ലോക്സഭ തെരഞ്ഞെടുപ്പ് : ഇവ ശ്രദ്ധിക്കണം
text_fieldsപരസ്യങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
- അധികാരത്തിലിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടി ഔദ്യോഗികസ്ഥാനം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കരുത്.
- കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ/ കേന്ദ്രഭരണ പ്രദേശങ്ങളിലോ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയപാര്‍ട്ടി ഔദ്യോഗികസ്ഥാനം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കരുത്. ഇത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാകും.
- പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലും പൊതുഖജനാവിന്റെ ചെലവില്‍ പരസ്യം നല്‍കുക, പാര്‍ട്ടിയുടെ സാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനായി രാഷ്ട്രീയവാര്‍ത്തകളും നേട്ടങ്ങളെക്കുറിച്ചുള്ള പ്രചാരണവും പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങളും തെരഞ്ഞെടുപ്പുകാലത്ത് ഔദ്യോഗിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുക എന്നിവ പെരുമാറ്റച്ചട്ട ലംഘന പരിധിയില്‍ വരും.
- കുടുംബാസൂത്രണം, സാമൂഹികക്ഷേമ പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് പൊതുവിവരങ്ങള്‍ നല്‍കാനോ പൊതുജനങ്ങള്‍ക്ക് പൊതുവായ സന്ദേശങ്ങള്‍ നല്‍കാനോ ഉദ്ദേശിച്ച് സര്‍ക്കാര്‍ സ്ഥാപിച്ച ഹോര്‍ഡിങ്ങുകള്‍, പരസ്യങ്ങള്‍ മുതലായവ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാം. എന്നാല്‍, ജീവിച്ചിരിക്കുന്ന ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകരുടെയോ രാഷ്ട്രീയപാര്‍ട്ടികളുടെയോ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നതും അവരുടെ ഫോട്ടോകളോ പേരോ പാര്‍ട്ടി ചിഹ്നമോ ഉള്ളതുമായ എല്ലാ ഹോര്‍ഡിങ്ങുകളും പരസ്യങ്ങളും നീക്കംചെയ്യുകയോ മറച്ചുവെക്കുകയോ വേണം.
- സ്വയം പ്രശംസിക്കുന്നതിനോ അല്ലെങ്കില്‍, ഏതെങ്കിലും രാഷ്ട്രീയനേതാവിന്റെ വ്യക്തിപരമായ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനോ വേണ്ടി പൊതുഖജനാവില്‍നിന്ന് ചെലവുകള്‍ നടത്തുകയോ അംഗീകരിക്കുകയോ ചെയ്യുന്നത്, പൊതുചെലവില്‍ വ്യക്തിഗത/പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിനിയോഗിക്കുന്നത് ചട്ടലംഘനത്തിന് തുല്യമായി കണക്കാക്കും. അത്തരം പരസ്യങ്ങളിലെ രാഷ്ട്രീയനേതാക്കളുടെ ഫോട്ടോകള്‍ നീക്കംചെയ്യുകയോ മറയ്ക്കുകയോ വേണം. പൊതുഖജനാവിന്റെ ചെലവില്‍ ഇത്തരം ഹോര്‍ഡിങ്ങുകളും പരസ്യങ്ങളും തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കുന്നത്, അത്തരം ഹോര്‍ഡിങ്ങുകളോ പരസ്യങ്ങളോ പോസ്റ്ററുകളോ തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതിക്ക് മുമ്പ് സ്ഥാപിച്ചതാണെങ്കിലും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ്.
- തെരഞ്ഞെടുപ്പുകാലത്ത് പൊതുഖജനാവില്‍നിന്ന് പണം ചെലവിട്ട് പത്രങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് മാധ്യമങ്ങളിലും രാഷ്ട്രീയവാര്‍ത്തകളും സര്‍ക്കാറിന്റെയോ ഭരണകക്ഷിയുടേയോ നേട്ടങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലൂടെ തെരഞ്ഞെടുപ്പുകാലത്ത് മാധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും പരസ്യക്കുറിപ്പുകള് നല്‍കുന്നതും മാതൃകാ പെരുമാറ്റച്ചട്ടലംഘനത്തിന്റെ പരിധിയില്‍ വരുന്നതും നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും പ്രചാരണത്തിന് ഉപയോഗിക്കരുത് -കലക്ടര്‍
കാസർകോട്: രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും മതവിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചാരണം മാതൃകാ പെരുമാറ്റച്ചട്ട ലംഘനമാണെന്നും ഇത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ല തെരഞ്ഞെടുപ്പ് ഓഫിസറും കലക്ടറുമായ കെ. ഇമ്പശേഖര്‍.
