നാട്ടുകാർക്ക് ‘യോഗ’മില്ല....
text_fieldsശിലാഫലകം കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫിസിൽ
നീലേശ്വരം: ജില്ലക്ക് ഏറെ പ്രതീഷ നൽകി തറക്കല്ലിട്ട കേന്ദ്രപദ്ധതി തറക്കല്ലിൽ മാത്രമൊതുങ്ങി. ഫെബ്രുവരി മൂന്നിന് ആറു വർഷം തികഞ്ഞു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ കീഴിൽ നിർമാണം ആരംഭിക്കേണ്ട കരിന്തളത്തെ കേന്ദ്ര യോഗ പ്രകൃതിചികിത്സ ഗവേഷണ കേന്ദ്രമാണ് ശിലാഫലകത്തിൽ ഒതുങ്ങിയത്.
100 കിടക്കകളോടുകൂടിയുള്ള യോഗ പ്രകൃതിചികിത്സ ആശുപത്രിയുടെ ഉദ്ഘാടന മാമാങ്കം നടത്തിയ തറക്കല്ല് പാറപ്പുറത്ത് കാടുമൂടിയും ശിലാഫലകം കിനാനൂർ കരിന്തളം പഞ്ചായത്ത് ഓഫിസിൽ പൊടിപിടിച്ചും കിടക്കുന്നു. 2019 ഫെബ്രുവരി മൂന്നിന് കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നായിക്കാണ് തറക്കല്ലിടൽ ചടങ്ങ് ഉദ്ഘാടനം ചെയ്തത്. ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ. ശൈലജയാണ് അധ്യക്ഷത വഹിച്ചത്. ഒന്നാം എൻ.ഡി.എ സർക്കാറിന്റെ കാലത്തായിരുന്നു പദ്ധതി പ്രഖ്യാപിച്ചതും തറക്കല്ലിട്ടതും.
തുടർന്ന് രണ്ടാം എൻ.ഡി.എ സർക്കാറിൽ ആയുഷ് വകുപ്പിന്റെ ചുമതല ശ്രീപദ് നായിക്കിനുതന്നെ ലഭിച്ചിട്ടും പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല. കരിന്തളം വില്ലേജിൽ റീ സർവേ നമ്പർ 89/ ഒന്നിൽപ്പെട്ട തോളേനിയിലെ 15 ഏക്കർ ഭൂമി 100 രൂപ പാട്ട നിരക്കിൽ 30 വർഷത്തേക്ക് സംസ്ഥാന സർക്കാറാണ് വിട്ടുകൊടുത്തത്.
80 കോടി രൂപ ചെലവിൽ നിർമിക്കുന്ന പദ്ധതി മൂന്നുവർഷംകൊണ്ട് പൂർത്തിയാക്കുമെന്നാണ് അന്ന് അധികൃതർ പറഞ്ഞത്. സാധാരണ യോഗ-നാചുറോപതി ചികിത്സക്ക് 2000ത്തിലധികം രൂപ ഒരു ദിവസം ചെലവഴിക്കേണ്ടിടത്ത് ഇവിടെ 500 രൂപ ചെലവിട്ടാൽ മതിയാകുമായിരുന്നു.
മാത്രമല്ല, മുൻഗണന പട്ടികയിലുള്ളവർക്ക് സൗജന്യ ചികിത്സയുമാണ്. രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഈ വിഷയം പാർലമെന്റിൽ ഉന്നയിച്ചിട്ടും കേന്ദ്രസർക്കാർ ഒരുനടപടിയും സ്വീകരിച്ചില്ല. പ്രഖ്യാപനങ്ങളിലൊതുങ്ങുന്ന ഇത്തരം പദ്ധതികൾ നഷ്ടമാകുമ്പോൾ പ്രതികരിക്കേണ്ട രാഷ്ടീയ നേതൃത്വം വേണ്ടപോലെ ഇടപെട്ടുകാണുന്നുമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.