പുതുവത്സരത്തില്‍ 10,000 വീടുകള്‍ പൂര്‍ത്തീകരിച്ച് ലൈഫ് മിഷന്
text_fieldsകാസർകോട്: ലൈഫ് മിഷന് പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 10,000 കുടുംബങ്ങളുടെ പാര്‍പ്പിട സ്വപ്നങ്ങള്‍. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി ജില്ലയില്‍ നടപ്പാക്കിവരുന്നത്. മുന്‍കാലങ്ങളില്‍ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ധനസഹായം ലഭിക്കുകയും എന്നാല്‍, ഭവന നിർമാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ നിർമാണം നിലച്ചു പോയ ഭവനങ്ങള്‍ കണ്ടെത്തി അത്തരത്തിലുള്ളവയുടെ നിർമാണം പൂര്‍ത്തീകരിക്കുന്ന പ്രവൃത്തിയാണ് ലൈഫ് മിഷന് ആദ്യഘട്ടത്തില്‍ ഏറ്റെടുത്ത് നടത്തിയത്. അത്തരത്തില്‍ ലൈഫ് ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ കണ്ടെത്തിയ 2920 ഗുണഭോക്താക്കളില്‍ 2876 വീടുകളുടെ നിർമാണം പൂര്‍ത്തീകരിച്ചു.
രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്കുള്ള ഭവന നിർമാണമാണ് നടക്കുന്നത്. ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനായി കുടുംബശ്രീയുടെ ആഭിമുഖ്യത്തിലായിരുന്നു സർവേ നടത്തിയത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ജില്ല കലക്ടര്‍ക്കും അപ്പീല്‍ നല്കാന് അവസരമുണ്ടായിരുന്നു.
ഈ പട്ടികയിൽ ഉള്‍പ്പെട്ട 3830 ഗുണഭോക്താക്കളെ അര്‍ഹരായി കണ്ടെത്തുകയും ഇവരില്‍ 3713 ഗുണഭോക്താക്കള്‍ പഞ്ചായത്തുമായി കരാറില്‍ ഏര്‍പ്പെടുകയും ഭവന നിർമാണം ആരംഭിക്കുകയും ചെയ്തു. ഇതില്‍ 3488 വീടുകളുടെ നിർമാണം പൂര്‍ത്തീകരിച്ചു.
ഭവനനിർമാണത്തിന് ഒരു ഗുണഭോക്താവിന് നാലുലക്ഷം രൂപയാണ് ധനസഹായം നല്‍കുന്നത്. വിദൂരസങ്കേതങ്ങളിലുള്ള പട്ടികവര്‍ഗ ഗുണഭോക്താവിന് ആറ് ലക്ഷം രൂപയാണ് ധനസഹായം അനുവദിക്കുന്നത്. ഗ്രാമ പഞ്ചായത്തുകളില്‍ ഭവന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് നിർമാണ വേളയില്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ 90 വിദഗ്ധ തൊഴില്‍ ദിനങ്ങള്‍ ലഭിക്കുന്നതിനും അര്‍ഹതയുണ്ട്. ഭൂരഹിത ഭവനരഹിതര്‍ക്ക് ഭൂമിയും വീടും ലഭ്യമാക്കുക എന്ന ദൗത്യമാണ് ലൈഫ് മൂന്നാം ഘട്ടത്തില്‍ ലക്ഷ്യമിട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.