപറക്കളായിയിൽ വീട്ടുമുറ്റത്ത് വീണ്ടുമെത്തിയ പുലി
കാഞ്ഞങ്ങാട്: പറക്കളായിയിൽ വീട്ടുമുറ്റത്ത് തുടർച്ചയായി രണ്ടാം ദിവസവും പുലിയെത്തി. രണ്ടുദിവസത്തെ ദൃശ്യങ്ങളും സി.സി.ടി.വി കാമറയിൽ പതിഞ്ഞു. പറക്കളായി വെള്ളൂട റോഡിൽ കല്ലട ചിറ്റയിലാണ് സംഭവം. വികാസ് നമ്പ്യാരുടെ വീട്ടുമുറ്റത്താണ് തുടർച്ചയായി പുലിയെത്തിയത്. ഇതിന്റെ ദൃശ്യവും ഇവിടുത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞു. തുടർച്ചയായുള്ള പുലിസാന്നിധ്യം പ്രദേശത്തെ ഭീതിയിലാക്കിയിട്ടുണ്ട്. വീട്ടുമുറ്റത്ത് ഏറെനേരം കിടക്കുന്നതാണ് കണ്ടത്.
ഇതോടെ നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. രാവിലെ വികാസ് നമ്പ്യാരുടെ വീട്ടിലെ നായുടെ അവശിഷ്ടം കണ്ടതോടെയാണ് സി.സി.ടി.വി കാമറ പരിശോധിച്ചത്. ഇതോടെയാണ് പുലിയെത്തിയ വിവരം അറിയുന്നത്. തിങ്കളാഴ്ച രണ്ടു മണിക്കൂർ നേരം വീട്ടുപറമ്പിൽ കറങ്ങിയശേഷമാണ് പുറത്തേക്കുപോയത്. പറമ്പിലെ സ്വിമ്മിങ് പൂളിന് ചുറ്റും ഏറെനേരം നടക്കുന്നതും കണ്ടു.
പുലി പ്രദേശത്തുണ്ടെന്ന് ഉറപ്പാക്കിയതോടെ കൂടുവെച്ചു പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. രണ്ടു ദിവസവും പുലിയെ കണ്ട പ്രദേശത്തുതന്നെ കൂട് സ്ഥാപിച്ചാൽ പുലിയെ പിടിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. മുമ്പ് കോടോം ബേളൂർ പഞ്ചായത്തിലെ നായ്ക്കയം-അട്ടേങ്ങാനം റോഡിലും പട്ടാപ്പകൽ പുലിയെ കണ്ടിരുന്നു. കഴിഞ്ഞദിവസം പുലിയിറങ്ങിയ പ്രദേശവും അട്ടേങ്ങാനവും തമ്മിൽ വലിയ ദൂരമില്ല. അതിനിടെ ഏതാനും ആഴ്ചകൾക്കു മുമ്പ് കാരാക്കോട്, ഒടയംചാൽ, ചക്കിട്ടടുക്കം പ്രദേശത്തും പുലിയെ കണ്ടിരുന്നു. കഴിഞ്ഞദിവസം പുലി ഇറങ്ങിയ പ്രദേശത്തിനു സമീപത്തെ വെള്ളൂടയിൽനിന്ന് 14 വർഷം മുമ്പ് കൂടുവെച്ച് പുലിയെ പിടികൂടിയിരുന്നു. പുലി നാട്ടിലുടനീളം ചുറ്റിക്കറങ്ങുന്നതുമൂലം കുട്ടികളെ പുറത്തിറക്കാൻ ഭയക്കുകയാണ് നാട്ടുകാർ.
കൂട് സ്ഥാപിക്കാൻ വൈകും
കാഞ്ഞങ്ങാട്: നാട്ടുകാരുടെ സ്വൈരം കെടുത്തി പറക്കളായിയിൽ തുടർച്ചയായി രണ്ടു ദിവസം പുലി ഇറങ്ങിയിട്ടും കൂട് സ്ഥാപിക്കാൻ കാലതാമസമെടുക്കും. ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശം ലഭിച്ചാൽ മാത്രമേ കൂട് സ്ഥാപിക്കാൻ കഴിയുകയുള്ളൂവെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. രാഹുൽ പറഞ്ഞു. ചില നടപടിക്രമങ്ങൾ പൂർത്തിയായാൽ മാത്രമേ കൂട് സ്ഥാപിക്കാൻ കഴിയുകയുള്ളൂ.
വനംവകുപ്പ് സ്ഥാപിക്കുന്ന കാമറയിൽ ചിത്രങ്ങൾ പതിഞ്ഞതിനുശേഷം വിവരം ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ച് കൂട് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ചെയ്യണം. അതിനിടെ പുലിസാന്നിധ്യം ഉറപ്പാക്കിയ സാഹചര്യത്തിൽ കാസർകോട്ടുനിന്നുള്ള ആർ.ആർ.ടി സംഘം ബുധനാഴ്ച രാവിലെ സ്ഥലത്തെത്തി തിരച്ചിൽ നടത്തി. നാട്ടുകാരുടെ ആശങ്കയകറ്റാൻ നടപടിവേണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാർ ആവശ്യപ്പെട്ടു.
പുലിയുടെ സാന്നിധ്യം തെളിയിക്കുന്ന കാമറ ചിത്രങ്ങൾ ലഭിച്ചതോടെ മറ്റു നടപടിക്രമങ്ങൾക്ക് കാത്തുനിൽക്കാതെ കൂട് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകണമെന്നും പ്രദീപ് ആവശ്യപ്പെട്ടു. പുലി ഈ പ്രദേശത്തുതന്നെ തമ്പടിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ കരുതുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.