നാട് കാണട്ടെ, ഈ മാതൃക: 28 ഏക്കർ; രണ്ടായിരം വിപ്ലവം
text_fieldsകാസർകോട്: 2000 സ്ത്രീകൾ കൈകോർത്തിറങ്ങിയപ്പോൾ 28ഏക്കർ ഭൂമിയിലെ കാട് വെട്ടി വൃത്തിയാക്കൽ ജനകീയമായി. ബേഡഡുക്കയിലെ 350 കുടുംബശ്രീകളില്‍നിന്നുള്ള സ്ത്രീകളാണ് കാട് വെട്ടിത്തെളിക്കുന്നതിലും പുതിയ കൂട്ടായ്മ സൃഷ്ടിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ മാത്രം ഓഹരി ഉടമകളായി ആരംഭിച്ച ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആനന്ദമഠത്തിലെ ഭൂമിയിലാണ് കുടുംബശ്രീയുടെ കാട് വെട്ടിത്തെളിക്കൽ വിപ്ലവം.
ബേഡഡുക്ക ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ ജില്ല മിഷന്റെയും സഹായത്തോടെ ബേഡഡുക്ക സി.ഡി.എസിന്റെ നേതൃത്വത്തിലാണ് ടീം ബേഡകം കുടുംബശ്രീ അഗ്രോ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ആരംഭിച്ചത്. കുടുംബശ്രീ അംഗങ്ങളില്‍നിന്നു മാത്രം 1000 രൂപയുടെ ഓഹരി സ്വീകരിച്ച് ആരംഭിച്ച കമ്പനി ആറു മാസം കൊണ്ടാണ് 28 ഏക്കര്‍ ഭൂമി സ്വന്തമാക്കിയത്.
ഈ സ്ഥലം മാതൃക കാര്‍ഷിക ഗ്രാമമാക്കി മാറ്റാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഹൈടെക് ഫാമുകള്‍, ഹട്ടുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ട്രെയിനിങ് സെന്ററുകള്‍, മാതൃക കൃഷിയിടം എന്നിവയടങ്ങുന്ന മാസ്റ്റര്‍ പ്ലാന്‍ തയാറായിട്ടുണ്ട്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാവുന്നതോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. അതിന് മുന്നോടിയായി കാര്‍ഷിക പ്രവൃത്തികള്‍ ആരംഭിക്കും. നിലവില്‍ 10,000 ഓഹരികളാണ് സ്വരൂപിക്കാന്‍ സാധിച്ചത്.
ഡിസംബര്‍ ഒന്നിനകം 21,000 ഓഹരികള്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കാട് വൃത്തിയാക്കൽ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജി മാത്യു ഉദ്ഘാടനം ചെയ്തു. ബേഡഡുക്ക പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. മാധവന്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.രമണി, ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലന്‍, പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ടി. വരദരാജ്, ലത ഗോപി, വസന്തകുമാരി, കുടുംബശ്രീ ജില്ല മിഷന്‍ എ.ഡി.എം.സി. സി.എച്ച്.ഇക്ബാല്‍, അഡ്വ. സി. രാമചന്ദ്രന്‍, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഇ. പത്മാവതി, എം. അനന്തന്‍, ഇ. കുഞ്ഞിരാമന്‍, കെ. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സൻ എം. ഗുലാബി സ്വാഗതവും ശിവന്‍ ചൂരിക്കോട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.