അജണ്ടയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു; കാസർകോട് നഗരസഭ യോഗം ചെയർമാൻ പിരിച്ചുവിട്ടു
text_fieldsകാസർകോട്: കാസർകോട് നഗരസഭ കൗൺസിൽ യോഗത്തിൽ ആരോഗ്യ സ്ഥിരം സമിതി ചെയർമാനായ ഖാലിദ് പച്ചക്കാടിന്റെ വാർഡിൽ ലൈബ്രറിയും സാംസ്കാരിക നിലയവും സ്ഥാപിക്കാനുള്ള അജണ്ടക്ക് മുസ്ലിം ലിഗ് അംഗങ്ങൾ ഉൾപ്പെടെ ഭൂരിപക്ഷം അംഗങ്ങളും എതിരായി ബഹളം വെച്ചതോടെ നഗരസഭ ചെയർമാൻ കൗൺസിൽ യോഗം പിരിച്ചുവിട്ടു.
തുടർന്ന് 38 അംഗ നഗരസഭയിൽ 19 അംഗങ്ങൾ, അജണ്ടയിൽ വോട്ടെടുപ്പ് നടത്തണം എന്നാവശ്യപ്പെട്ട് സെക്രട്ടറിക്ക് നിവേദനം നൽകി. ബുധനാഴ്ച രാവിലെ ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിലാണ് മുസ്ലിം ലീഗ് അംഗങ്ങൾ ചേരിതിരിഞ്ഞത്.
നഗരസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട സ്ഥിതി അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുമെന്ന് കണ്ടതോടെയാണ് യോഗം പിരിച്ചുവിട്ടത്. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഖാലിദ് പച്ചക്കാടിന്റെ പതിനാറാം വാർഡിലേക്ക് വികസന പ്രവർത്തനങ്ങൾ കൂടുതൽ അനുവദിക്കുന്നുവെന്ന പരാതിയാണ് പ്രശ്നങ്ങൾക്ക് കാരണം.
ഇതുകൂടാതെ നഗരസഭ ചെയർമാനായിരുന്ന അഡ്വ. വി.എം. മുനീറിനെ ഒരുമാസം മുമ്പ് മാറ്റിയാണ് അബ്ബാസ് ബീഗത്തെ ചെയർമാനാക്കിയത്. ഈ പ്രശ്നവും കൗൺസിൽ യോഗത്തിലെ ഭിന്നതക്ക് കാരണമായി.
നേരത്തേ അണങ്കൂർ മേഖലക്ക് അനുവദിച്ച ആരോഗ്യ വെൽനസ് സെന്റർ പതിനാറാം വാർഡിലേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലൈബ്രറിക്കും ടെൻഡർ വിളിച്ചത്. ടെൻഡറിനുള്ള അനുമതി നഗരസഭ കൗൺസിൽ യോഗത്തിനു മുന്നിൽ അജണ്ടയായി വച്ചപ്പോൾ ലീഗിലെ മമ്മു ചാല, മജീദ് കൊല്ലമ്പാടി, മുഷ്താഖ് ചേരങ്കൈ എന്നിവർ എതിർത്തു. അതോടൊപ്പം ലീഗ് വിമതരായി ജയിച്ച സ്വതന്ത്ര അംഗങ്ങളായ ഹസീന നൗഷാദ്, ഷക്കീന മൊയ്തു എന്നിവരും ബി.ജെ.പിയുടെ അംഗങ്ങളും സി.പി.എമ്മിന്റെ ഏക അംഗവും പിന്തുണയുമായി എത്തി.
പ്രതിപക്ഷത്ത് 19ഉം ഭരണപക്ഷത്ത് 17ഉം ആയി. ബി.ജെ.പിയുടെ ഒരു അംഗം ഹാജരായിരുന്നില്ല. ഇവർ ചെയർമാന്റെ ചേംബറിനരികിൽ വട്ടം ചേർന്ന് ബഹളംവച്ചു. അജണ്ടയിൽ വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. ഭൂരിപക്ഷം അംഗങ്ങളും നഗരസഭ ചെയർമാനെതിരാകുന്ന അപൂർവ കാഴ്ചക്ക് നഗരസഭ കൗൺസിൽ യോഗം സാക്ഷിയായി.
അപകടം മണത്ത ചെയർമാൻ കൗൺസിൽ യോഗം പിരിച്ചുവിട്ടതായി അറിയിച്ചു. അജണ്ടയിൽ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് 19 കൗൺസിൽ അംഗങ്ങൾ ഒപ്പിട്ട കത്ത് നഗരസഭ സെക്രട്ടറിക്ക് നൽകി. ഈ കത്ത് സെക്രട്ടറി മിനുട്സിൽ ചേർക്കണം എന്നാണ് ചട്ടം.
ഭൂരിപക്ഷം നഷ്ടപ്പെട്ടു -രമേശ്
നഗരസഭയിൽ നിലവിലെ മുസ്ലിം ലീഗ് ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടതായി ബി.ജെ.പി അംഗം പി. രമേശ് പറഞ്ഞു.റവന്യൂ സ്ഥലത്ത് നേരത്തേയുണ്ടായ ചെറിയ കെട്ടിടത്തിൽ ലൈബ്രറി സ്ഥാപിച്ചുവെന്ന് വരുത്തി പണം തട്ടിയെടുക്കാനുള്ള ശ്രമത്തെയാണ് ഭൂരിപക്ഷം അംഗങ്ങൾ എതിർത്തത്.മുസ്ലിം ലീഗിലെ മൂന്ന് അംഗങ്ങൾ ഉൾപ്പെടെ 19പേരാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അപൂർവ സംഭവമാണ്.
19 പേരുടെ വിയോജിപ്പ് രേഖപ്പെടുത്തും -സെക്രട്ടറി
പതിനാറാം വാർഡിലെ ലൈബ്രറി അജണ്ടയോട് 19 പേർ വിയോജിക്കുകയും വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് നഗരസഭ മിനുട്സിൽ രേഖപ്പെടുത്തുമെന്ന് നഗരസഭ സെക്രട്ടറി ജസ്റ്റിൻ പറഞ്ഞു. അജണ്ട പാസാക്കിയിട്ടില്ല. ഈ അജണ്ടയിൽ അവർ ആവശ്യപ്പെട്ടതനുസരിച്ച് വോട്ടെടുപ്പ് വേണോയെന്ന് കൗൺസിൽ യോഗമാണ് തീരുമാനിക്കേണ്ടത്. പദ്ധതിക്ക് അംഗീകാരം നേരത്തേ നൽകിയിരുന്നു. ടെൻഡറിനാണ് അംഗീകാരം വേണ്ടത്.
ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ല -ചെയർമാൻ
നഗരസഭയിൽ മുസ്ലിം ലീഗിന് ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടില്ല എന്ന് ചെയർമാൻ അബ്ബാസ് ബീഗം പറഞ്ഞു. നേരത്തേ പദ്ധതിയെ അനുകൂലിച്ചവരാണ് ഇപ്പോൾ എതിർപ്പുമായി വരുന്നത്. മുസ്ലിംലീഗ് അംഗങ്ങളും എതിർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.