ഉറച്ച കോട്ടയെ ഇളക്കാനും ഉറപ്പിക്കാനും തന്ത്രങ്ങൾ
text_fieldsകാഞ്ഞങ്ങാട്: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ തെല്ലൊന്ന് ആടിയുലഞ്ഞതാണ് കാഞ്ഞങ്ങാട് മണ്ഡലം. കാൽ ലക്ഷത്തിന് മുകളിൽ നിയമസഭാ ഭൂരിപക്ഷം ലഭിച്ച മണ്ഡലം ലോക്സഭയിൽ എൽ.ഡി.എഫിന് നൽകിയ ലീഡ് രണ്ടായിരത്തിൽപരം. ഉദുമ പാടേ മറിഞ്ഞതിനാൽ തെല്ലൊരാശ്വാസം. ഭൂരിപക്ഷം നന്നേ കുറഞ്ഞെങ്കിലും ഇടതിനോടുള്ള ആഭിമുഖ്യം മണ്ഡലം നിലനിർത്തി. കെ.പി. സതീഷ് ചന്ദ്രനെന്ന മികച്ച സ്ഥാനാർഥി കാഞ്ഞങ്ങാട് മണ്ഡലത്തിൽ ഇടതുമുന്നണിക്ക് ഗുണം ചെയ്തിട്ടുണ്ടായിരുന്നു.
എല്ലായ്പോഴും ഇടതിനെ പിന്തുണച്ച മണ്ഡലമാണ് കാഞ്ഞങ്ങാട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 27,139ന്റെ ഭൂരിപക്ഷത്തിലാണ് മണ്ഡലം എൽ.ഡി.എഫ് നിലനിർത്തിയത്. രാജ്മോഹൻ ഉണ്ണിത്താൻ ലോക്സഭയിലേക്ക് വിജയിച്ച 2019ലെ തെരഞ്ഞെടുപ്പിൽ 2221 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഇടതുമുന്നണിക്കുണ്ടായതെങ്കിൽ നിയമസഭ തെരഞ്ഞെടുപ്പിൽ പഴയ ഭൂരിപക്ഷം തിരിച്ചുപിടിച്ച ആശ്വാസത്തിലാണ് ഇത്തവണ വോട്ടെടുപ്പിനെ നേരിടുന്നത്. ഒരു നഗരസഭയും ഏഴു പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് കാഞ്ഞങ്ങാട് മണ്ഡലം. നഗരസഭയടക്കം ആറു തദ്ദേശ സ്ഥാപനങ്ങളിലും ഭരണത്തിലുള്ളത് ഇടതുമുന്നണിയാണ്.
പെരിയ ഇരട്ടക്കൊലയും രാഹുൽ ഗാന്ധി തരംഗവും ഒരുപരിധിവരെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ പ്രതിഫലിച്ചതാണ് ഇടതിന്റെ ഭൂരിപക്ഷം കുത്തനെ ഇടിച്ചത്. ഇടതുകോട്ടയാണെങ്കിലും യു.ഡി.എഫിനൊപ്പംനിന്ന ചരിത്രവും മണ്ഡലത്തിനുണ്ട്. 2011ലാണ് കാഞ്ഞങ്ങാട് മണ്ഡലം നിലവിൽ വന്നത്. മുമ്പ് 1957 മുതൽ 2011വരെ ഹോസ്ദുർഗ് മണ്ഡലം എന്നറിയപ്പെട്ടിരുന്നു.
1957ൽ സോഷ്യലിസ്റ്റ് നേതാവ് കെ. ചന്ദ്രശേഖരനാണ് മണ്ഡലത്തിലെ പ്രഥമ എം.എൽ.എ. ’57ലെ തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ കെ. മാധവനെയായിരുന്നു അദ്ദേഹം തോൽപിച്ചത്. 1960ൽ നടന്ന തെരഞ്ഞെടുപ്പിലും ചന്ദ്രശേഖരനുതന്നെ വിജയം. രണ്ടാമൂഴത്തിൽ അദ്ദേഹം റവന്യൂ-നിയമ മന്ത്രിയായി. 1965ലും 67ലും 70ലും സോഷ്യലിസ്റ്റ് നേതാവ് എൻ.കെ. ബാലകൃഷ്ണൻ എം.എൽ.എ ആയി. മൂന്നാമൂഴത്തിൽ ബാലകൃഷ്ണൻ ആരോഗ്യമന്ത്രിയായി. 1977 മുതൽ ഹോസ്ദുർഗ് സംവരണ മണ്ഡലമായി. സംവരണമായ ആദ്യ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലും സി.പി.ഐയിലെ കെ.ടി. കുമാരൻ വിജയിച്ചു. എന്നാൽ, 1987ൽ കാഞ്ഞങ്ങാട് മണ്ഡലം യു.ഡി.എഫിനൊപ്പം നിന്നതും കണ്ടു. 89 വോട്ടിന് കോൺഗ്രസിലെ എൻ. മനോഹരനാണ് വിജയിച്ചത്.
