പഠനം എളുപ്പമാക്കാൻ കവിതയുമായി മദനൻ മാഷ്
text_fieldsകാസർകോട്: പഠനം എളുപ്പമാക്കാൻ പലവിധ മാർഗങ്ങളുപയോഗിച്ച് കുട്ടികളെ ക്ലാസിലിരുത്താൻ പാടുപെടുന്ന അധ്യാപകർക്ക് മുന്നിൽ പുതിയ മാതൃക തീർത്ത് മദനൻ മാസ്റ്റർ. സോഷ്യൽ സയൻസ് കൈകാര്യം ചെയ്യുന്ന മാഷ് പാഠഭാഗവുമായി ബന്ധപ്പെട്ട് കവിത രചിച്ച് അവതരിപ്പിച്ച് എളുപ്പത്തിൽ ഹൃദിസ്ഥമാക്കാൻ സഹായിക്കുകയാണ്.
പത്താം തരം ‘സ്വാതന്ത്ര്യാനന്തര ഇന്ത്യ’ പാഠഭാഗത്തിന് ‘പലായനം’ എന്ന തന്റെ കവിത പാടിയാണ് ഇന്ത്യാവിഭജനത്തിന്റെ മുറിപ്പാടുകൾ കുട്ടികൾക്ക് പെട്ടെന്ന് മനസ്സിലാക്കാൻ സാധിച്ചത്. ഭൂമിശാസ്ത്രത്തിൽ ‘കാറ്റിന്റെ ഉറവിടം തേടി’ പാഠഭാഗത്തെ ബന്ധിപ്പിച്ച് ‘മഴമേഘമേ ’ തുടങ്ങുന്ന കവിതയും കുട്ടികൾ സ്വീകരിച്ചത് ഏറെ കൈയടിയോടെയാണ്.
‘ലോകം ഇരുപതാം നൂറ്റാണ്ടിൽ’ പഠിപ്പിക്കാൻ ‘യുദ്ധവിചാര’വും ഫലസ്തീൻ വിമോചനസമരം പഠിപ്പിക്കാൻ ‘ജോർഡൻ നദി പിന്നെയും കേഴുന്നു’ എന്ന കവിതയും ഏറെ പ്രയോജനപ്പെട്ടു. സ്വന്തമായി രചിച്ച നൂറിലധികം കവിതകളുമായാണ് ക്ലാസിലേക്ക് മാഷ് എത്തുന്നത്. ചുറ്റുവട്ടത്തെ കാഴ്ചകളും സംഭവങ്ങളും കവിതക്ക് വിഷയമാകുന്നതിനാൽ എല്ലാ വിദ്യാർഥികൾക്കും ആസ്വദിക്കാൻ കഴിയുന്നു എന്നതാണ് സന്തോഷം പകരുന്ന കാര്യമെന്ന് അദ്ദേഹം പറയുന്നു.
കഴിഞ്ഞവർഷം പാഠഭാഗങ്ങൾ ചെറു വിഡിയോകളായി അവതരിപ്പിച്ചിരുന്നു. ജി.എച്ച്.എസ്.എസ് കാസർകോടിലെ അധ്യാപകനാണ് കണ്ണൂർ മഠത്തുംഭാഗം സ്വദേശിയായ സി.കെ. മദനൻ. ഭാര്യ കെ. ലത ജി.എച്ച്.എസ്.എസ് ഉദിനൂർ ബോട്ടണി അധ്യാപികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.