‘കൈ’യെത്തും ദൂരത്തെ വിജയം
text_fieldsകാസർകോട്: കാസർകോട് മണ്ഡലത്തിലെ ഉണ്ണിത്താന്റെ വിജയം യു.ഡി.എഫ് കേന്ദ്രങ്ങളിലുണ്ടാക്കിയത് പുത്തനുണർവാണ്. രാഹുൽ ഇഫക്ടും ശബരിമലയും കല്യോട്ടെ കൊലപാതകവും കഴിഞ്ഞ പ്രാവശ്യം വോട്ടായി യു.ഡി.എഫിനെ തുണച്ചെങ്കിലും ഇപ്രാവശ്യം അങ്ങനെ പറയത്തക്ക കാരണങ്ങളൊന്നും എൽ.ഡി.എഫിന് ആശങ്കയായി ഉണ്ടായിരുന്നില്ല. എന്നാൽ, ഫലം പുറത്തുവന്നപ്പോൾ സംസ്ഥാനമാകെ പടർന്ന ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷം കൈവിടാത്തതും മണ്ഡലത്തിലും പ്രതിഫലിച്ചു.
മഞ്ചേശ്വരം, കാസർകോട്, കാഞ്ഞങ്ങാട്, ഉദുമ, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശ്ശേരി എന്നീ നിയസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് കാസർകോട് ലോക്സഭ മണ്ഡലം. കാസർകോട് നിയമസഭ മണ്ഡലം നിലവിൽ വന്ന 1957ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചത് കോൺഗ്രസിലെ സി. കുഞ്ഞികൃഷ്ണൻ നായരും. 2021ൽ കേരള നിയമസഭയിലേക്ക് എൻ.എ. നെല്ലിക്കുന്ന് വേഗത്തിൽ നടന്നുകയറാൻ ഇടയാക്കിയത് കാസർകോട് നിയമസഭ മണ്ഡലത്തിന്റെ യു.ഡി.എഫ് വോട്ടാണ്. അന്ന് അദ്ദേഹം നേടിയത് 63,296 വോട്ടാണ്. എന്നും മുഖ്യ എതിരാളിയാകുന്നത് ബി.ജെ.പിയും. കെ. ശ്രീകാന്താണ് അന്ന് മത്സരിച്ചത്. 50,395 വോട്ട് നേടി അവരുടെ ആധിപത്യം തെളിയിച്ചതും നമുക്ക് കാണാം. ഇവിടെ എൽ.ഡി.എഫ് ദുർബലമാണെന്ന് പറയുന്നതിന് തടസ്സമില്ല. അവർക്ക് കിട്ടിയത് 28,323 വോട്ടാണ്. അന്ന് മത്സരിച്ചത് ഐ.എൻ.എല്ലിലെ എം.എ. ലത്തീഫും. പത്തായിരത്തോളം വോട്ടിന്റെ മാത്രം കുറവിലാണ് ബി.ജെ.പി എപ്പോഴും വന്നിരിക്കുന്നതെന്ന് കണക്കിൽ കാണാം. 2011ഉം 2016ഉം ഉദാഹരണമായുണ്ട്.
മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളും ഭരിക്കുന്നത് യു.ഡി.എഫാണ്. മൂന്നു പഞ്ചായത്തുകളുടെ ഭരണം ബി.ജെ.പിയുടെ കൈയിലും. എൽ.ഡി.എഫിന് ഒരു പഞ്ചായത്തിൽ പോലും ഭരണമില്ലെന്ന പ്രത്യേകതയും ഈ മണ്ഡലത്തിനുണ്ട്.
ഉണ്ണിത്താന്റെ വിജയയാത്ര
കാഞ്ഞങ്ങാട്, ഉദുമ, തൃക്കരിപ്പൂർ, മഞ്ചേശ്വരം നിയമസഭ മണ്ഡലങ്ങളിൽ യു.ഡി.എഫ് മേൽകൈ നേടി. തൃക്കരിപ്പൂർ മണ്ഡലത്തിലെ 2,03,556 വോട്ടർമാരിൽ 1,60,460 പേരാണ് വോട്ട് ചെയ്തത്. മണ്ഡല രൂപവത്കരണം മുതൽ ഇടതു മുന്നണിയെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് തൃക്കരിപ്പൂരിന്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലാണ് എൽ.ഡി.എഫ് ഏറ്റവും കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷം, 1899 മണ്ഡലത്തിൽ നേടിയത്.
78.03 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ് നില. കാസർകോട്ടും മഞ്ചേശ്വരത്തും ബി.ജെ.പി രണ്ടാം സ്ഥാനത്താണ്. ഇവിടെ എൽ.ഡി.എഫ് വോട്ടിൽ വലിയ കുറവുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗത്തിലും കൈവിടാതിരുന്ന കാഞ്ഞങ്ങാട് മണ്ഡലവും ഇക്കുറി എൽ.ഡി.എഫിനെ കൈവിട്ടു. ഉദുമ മണ്ഡലത്തിൽ എട്ടു പഞ്ചായത്തുകളിൽ രണ്ടെണ്ണം ഒഴികെ മറ്റ് ആറു പഞ്ചായത്തുകളും എൽ.ഡി.എഫ് ആണ് ഭരിക്കുന്നത്.