1991ലും 96ലും സി.പി.ഐയിലെ എം. നാരായണനും പിന്നീട് സഹോദരൻ എം. കുമാരനും 2006ലെ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ പള്ളിപ്രം ബാലനും വിജയിച്ചു. ജനറൽ സീറ്റായതിനൊപ്പം ഹോസ്ദുർഗിന്റെ പേര് കാഞ്ഞങ്ങാട് എന്നായി. 2011, 2016, 2021 വർഷങ്ങളിലെ തെരഞ്ഞെടുപ്പിൽ സി.പി.ഐ നേതാവ് ഇ. ചന്ദ്രശേഖരൻ വിജയിച്ചു. 2016ൽ നിയമസഭയിലെത്തിയ ചന്ദ്രശേഖരൻ റവന്യു മന്ത്രിയായി. 2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 26,011 വോട്ടിന്റെയും 2021ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 27,139 വോട്ടിന്റെയും ഭൂരിപക്ഷമാണ് ഇടതുമുന്നണിക്ക് കിട്ടിയത്. മണ്ഡലം എൽ.ഡി.എഫിന് ഒപ്പം നിൽക്കുമ്പോഴും മണ്ഡലത്തിെൻറ മലയോരങ്ങളിൽ കോൺഗ്രസിന് ഉറച്ച വോട്ടുബലമുണ്ട്. തീരദേശങ്ങളിലെ മുസ്ലിം ലീഗ് വോട്ടും ന്യൂനപക്ഷ വോട്ടിന്റെ പിൻബലവും യു.ഡി.എഫിനുണ്ട്. രാജ്മോഹൻ ഉണ്ണിത്താനെന്ന കരുത്തനായ സ്ഥാനാർഥിയും കഴിഞ്ഞ അഞ്ചു വർഷത്തിനിടയിലും മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് കാഞ്ഞങ്ങാട് മണ്ഡലത്തിൽ സജീവ സാന്നിധ്യമറിയിച്ചതും തുണയാകുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടൽ. 2,221 എന്ന എൽ.ഡി.എഫ് ഭൂരിപക്ഷം ഇത്തവണ മറികടക്കാനാകുമെന്നും യു.ഡി.എഫ് ഭൂരിപക്ഷ മണ്ഡലമായി കാഞ്ഞങ്ങാട് മാറുമെന്നുമാണ് യു.ഡി.എഫ് പ്രതീക്ഷ. ബി.ജെ.പി വോട്ടുനില പിന്നോട്ടുപോകുമെന്നാണ് ഇരുമുന്നണിയും കരുതുന്നത്. മണ്ഡലത്തിലെ വികസനവും അടിസ്ഥാന പ്രശ്നങ്ങളും വലിയ ചർച്ചകളല്ലാത്ത കാഞ്ഞങ്ങാട് കേന്ദ്ര, സംസ്ഥാനഭരണം സംബന്ധിച്ച് പ്രധാന ചർച്ചാവിഷയമാണ്.
കാഞ്ഞങ്ങാട് മണ്ഡലം ഒറ്റനോട്ടത്തിൽ
2019ലെ ലോക്സഭ വോട്ടുനില
- രാജ്മോഹൻ ഉണ്ണിത്താൻ (യു.ഡി.എഫ്) -72,570
- കെ.പി. സതീഷ് ചന്ദ്രൻ (എൽ.ഡി.എഫ്) -74,791
- രവീശതന്ത്രി കുണ്ടാർ (എൻ.ഡി.എ) -20,046
- എൽ.ഡി.എഫ് ഭൂരിപക്ഷം -2221
2021 നിയമസഭ തെരഞ്ഞെടുപ്പ്
- എൽ.ഡി.എഫ്-84,615
- യു.ഡി.എഫ്-57,476
- എൻ.ഡി.എ-21,570
- ഭൂരിപക്ഷം (എൽ.ഡി.എഫ്) 27,139
തദ്ദേശസ്ഥാപന ഭരണം
- കാഞ്ഞങ്ങാട് നഗരസഭ-എൽ.ഡി.എഫ്
- അജാനൂർ-എൽ.ഡി.എഫ്
- മടിക്കൈ-എൽ.ഡി.എഫ്
- കോടോം-ബേളൂർ-എൽ.ഡി.എഫ്
- പനത്തടി-എൽ.ഡി.എഫ്
- കിനാനൂർ-കരിന്തളം-എൽ.ഡി.എഫ്
- കള്ളാർ-യു.ഡി.എഫ്
- ബളാൽ-യു.ഡി.എഫ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.