ലൈബ്രറി കൗൺസിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്തു; പുസ്തകങ്ങൾ ചില്ലലമാരകളിൽനിന്ന് ജനമനസ്സിലേക്ക് ഇറങ്ങിവരണം -മുഖ്യമന്ത്രി
text_fieldsകാസർകോട്: പുസ്തകങ്ങൾ ചില്ലലമാരകളിൽനിന്ന് ജനമനസ്സുകളിലേക്ക് ഇറങ്ങിവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗ്രന്ഥശാലാസംഘത്തിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിലെ സെക്രട്ടറിമാർക്കും ലൈബ്രേറിയൻമാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാനഗർ ഉദയഗിരിയിൽ കേരള ലൈബ്രറി കൗൺസിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻഷുറൻസ് പരിരക്ഷയിൽ 15,000 പേരാണ് ഗുണഭോക്താക്കളാവുക. സംസ്ഥാനത്തെ 10,000 ലൈബ്രറികളാണ് ഗ്രന്ഥശാലാസംഘത്തിൽ അഫിലിയേറ്റ് ചെയ്തത്.
വായിക്കുന്ന മനുഷ്യൻ ചിന്തിക്കുന്നവനാകും, ചിന്തിക്കുന്നവർ ലോകത്തെ കൂടുതൽ സുന്ദരമാക്കാൻ ശ്രമിക്കും. വായന മരിക്കുകയല്ല. മറിച്ച്, വായന മാറുകയാണ് ചെയ്യുന്നത്. ഇക്കാലത്ത് നമുക്ക് വായിക്കേണ്ടത് ഒറ്റ ക്ലിക്കിൽ മൊബൈലിൽ ലഭ്യമാകും. ഇങ്ങനെയുള്ള മാറ്റത്തിനനുസരിച്ച് ഗ്രന്ഥശാലാപ്രസ്ഥാനവും മാറണം.
ലൈബ്രറികൾ കേവലം പുസ്തകങ്ങളുടെ സൂക്ഷിപ്പ്, വിതരണകേന്ദ്രങ്ങൾ മാത്രമല്ല, ഒരു സർവകലാശാലയുടെ കർത്തവ്യം കൂടി അവക്കുണ്ട്. ലോകത്തിന് മുന്നിൽ ഇന്ത്യക്ക് ഉയർത്തിക്കാട്ടാവുന്ന ഒന്നാണ് കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പ്രവർത്തിക്കാൻ പുസ്തകങ്ങൾ നൽകുന്ന വെളിച്ചം പടവാളാകട്ടേയെന്നും അദ്ദേഹം പറഞ്ഞു.
വായന വളർത്തുന്നതോടൊപ്പം സാമൂഹികപ്രതിബദ്ധതയും പുലർത്തുന്ന ഗ്രന്ഥശാലാസംഘം കോവിഡ് കാലത്തും പ്രളയകാലത്തുമായി 4.5 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നു. മുണ്ടക്കൈയിലും ചൂരൽമലയിലും ദുരന്തമുണ്ടായപ്പോൾ 14 വീടുകളും ഒരു ലൈബ്രറിയും നിർമിച്ചുനൽകുമെന്ന് അറിയിക്കുകയും ഒരു കോടി രൂപ കൈമാറുകയും ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഗ്രന്ഥാലോകം ചീഫ് എഡിറ്റര്‍ പി.വി.കെ. പനയാല്‍ ആമുഖ പ്രഭാഷണം നടത്തി. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി. കുഞ്ഞിരാമന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എം.എല്‍.എമാരായ സി.എച്ച്. കുഞ്ഞമ്പു, എം. രാജഗോപാലന്‍, എ.കെ.എം. അഷ്റഫ്, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. വിജയന്, ജോ. സെക്രട്ടറി മനയത്ത് ചന്ദ്രന്, രതീഷ് കുമാർ, അഡ്വ. പി. അപ്പുക്കുട്ടൻ, അബ്ബാസ് ബീഗം, സി.എ. ഷൈമ, ഹബീബ് ചെട്ടുംകുഴി, സുധ അഴീക്കോടന്‍, എം.വി. ബാലകൃഷ്ണൻ എന്നിവര്‍ സംസാരിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ. മധു സ്വാഗതവും ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. പ്രഭാകരന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.