പ്രചാരണച്ചൂടിൽ മുന്നേറി കാസർകോട്ടെ സ്ഥാനാർഥികൾ
text_fieldsകാസർകോട്: കടുത്ത വേനലിനെ അവഗണിച്ച് പ്രചാരണരംഗത്ത് മുന്നേറുകയാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്. കാസര്‍കോട്ട് വിവിധ പ്രദേശങ്ങളില്‍ പ്രചാരണം നടത്തിയ ഉണ്ണിത്താന് ആരാധനാലയങ്ങളും മുന്‍കാല പൗരപ്രമുഖരുടെയും നേതാക്കളുടെയും ഭവനങ്ങളും സന്ദര്‍ശിച്ചു.
രാവിലെ ബേള ക്രിസ്ത്യന്‍ ചര്‍ച്ചില്‍ സന്ദര്‍ശനം നടത്തിയശേഷം ജീവകാരുണ്യ പ്രവര്ത്തകന് സായിറാം ഭട്ടിന്റെ വീട് സന്ദര്‍ശിച്ചു. മാന്യ കൊറഗ ക്ഷേത്രം, അഗല്‍പാടി ക്ഷേത്രം, മൂക്കംപാറ ചര്‍ച്ച് എന്നിവ സന്ദര്‍ശിക്കുകയും കന്നട സാഹിത്യകാരന് കയ്യാര്‍ കിഞ്ഞണ്ണ റൈയുടെ കുടുംബാംഗങ്ങളെ കണ്ട് അനുഗ്രഹം തേടുകയും ചെയ്തു. തുടര്‍ന്ന് കാസര്‍കോട് പ്രസ് ക്ലബ് മുഖാമുഖം പരിപാടിയിലും പങ്കെടുത്തു.
അതേസമയം, എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണന് ഊഷ്മള വരവേൽപ് നൽകി ചെർക്കള ദിനേശ് ബീഡി കമ്പനി തൊഴിലാളികൾ. ബീഡിത്തൊഴിലാളികളെ സന്ദർശിച്ചാണ് ബുധനാഴ്ച രാവിലെ അദ്ദേഹം പര്യടനം തുടങ്ങിയത്. ചെങ്കള ഇ.കെ. നായനാർ സഹകരണാശുപത്രിയിലും നായന്മാർമൂലയിലെ ഹുണ്ടായ്, സുസുക്കി, കെ.വി.ആർ കാർ ഷോറൂമുകളിലുമെത്തി. വിദ്യാനഗറിലെ എ.ബി.സി ഷോപ്പിലും കാസർകോട് നഗരത്തിലെ കല്യാൺ സിൽക്സിലുമെത്തി വോട്ടഭ്യർഥിച്ചു. തുടർന്ന് കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജിലേക്ക്. പിന്നീട് പെരിയ പോളിടെക്നിക് കോളജിലെത്തി അധ്യാപകരെയും വിദ്യാർഥികളെയും ജീവനക്കാരെയും കണ്ടു. ആദൂർ, ബെള്ളൂർ, കുമ്പഡാജെ, അഗൽപാടി ദുർഗാപരമേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലും സ്ഥാനാർഥിയെത്തി.
എൽ.ഡി.എഫ് നേതാക്കളായ സിജി മാത്യു, കെ.എ. മുഹമ്മദ് ഹനീഫ, ടി.കെ. രാജൻ, ടി.എം.എ. കരീം, കെ. രവീന്ദ്രൻ, കെ. ശങ്കരൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. എന്നാൽ, എൻ.ഡി.എ സ്ഥാനാർഥി രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്താണ് തുടക്കംകുറിച്ചത്. തുടർന്ന് ബി.എം.എസ് ഓഫിസ് സന്ദർശിച്ചു. പ്രസ് ഫോറം സംഘടിപ്പിച്ച വോട്ടങ്കം 2024 പരിപാടിയിലും പങ്കെടുത്ത സ്ഥാനാർഥി ആനന്ദാശ്രമം, മാവുങ്കാൽ കൈത്തറി, കാംപ്കോ സൊസൈറ്റി, വ്യാപാര സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.