പോളിങ് കുറഞ്ഞതിൽ ഇടതിന്റെ ആത്മവിശ്വാസം കൂടി
text_fieldsകാസർകോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ കാസർകോട് പാർലമെന്റ് മണ്ഡലത്തിൽ പോളിങ് കുറഞ്ഞത് ഇടതിന്റെ ആത്മ വിശ്വാസം വർധിപ്പിച്ചു.
ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുമെന്ന ഭയപ്പാടിൽ കഴിഞ്ഞിരുന്ന ഇടത് ക്യാമ്പുകൾ പോളിങ് കുറവിൽ വിജയപ്രതീക്ഷ പുലർത്തുന്നു. അതേസമയം ന്യൂനപക്ഷ കേന്ദ്രങ്ങളിൽ പോളിങ് ശതമാനം വർധിച്ചത് യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നുണ്ട്.
തങ്ങൾക്ക് അനുകൂലമായി സി.എ.എ പ്രവർത്തിച്ചുവെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്. എന്നാൽ, 2019ലെ നേരിയ ഭൂരിപക്ഷം നിലനിർത്താവുന്ന പോളിങ് പോലും യു.ഡി.എഫ് കേന്ദ്രങ്ങളിൽ നിന്നുണ്ടായില്ലെന്ന് എൽ.ഡി.എഫ് വിലയിരുത്തുന്നു. വോട്ടെടുപ്പ് കഴിഞ്ഞാലെങ്കിലും പ്രവചനം സാധ്യത കൂടുന്ന പതിവ് ഇവിടെയും തെറ്റുകയാണ്. ഇരുമുന്നണികളും ആത്മവിശ്വാസത്തിലാണ്.
76.04 ശതമാനമാണ് കാസർകോട് പാർലമെന്റ് മണ്ഡലത്തിലെ അന്തിമ കണക്ക്. സ്ത്രീകൾ 78.7 ശതമാനവും പുരുഷൻമാർ 73.02ശതമാനവുമാണ്. സ്ത്രീകളാണ് കൂടുതൽ വോട്ടർമാർ എന്നതും ഗൗരവമുള്ള കാര്യമായി.
80ശതമാനത്തിന് മുകളിൽ വോട്ട് ചെയ്താൽ ഇടത് പക്ഷത്തിന് തോൽവിയാണ് പതിവ്. 2019ൽ 80.65 ആണ് പോളിങ് ശതമാനം. വൈകാരിക വിഷയത്തിൽ കുതിച്ചുയർന്ന പോളിങ് ഇടത് പക്ഷത്തിന്റെ അടിത്തറ ചോർത്തുകയായിരുന്നു.
ഇത്തവണ 75.29 ആണ് പോളിങ് എന്നത് ഇടതിന് ആത്മ വിശ്വാസം പകരുന്നു. അവരുടെ വോട്ടുകളെല്ലാം പോൾ ചെയ്യപ്പെടുന്നുവെന്ന അവകാശവാദമാണ് ഈ ധാരണക്ക് കാരണം. പൊതുവിൽ അത് ശരിയാകാറുണ്ട്.
യു.ഡി.എഫ് കേന്ദ്രങ്ങളിൽ പോളിങ് കുറഞ്ഞതാണ് പ്രധാന ചർച്ച വിഷയം. മഞ്ചേശ്വരത്ത് 2019ലെ 74.72 പോളിങ് എന്നത് 72.54 ആയി കുറഞ്ഞു.
കാസർകോട് 76.01, 71.65 ആയി കുറഞ്ഞു. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫ് മുൻതൂക്കം സൃഷ്ടിച്ച ഉദുമ 78.09, 74.55ലേക്കെത്തി. കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങൾ ശക്തമായ ഇടത് സംഘടന അടിത്തറയുള്ള മണ്ഡലങ്ങളാണ്. ഇവിടെ അവരുടെ വോട്ട് പോൾ ചെയ്യപ്പെടും.
പോളിങ് കുറഞ്ഞാൽ അത് ബാധിക്കുക യു.ഡി.എഫിനെയാണ്. കാഞ്ഞങ്ങാട് 81.01ൽ നിന്ന് 74.64 ആയി മാറി. തൃക്കരിപ്പൂരിലെ 83.12, 76.86ലേക്ക് കുറഞ്ഞു. പയ്യന്നൂർ 85.83, 80.30 ആയി മാറി. കല്യാശ്ശേരി 82.32ൽ നിന്ന് 77.48 ആയിട്ടുണ്ട്. എല്ലായിടത്തും പോളിങ് കുറഞ്ഞിട്ടുണ്ട്. 2019ലെ പോലെ ഇവിടങ്ങളിൽ പോളിങ് കുറയാൻ ഭരണവിരുദ്ധ വികാരം ഒഴികെ മറ്റൊന്നുമില്ല. എൽ.ഡി.എഫിനുള്ള ഭയം അതും സി.എ.എയുമാണ്.
കള്ളവോട്ടുകൾ ചെയ്തുവെന്ന ആരോപണം ഇടതിനെതിരെ ഉയർത്തിയത് ശരിവെച്ചാലും അവരുടെ വോട്ടായിമാറുകയാണ് പതിവ്. ഈ രീതിയിൽ പയ്യന്നൂർ കല്യാശ്ശേരി മണ്ഡലങ്ങളിൽ പോളിങ് ഇടത് പക്ഷത്തുനിന്ന് വോട്ട് ചോർച്ചയുണ്ടായില്ലെങ്കിൽ അവരുടെ മേൽക്കൈയിലാണ് അവസാനിക്കുക.
ഉദുമ, കാസർകോട്, മഞ്ചേശ്വരം എന്നിവിടങ്ങളിൽ യു.ഡി.എഫ്, ബി.ജെ.പി കേന്ദ്രങ്ങളിൽ പോളിങ് ആവേശം കുറവായിരുന്നു. പോളിങ് കുറഞ്ഞത് ഈ രണ്ട് മുന്നണികളിൽ നിന്നാകാനാണ് സാധ്യത.
ന്യൂനപക്ഷമേഖലകളിൽ വലിയ തോതിലുള്ള മുന്നേറ്റം പ്രകടമായി. യു.ഡി.എഫിന്റെ പ്രതീക്ഷ ഇവിടെയാണ്. സ്ത്രീകളുടെ വൻ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. പുരുഷന്മാരെക്കാൾ വോട്ടർമാരായത് സ്ത്രീകളാണ് എന്നതും ഈ തെരഞ്ഞെടുപ്പിൽ പ്രത്യേകതയാണ്. അതിൽ ന്യൂനപക്ഷ വിഭാഗത്തിൽപെട്ട സ്ത്രീകളുടെ നിർണായ പങ്കാളിത്തമുണ്ടാകും.
ചരിത്രപരമായ ന്യൂനപക്ഷ ഏകീകരണം എന്ന് യു.ഡി.എഫ് അവകാശപ്പെടുന്നുണ്ട്. ഈ അവകാശവാദം ശരിയാകുമ്പോൾ മാത്രമേ യു.ഡി.എഫിന് വിജയം ഭവിക്കുകയുള്ളൂ. അല്ലാത്തപക്ഷം എൽ.ഡി.എഫ് വിജയമായിരിക്കും കാസർകോട് ഉണ്ടാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.