ലൈഫ് വീടുകൾ സാമൂഹികവിരുദ്ധരുടെ താവളമാകുന്നു
text_fieldsബദിയടുക്ക: ഏണിയാർപ്പിലെ ലൈഫ് വീടുകളിൽ സാമൂഹിക വിരുദ്ധരുടെ ‘ജീവിതം’ സുഖപ്രദം. ബദിയടുക്ക പഞ്ചായത്തിലെ ഏണിയർപ്പ് ലൈഫ് ഹൗസ് വില്ലയിലാണ് സാമൂഹികവിരുദ്ധർ താമസക്കാർക്ക് ഭീഷണി ഉയർത്തുന്നത്. പുറത്തുനിന്ന് വരുന്ന കഞ്ചാവ് മാഫിയ സംഘം ലൈഫ് ഹൗസ് വില്ലയിൽ വിലസുകയാണ്. ഇത്തരക്കാരുടെ ഭീഷണി ഭയന്ന് രേഖാമൂലം പരാതി പറയാൻ ആരും രംഗത്തുവരാത്തതാണ് അഴിഞ്ഞാട്ടക്കാർക്ക് സൗകര്യമായി മാറിയിട്ടുള്ളത്.
‘ഈ സ്ഥിതി ഗുരുതരമാണ്. സ്വന്തം മക്കളെ വീട്ടിലാക്കിയിട്ട് പോകാൻ പറ്റാത്ത അവസ്ഥയാണെന്ന് ഇവിടെ താമസിക്കുന്ന മറ്റ് കുടുംബങ്ങൾ പറയുന്നു. സീറോ ലാൻഡ് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് സെന്റ് വീതം സ്ഥലം, വീട് നിർമിക്കാനാണ് ബദിയടുക്ക പഞ്ചായത്തിലെ ബേള വില്ലേജിൽ നൽകിയത്. സ്വന്തമായി സ്ഥലം ഉള്ളവർ വില്ലേജിൽ നിന്നും ഭൂമി രഹിത സർട്ടിഫിക്കറ്റ് നൽകി സർക്കാർ സ്ഥലം സ്വന്തമാക്കുകയായിരുന്നു. ഇവർ പിന്നിട് ലൈഫ് പദ്ധതിയിലും അപേക്ഷ നൽകി. ഇവർക്കും വീട് നിർമാണത്തിന് സർക്കാറിന്റെ പണം ലഭിച്ചു.
അങ്ങനെയാണ് ആൾതാമസമില്ലാത്ത ലൈഫ് ഭവനങ്ങൾ ഉണ്ടായതും അനാശാസ്വത്തിന് സൗകര്യമായതും എന്നാണ് നാട്ടുകാർ പറയുന്നു. മധൂർ, ചെങ്കള, ബദിയടുക്ക എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള കുടുംബങ്ങളാണ് ഏണിയർപ്പിലെ ലൈഫ് പദ്ധതിയിൽ ഉൾപെട്ടത്. അർഹതപ്പെട്ട 48 കുടുംബങ്ങൾ താമസിച്ചുവരുന്നു. ഇതിൽ ആറ് വീടുകൾ ബ്ലോക്ക് പഞ്ചായത്ത് വക ലഭിച്ചതും ബാക്കിവരുന്ന വീടുകൾ ലൈഫ് ഭവൻ പദ്ധതിയിൽ ലഭിച്ച വീടുകളുമാണ്. ഇതിനു പുറമെ 25ഓളം വീടുകൾ നിർമാണം കഴിഞ്ഞ് വാടകക്ക് കൊടുത്തവരുമുണ്ട്. ഒഴിഞ്ഞുകിടക്കുന്ന വീടുകളിലാണ് സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. സ്വന്തമായി സ്ഥലവും വീടും ഇല്ലാതെ നിർധന കുടുംബങ്ങൾ ഭൂമിക്കായി നൽകിയ അപേക്ഷകൾ വില്ലേജുകളിൽ കെട്ടിക്കിടക്കുന്നു. വീടിനായി ലൈഫ് ലിസ്റ്റിൽ അപേക്ഷ നൽകി കാത്തുനിൽക്കുന്നവരെ കാണാതെയാണ് സർക്കാർ സംവിധാനങ്ങൾ നീങ്ങുന്നതെന്നാണ് നാട്ടുകാരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.