കുഷ്ഠരോഗം; പ്രതിരോധ പ്രവർത്തനം ഊർജിതം
text_fieldsകാസർകോട്: ജില്ലയിൽ കുഷ്ഠരോഗ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യ വകുപ്പ്. ഇതിനായി രണ്ടു കാമ്പയിനുകൾ സംഘടിപ്പിക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് അറിയിച്ചു.
എത്രപേർ
ജില്ലയിൽ 32 കുഷ്ഠരോഗ ബാധിതരാണുള്ളത്. അതിൽ രണ്ടുപേർക്ക് കുഷ്ഠരോഗം മൂലമുളള അംഗവൈകല്യമുണ്ട്. ഇവർ ഇത് ഭേദമാക്കുന്നതിനാവശ്യമായ പുനർനിർമാണ ശസ്ത്രക്രിയക്ക് തയാറെടുക്കുകയാണ്. 2025 ജനുവരിയിൽ നടപ്പിലാക്കിയ അശ്വമേധം പരിപാടിയുടെ ഭാഗമായി ആറ് കുഷ്ഠരോഗ ബാധിതരെ കണ്ടെത്താൻ സാധിച്ചു. ഇതിൽ 10 വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെടും.
എങ്ങനെ പകരുന്നു?
മൈക്രോബാക്ടീരിയം ലെപ്ര എന്ന ബാക്ടീരിയയാണ് കുഷ്ഠരോഗത്തിന് കാരണം.രോഗിയുമായുള്ള സമ്പർക്കത്തിൽ ശ്വാസത്തിലൂടെയാണ് ഇത് പകരുന്നത്. രോഗി തുമ്മുമ്പോഴും മറ്റും പുറത്തുവരുന്ന വായു ശ്വസിച്ചാൽ രോഗം പകരാം. രോഗാണു ശരീരത്തിലെത്തി ലക്ഷണങ്ങൾ പ്രകടമാകാൻ നാലു മുതൽ ഏഴുവർഷം വരെ എടുക്കാം എന്നത് ഗൗരവം വർധിപ്പിക്കുന്നു.
ലക്ഷണങ്ങൾ
ചർമത്തിൽ നിറം മങ്ങിയതും ചുവന്നതുമായ സ്പർശനശേഷി കുറഞ്ഞ പാടുകൾ, കട്ടിയുള്ള തിളങ്ങുന്ന ചർമം, കൈകാലുകളിലെ മരവിപ്പ്, ബലക്ഷയം, വൈകല്യങ്ങൾ, വേദനയില്ലാത്ത മാറാത്ത വൃണങ്ങൾ, ചുവന്നു തടിച്ച ചെവി, തടിച്ച നാഡികൾ, ചർമത്തിലുണ്ടാകുന്ന കലകൾ, ചൂടും തണുപ്പും മർദവും തിരിച്ചറിയാനാകാത്ത അവസ്ഥ, കാലുകളിലെ രോമം കൊഴിച്ചിൽ തുടങ്ങിയവ ലക്ഷണങ്ങളാകാം.
ചികിത്സ
കുഷ്ഠരോഗത്തെ പ്രതിരോധിക്കുന്നതിനായി 2024 സെപ്റ്റംബർ മുതൽ ജില്ലയിൽ സിംഗ്ൾ ഡോസ് റിഫാമ്പസിൻ പ്രോഫിലാക്സിസ് ചികിത്സ ആരംഭിച്ചിട്ടുണ്ട്. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതൽ അഞ്ചു വരെ വർഷം എടുക്കും. ആരംഭത്തിലേ ചികിത്സിച്ചാൽ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങൾ തടയുന്നതിനും രോഗപ്പകർച്ച ഇല്ലാതാക്കുന്നതിനും സാധിക്കും. ആറു മുതൽ 12 മാസം വരെയുള്ള വിവിധ ചികിത്സയിലൂടെ രോഗത്തെ പൂർണമായും ചികിത്സിച്ച് ഭേദമാക്കാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.