ഓണമാഘോഷിക്കാം; ഡി.ടി.പി.സിയോടൊപ്പം
text_fieldsകാസർകോട്: ഓണാഘോഷം ഗംഭീരമാക്കാനുള്ള അവസാനവട്ട തയാറെടുപ്പിലാണ് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. ജില്ല ഭരണകൂടവുമായി ചേര്‍ന്ന് അഞ്ച് ദിവസങ്ങളിലായാണ് ഡി.ടി.പി.സിയുടെ ഓണാഘോഷം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ കാസര്‍കോട് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയം കോര്‍ണറിലും വെള്ളി, ശനി ദിവസങ്ങളില്‍ കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറുമാണ് ആഘോഷവേദികള്‍. പരിപാടികളിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ചൊവ്വാഴ്ച രാവിലെ 9.30ന് മാവേലിയും, വാമനനും, പുലികളിയുമായുള്ള വിളംബര ഘോഷയാത്രയോടെ ഡി.ടി.പി.സി ഓണാഘോഷത്തിന് തുടക്കമാകും.
വൈകീട്ട് ആറിന് വിദ്യാനഗര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ തിരുവാതിര, ഒപ്പന എന്നിവ അവതരിപ്പിക്കും. ഏഴിന് ഭാരത് ഭവന്‍ സൗത്ത്‌സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ ഇന്ത്യന്‍ വസന്തോത്സവം അരങ്ങേറും. ഹരിയാന, ജമ്മു -കശ്മീര്‍, മണിപ്പൂര്‍, രാജസ്ഥാന്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ കലാകാരന്‍മാരുടെ നൃത്താവതരണമാണ് ഇതിന്റെ ആകര്‍ഷണീയത.
രണ്ടാംദിനമായ ഉത്രാടം നാളില്‍ നാലുമണി മുതല്‍ 'ഒപ്പമോണം പൊന്നോണം' എന്ന പേരിലാണ് പരിപാടികള്‍. ആറിന് ഗോപാലകൃഷ്ണ യക്ഷഗാന ബൊമ്മയാട്ട സംഘത്തിന്റെ യക്ഷഗാന പാവകളി അവതരിപ്പിക്കും. ഏഴുമണിക്ക് ഭിന്നശേഷിയെ തോൽപിച്ച് സംഗീതലോകത്ത് വിസ്മയങ്ങള്‍ തീര്‍ക്കുന്ന ലൈവ് മ്യൂസിക് ഷോയിൽ മര്‍വ്വാന്‍ മുനവ്വര്‍ 'ഓട്ടിസം ഡയറി' അവതരിപ്പിക്കും. തിരുവോണ ദിവസമായ വ്യാഴാഴ്ച പരവനടുക്കം സര്‍ക്കാര്‍ വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പമാണ് ഓണാഘോഷം.
വെള്ളിയാഴ്ച കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറില്‍ രാവിലെ എട്ട് മണിക്ക് പൂക്കള മത്സരത്തോടെ പരിപാടികള്‍ ആരംഭിക്കും. വൈകീട്ട് ആറിന് അഴീക്കോടന്‍ ഗോത്രപ്പെരുമ രാവണീശ്വരം അവതരിപ്പിക്കുന്ന അലാമിക്കളി, വുമണ്‍സ് സ്റ്റാര്‍ പുതിയകണ്ടം അവതരിപ്പിക്കുന്ന ഓണക്കളി, കൈകൊട്ടിക്കളി. രാത്രി ഏഴിന് കർമ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക് കലാകാരന്‍മാരുടെ കണ്ണകി നൃത്തസംഗീത ശില്‍പം.
സമാപനം കുറിക്കുന്ന ശനിയാഴ്ച വൈകീട്ട് മൂന്നിന് ജില്ലതല വടംവലി മത്സരം കാഞ്ഞങ്ങാട് ഹെറിറ്റേജ് സ്‌ക്വയറില്‍ നടക്കും. ആറിന് കുടുംബശ്രീ കലാകാരികളുടെ തിരുവാതിര, സങ്കീര്‍ത്തന നാടന്‍കലാവേദി കോട്ടുമല വളഞ്ഞങ്ങാനം അവതരിപ്പിക്കുന്ന മംഗലംകളി. രാത്രി ഏഴിന് റെയിബാന്റ് ഓര്‍ക്കസ്ട്രയുടെ ഗാനമേളയോടെ ഓണാഘോഷ പരിപാടികള്‍ക്ക് സമാപനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.