1977ല്‍ രൂപംകൊണ്ട ഉദുമ നിയോജകമണ്ഡലത്തില്‍ നിലവില്‍ ചെമ്മനാട്, മുളിയാര്‍, ദേലംപാടി, ഉദുമ, പള്ളിക്കര, ബേഡഡുക്ക, പുല്ലൂര്‍-പെരിയ, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളാണ് ഉള്‍പ്പെടുന്നത്. ഇതിൽ ഉദുമ, പുല്ലൂർ പെരിയ പഞ്ചായത്തുകൾ ഇടത്തോട്ടും വലത്തോട്ടും മാറിമാറി ഭരണം കൈയാളുന്ന അവസ്ഥയാണ്. കളനാട്, തെക്കില്‍, മുളിയാര്‍, ദേലംപാടി, അഡൂര്‍, ബാര, ഉദുമ, പള്ളിക്കര-രണ്ട്, പനയാല്‍, പള്ളിക്കര, മുന്നാട്, ബേഡഡുക്ക, കൊളത്തൂര്‍, പെരിയ, പുല്ലൂര്‍, ബന്തടുക്ക, കരിവേടകം, കുറ്റിക്കോല്‍ എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് ഉദുമ മണ്ഡലം. 198 ബൂത്തുകളാണ് ഈ മണ്ഡലത്തിലുള്ളത്.
2011ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ ആകെ 1,73,441 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ 83,832 പുരുഷന്മാരും 89,609 സ്ത്രീകളുമായിരുന്നു. ഇതില്‍ 1,28,313 പേരാണ് വോട്ട് ചെയ്തത്. 73.98 ശതമാനമായിരുന്നു പോളിങ്.
2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 80.16 ശതമാനമായിരുന്നു ഉദുമ മണ്ഡലത്തിലെ പോളിങ്. 97,117 പുരുഷന്മാരും 1,02,712 സ്ത്രീകളുമുള്‍പ്പെടെ 1,99,829 വോട്ടര്‍മാരായിരുന്നു 2016ല്‍ മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 73,654 പുരുഷന്മാരും 86,524 സ്ത്രീകളുമുള്‍പ്പെടെ ആകെ 1,60,178 ആളുകളാണ് വോട്ട് ചെയ്തത്. ഇടതുപക്ഷത്തിന് ആഭിമുഖ്യമുള്ള മണ്ഡലമായിരുന്നു ഉദുമ.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താൻ ഉദുമയിൽ മാത്രം നേടിയത് 9000 വോട്ടിന്റെ ലീഡ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലം യു.ഡി.എഫിലേക്ക് ചാഞ്ഞതിനാൽ നിയമസഭയിൽ സി.എച്ച്. കുഞ്ഞമ്പുവിനെ മുൻനിർത്തി ജീവൻമരണ പോരാട്ടമാണ് എൽ.ഡി.എഫ് നടത്തിയത്. അതിൽ ഇടതുപക്ഷത്തിന് വിജയിക്കാനും കഴിഞ്ഞു. എന്നാൽ, ഇക്കുറിയെല്ലാം തകിടം മറിഞ്ഞു.
യു.ഡി.എഫിന് അട്ടിമറി നേട്ടം
മണ്ഡലം രൂപവത്കരിച്ചതുമുതൽ നാളിതുവരെ ഇടതുമുന്നണിക്ക് മേൽക്കൈ നൽകിയ തൃക്കരിപ്പൂർ മണ്ഡലത്തിൽ ഇക്കുറി യു.ഡി.എഫിന് അട്ടിമറി നേട്ടം. 10,448 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ണിത്താൻ തൃക്കരിപ്പൂരിൽനിന്ന് പെട്ടിയിലാക്കിയത്. പ്രചാരണത്തിനിടെ തന്റെ ഭൂരിപക്ഷം ലക്ഷമായി ഉയർത്തുമെന്ന് ഉണ്ണിത്താൻ പ്രവർത്തകരോട് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചിരുന്നില്ല.
