മരണത്തോട് മല്ലിട്ട യുവാവിന് വേണ്ടി നെട്ടോട്ടമോടി; ആശുപത്രി അധികൃതരുടെ നിസ്സംഗതയിൽ ജീവൻ പൊലിഞ്ഞു
text_fieldsകാഞ്ഞങ്ങാട്: രാത്രി മുഴുവൻ നെട്ടോട്ടമോടിയിട്ടും ആശുപത്രി അധികൃതരുടെ നിസ്സംഗതയിൽ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ യുവാവിന്റെ ജീവൻ രക്ഷിക്കാൻ കഴിയാത്ത സങ്കടത്തിൽ ഒരു കൂട്ടം യുവാക്കൾ. കഴിഞ്ഞ ദിവസം രാത്രി ഒമ്പത് മണിയോടെ റെയിൽവേ സ്റ്റേഷനിലെ രണ്ടു ട്രാക്കുകൾക്കിടയിലാണ് യുവാവിനെ പരിക്കേറ്റ നിലയിൽ കണ്ടത്.
ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനിൽ പൂർണ എക്സ്പ്രസ് കടന്നുപോയതിനു പിന്നാലെയാണ് യുവാവിനെ വീണുകിടക്കുന്നത് കണ്ടത്. പള്ളിക്കരയിലെ അൻവർ, ബഷീർ, പള്ളിപ്പുഴയിലെ മുനീർ, ഖമറുദ്ദീൻ, ആറങ്ങാടിയിലെ ഷംസുദ്ദീൻ, പാണത്തൂരിലെ റഹ്മാൻ എന്നിവർ യുവാവിനെ രക്ഷിക്കാൻ രാത്രി മുഴുവൻ നെട്ടോട്ടമോടി. റെയിൽ പാളത്തിനരികിൽ യുവാവ് ജീവനു വേണ്ടി പിടയുന്നതുകണ്ട് മറ്റൊന്നും ചിന്തിക്കാതെ ഇവർ യുവാവിനെയും കൊണ്ട് കോട്ടച്ചേരിയിലെ ആശുപത്രിയിലേക്ക് കുതിക്കുകയായിരുന്നു. തലക്ക് മാരക പരിക്കുണ്ടെന്ന് അറിയിച്ച ഡോക്ടർമാർ ഉടൻ വിദഗ്ധ ചികിത്സക്കായി എത്തിക്കണമെന്ന് നിർദേശിച്ചു. യുവാക്കൾ ഉടൻ ആംബുലൻസ് വിളിച്ചുവരുത്തി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് അടിയന്തര പരിശോധനക്ക് വിധേയനാക്കി. ചികിത്സച്ചെലവ് യുവാക്കൾതന്നെ വഹിച്ചു.
പിന്നീടുണ്ടായ ആശുപത്രി അധികൃതരുടെ സമീപനമാണ് ഇവരെ പ്രയാസത്തിലാക്കിയത്. കൂടെ ആളില്ലാത്തതിനാൽ പ്രവേശിപ്പിക്കാൻ കഴിയില്ലെന്ന ആശുപത്രി അധികൃതരുടെ മനുഷ്യത്വരഹിതമായ സമീപനത്തിൽ യുവാക്കൾ പകച്ചുപോയി. അത്യാവശ്യകാര്യങ്ങളെല്ലാം മാറ്റിവെച്ച് ഊരും പേരുമറിയാത്ത മനുഷ്യന്റെ ജീവന് വേണ്ടി 80 കിലോമീറ്റർ താണ്ടിയെത്തിയിട്ടും ചികിത്സ നിഷേധിക്കപ്പെട്ടത് യുവാക്കളെ പ്രയാസത്തിലാക്കി.
പിന്നീട് ഇതേ ആംബുലൻസിൽ മംഗളൂരുവിൽനിന്ന് 125 കിലോ മീറ്റർ അകലെയുള്ള പരിയാരത്തെ കണ്ണൂർ ഗവ.ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലായിരുന്നു. യാത്രക്കിടെ കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിച്ച് ഡോക്ടർ പരിശോധിച്ചപ്പോൾ മരണം സംഭവിച്ചിരുന്നു. ഡോക്ടർമാരുടെ ചോദ്യ ശരങ്ങളുണ്ടായെങ്കിലും ഒടുവിൽ ജില്ല ആശുപത്രി മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കാൻ ജില്ല ആശുപത്രിയിൽ അനുമതി ലഭിച്ചു.
ബന്ധുക്കളെത്താത്തതിനാൽ മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണിപ്പോൾ. ആംബുലൻസിനും സ്കാനിങ്ങിനുമായി നല്ലൊരു തുക വേണ്ടി വന്നപ്പോൾ പണം വീതിച്ചെടുക്കാമെന്ന തീരുമാനത്തിലായിരുന്നു യുവാക്കൾ. യുവാക്കൾ പണത്തിന് ബുദ്ധിമുട്ടുകയാണെന്ന് വിവരമറിഞ്ഞ ബി.ആർ.ഡി.സി അധികൃതർ തുക നൽകുവാൻ നല്ല മനസ്സ് കാണിക്കുകയും ചെയ്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്നതിനും മറ്റ് സഹായങ്ങൾക്കുമായി തിങ്കളാഴ്ച ഉച്ചവരെ ജില്ല ആശുപത്രി പരിസരത്ത് സമയം ചെലവഴിക്കാനും യുവാക്കൾ തയാറായി. ഒരു രാത്രി മുഴുവൻ അപരിചിതനായ മനുഷ്യന്റെ ജീവനുവേണ്ടി പാഞ്ഞിട്ടും ഫലമുണ്ടായില്ലല്ലോ എന്ന ദുഃഖത്തിലാണിവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.