മീഡിയ സര്ട്ടിഫിക്കേഷന് ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (എം.സി.എം.സി) പ്രഥമ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എം.സി.എം.സിയുടെ ഭാഗമായി മാധ്യമ നിരീക്ഷണവും വ്യാജവാര്‍ത്തകള്‍ തടയുന്നതിനുള്ള നിരീക്ഷണവും കര്‍ശനമാക്കും.
സാമൂഹ മാധ്യമങ്ങളിലൂടെയുള്ള പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ തടയുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.
ഇലക്ട്രോണിക് മാധ്യമങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാനാര്‍ഥികളുടെ പരസ്യങ്ങള്‍ നല്‍കുന്നതിന് പ്രീ സര്ട്ടിഫിക്കേഷന് നിര്‍ബന്ധമാണെന്നും കലക്ടര്‍ പറഞ്ഞു.
പെയ്ഡ് ന്യൂസ് നിരീക്ഷണത്തിനും വിപുലമായ സംവിധാനം ജില്ലതല മീഡിയ സെന്ററിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു.യോഗത്തില്‍ എം.സി.എം.സി മെംബര്‍ സെക്രട്ടറിയും മീഡിയ, സോഷ്യല്‍ മീഡിയ നോഡല്‍ ഓഫിസറുമായ എം. മധുസൂദനന് സ്വാഗതം പറഞ്ഞു.
എം.സി.എം.സി അംഗങ്ങളായ കാസര്‍കോട് ആര്.ഡി.ഒ പി. ബിനുമോന്, ഐ.ടി മിഷന് ജില്ല പ്രോഗ്രാം മാനേജര്‍ കപില്‍ദേവ്, ജില്ല ലോ ഓഫിസര്‍ കെ. മുഹമ്മദ് കുഞ്ഞി, കോളജ് വിദ്യാഭ്യാസ വകുപ്പിലെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രഫ. വി. ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.
അച്ചടിശാലകൾ സത്യവാങ്മൂലം നൽകണം
കാസർകോട്: പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും സ്ഥാനാര്‍ഥിയോ അവരുടെ ഏജന്റുമാരോ അല്ലെങ്കില്‍, സ്ഥാനാര്‍ഥികള്‍ക്കായി മറ്റാരെങ്കിലുമോ പൊളിറ്റിക്കല്‍ പാര്‍ട്ടികളോ പോസ്റ്റര്‍, ബാനര്‍ മറ്റ് പ്രചാരണ സാമഗ്രികള്‍ എന്നിവ പ്രിന്റ് ചെയ്യാന്‍ സമീപിക്കുന്നപക്ഷം പ്രിന്റിങ് ജോലി ഏല്പിക്കുന്നവരില്നിന്ന് സത്യവാങ്മൂലം വാങ്ങി സൂക്ഷിക്കേണ്ടതും (പരിചിതരായ രണ്ടു വ്യക്തികള്‍ സാക്ഷ്യപ്പെടുത്തിയത്) പ്രിന്റ് ചെയ്യുന്ന പ്രചാരണ സാമഗ്രികളില്‍, പ്രിന്റിങ് സ്ഥാപനം, പബ്ലിഷ് ചെയ്യുന്ന ആളിന്റെ പേരും മേല്‍ വിലാസവും, കോപ്പികളുടെ എണ്ണം എന്നിവ രേഖപ്പെടുത്തണം.
കൂടാതെ അവയുടെ നാലു കോപ്പിയും സത്യവാങ്മൂലത്തിന്റെ പകര്‍പ്പും പ്രസ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ നിയമസഭ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള അസി. എക്സ്പെൻഡിച്ചര്‍ ഒബ്സര്വര്ക്കോ കാസര്‍കോട് കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എക്സ്പെൻഡിച്ചര്‍ നോഡല്‍ ഓഫിസര്‍ക്കോ മൂന്നു ദിവസത്തിനകം കൈമാറേണ്ടതുമാണ്.
അത് പാലിക്കാത്ത അച്ചടിശാലകള്‍ക്കെതിരെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുള്‍പ്പെടെ 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് എക്സ്പെൻഡിച്ചര്‍ നോഡല്‍ ഓഫിസര്‍ വി. ചന്ദ്രൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.