യു.ഡി.എഫ് തൃക്കരിപ്പൂരിൽ 75,643 വോട്ടാണ് നേടിയത്. ഇടതുമുന്നണിക്ക് കിട്ടിയത് 65,195 വോട്ടാണ്. എൻ.ഡി.എ ആകട്ടെ അവരുടെ വോട്ട് ഇരട്ടിയാക്കി. 2019ൽ 8652 വോട്ടുകൊണ്ട് തൃപ്തിപ്പെട്ട അവർക്ക് ഇക്കുറി 17,085 വോട്ടുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് 1899 വോട്ടിന് ലീഡ് ചെയ്ത മണ്ഡലം കൂടിയാണ് തൃക്കരിപ്പൂർ. പാർട്ടി കേന്ദ്രങ്ങളിലെ ഉയർന്ന വോട്ടുശതമാനം വിശകലനംചെയ്ത് വലിയ പ്രതീക്ഷയിലിരിക്കെയാണ് എൽ.ഡി.എഫ് മണ്ഡലത്തിൽ കനത്ത തിരിച്ചടി നേടിയത്. ഇതെങ്ങനെ സംഭവിച്ചു എന്നത് ഇനിയുള്ള ദിവസങ്ങളിൽ ചൂടേറിയ ചർച്ചകൾക്ക് വഴിതുറക്കും. പാർട്ടി കേന്ദ്രങ്ങളിൽ ഉൾപ്പെടെ പോൾ ചെയ്ത വോട്ടുകൾ അവർക്ക് കിട്ടിയില്ല എന്നിടത്താണ് ഇതിനെ യു.ഡി.എഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. നേരത്തെ നീലേശ്വരം ദ്വയാംഗ മണ്ഡലത്തിന്റെ ഭാഗമായിരുന്ന മണ്ഡലം 1977ല്‍ വേർപെടുത്തുകയായിരുന്നു. തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ്, പിലിക്കോട്, ചെറുവത്തൂര്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തുകളും നീലേശ്വരം നഗരസഭയുമാണ് തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഉൾപ്പെടുന്നത്. മണ്ഡലം രൂപവത്കരിച്ചതിനുശേഷം നടന്ന 11 തെരഞ്ഞെടുപ്പിലും നിയമസഭയില്‍ തൃക്കരിപ്പൂരിനെ പ്രതിനിധാനംചെയ്തത് ഇടതുമുന്നണിയാണ്. പുതിയ സാഹചര്യത്തിൽ ആഞ്ഞുപിടിച്ചാൽ തൃക്കരിപ്പൂരും പോരും എന്നുള്ള ആത്മവിശ്വാസമാണ് യു.ഡിഎഫ് കേന്ദ്രങ്ങൾ വെച്ചുപുലർത്തുന്നത്.
മണ്ഡലത്തിന്റെ അതിരുകള്‍ മാറിമറിഞ്ഞിട്ടും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിയുടെ ശരാശരി ഭൂരിപക്ഷം 13,317 ആയിരുന്നു. ഇതാണ് ഇപ്പോൾ അട്ടി മറിഞ്ഞത്. 1977ല്‍ പി. കരുണാകരന്റെ പേരിലാണ് ഏറ്റവും കുറഞ്ഞ (6120) ഭൂരിപക്ഷം. കൂടിയത് (26,137) 2021ലെ തെരഞ്ഞെടുപ്പില്‍ എം. രാജഗോപാലൻ നേടിയതാണ്. ഇപ്രാവശ്യവും 18 ഇടതുമുന്നണി സ്വാധീന ബൂത്തുകളിൽ 90 ശതമാനത്തിന് മുകളിലായിരുന്നു പോളിങ്. അതേസമയം, 60 ശതമാനത്തിൽ താഴെ പോൾ ചെയ്ത ബൂത്തുകൾ യു.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്നായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പില്‍ വ്യത്യാസപ്പെടുന്ന മണ്ഡലത്തിലെ കണക്കുകളായിരുന്നു യു.ഡി.എഫ് പ്രതീക്ഷ.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ രാജ്മോഹൻ ഉണ്ണിത്താനെതിരെ 1899 വോട്ടുകളുടെ ഭൂരിപക്ഷമാണ് കെ.പി. സതീഷ് ചന്ദ്രന് തൃക്കരിപ്പൂരിൽനിന്ന് ലഭിച്ചത്.
‘വർഗീയ പ്രചാരണങ്ങൾക്കേറ്റ തിരിച്ചടി’
കാസർകോട്: ന്യൂനപക്ഷ പ്രദേശങ്ങളെയും അവിടത്തെ ജനങ്ങളെയും വർഗീയ പ്രചാരകരായി ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത് ജനങ്ങളെ ഭിന്നിപ്പിച്ച് വിജയിക്കാമെന്ന സി.പി.എമ്മിന്റെ വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് കനത്ത പരാജയമെന്ന് മുസ് ലിം ലീഗ്.
തുടർ ഭരണത്തിന്റെ തണലിൽ അഹങ്കാരികളായി മാറിയ പാർട്ടി നേതാക്കളുടെ വികലമായ മനോനിലയാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കണ്ടത്. ദുരിതപൂർണമായ ജീവിത സാഹചര്യത്തിലും മതസൗഹാർദവും മാനവിക ഐക്യവും മുറുകെപ്പിടിക്കുന്ന ജനങ്ങളാണ് കാസർകോട്ടുകാർ. അവർക്കിടയിൽ വർഗീയ ചേരിതിരിവുണ്ടാക്കിയവരെ ജനങ്ങൾ തന്നെ പാഠം പഠിപ്പിച്ചിരിക്കുകയാണ്. എട്ടുവർഷത്തെ ദുർഭരണത്തിന്റെ കെടുതികൾ മറക്കാൻ വർഗീയ ചേരിതിരിവുകൾക്കാവില്ലെന്ന് സി.പി.എം മനസ്സിലാക്കണമെന്ന് മുസ് ലിം ലീഗ് ജില്ല ജന. സെക്രട്ടറി അബ്ദുറഹ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.