ഗണിതം മനോഹരം... മഞ്ചാടി പോലെ
text_fieldsകാസർകോട്: അഞ്ചാം ക്ലാസിലെ ഭിന്നസംഖ്യ പാഠം വിദ്യാർഥികളെ ഇനി കുഴപ്പിക്കില്ല. ഗണിത പഠനം എളുപ്പത്തില്‍ മനസ്സിലാക്കിയെടുക്കാന്‍ സഹായിക്കുന്ന മഞ്ചാടി പദ്ധതിയുടെ ആദ്യഘട്ടം ജില്ലയില്‍ പൂര്‍ത്തിയാക്കി. കെ-ഡിസ്കിന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി സമഗ്രശിക്ഷ കേരളയാണ് പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാനത്ത് 101 സ്കൂളുകളില്‍ നടപ്പാക്കിയ പദ്ധതിയില്‍ ജില്ലയില്‍ നിന്ന് 11 സ്കൂളുകളാണ് ഇടംപിടിച്ചത്. ചെറുവത്തൂര്‍ ഉപജില്ലയിലെ ജി.വി.എച്ച്.എസ്.എസ് കയ്യൂര്‍, ജി.യു.പി.എസ് മുഴക്കോത്ത്, ജി.യു.പി.എസ് നാലിലാംകണ്ടം, ജി.യു.പി.എസ് പാടിക്കീല്, ജി.ഡബ്ല്യൂ.യു.പി എസ് കൊടക്കാട്, ജി.യു.പി.എസ് പിലിക്കോട്, ജി.യു.പി.എസ് ചന്തേര, എ.യു.പി.എസ് ഉദിനൂര്‍ സെന്‍ട്രല്‍, എ.യു.പി.എസ് പുത്തിലോട്ട്, ജിയുപി.എസ് ഓലാട്ട്, എ.യു.പി.എസ് ആലന്തട്ട സ്കൂളുകളില്‍ പദ്ധതിയുടെ ആദ്യഘട്ടം വിജയകരമായി നടപ്പിലാക്കി.
ആറാം ക്ലാസ് വിദ്യാർഥികളില്‍ നടത്തിയ പഠനത്തില്‍, അഞ്ചാം ക്ലാസിലെ ഭിന്നസംഖ്യ പാഠം കുഴപ്പിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മഞ്ചാടി പദ്ധതി നടപ്പിലാക്കിയത്. ആദ്യഘട്ടത്തില്‍, ഭിന്നസംഖ്യ വിദ്യാർഥികള്‍ക്ക് ഇഷ്ടപാഠമാക്കി മാറ്റാനായി തീരുമാനിക്കുകയായിരുന്നു. ഇതിനായി അധ്യാപകര്‍ക്ക് പ്രത്യേകം പരിശീലനം നല്കി. എല്ലാ സ്കൂളുകളിലും അധ്യാപക രക്ഷാകര്‍തൃ യോഗം ചേര്‍ന്നു. തുടര്‍ന്ന് പഠനം എളുപ്പമാക്കാനുള്ള പഠനകിറ്റ് വിദ്യാര്‍ഥികള്‍ക്ക് നല്കി. ഭിന്നസംഖ്യാ പാഠത്തിന്റെ അടിസ്ഥാനം ഉറപ്പാക്കി പ്രായോഗിക പരിശീലനത്തിലൂടെ ഇഷ്ട വിഷയമാക്കി മാറ്റി.
ഫെബ്രുവരിയില്‍ സംസ്ഥാന തലത്തില്‍ പദ്ധതിയുടെ വിലയിരുത്തല്‍ നടത്തിയശേഷം മറ്റ് ഗണിത പാഠങ്ങളും ഇതേ മാതൃകയില്‍ മഞ്ചാടി പദ്ധതിയിലൂടെ എല്ലാ സ്കൂളുകളിലും പഠിപ്പിക്കുന്നത് ആലോചിക്കും. പാഠപുസ്തകം മാറി വരുന്ന സാഹചര്യത്തില്‍ പദ്ധതി മികവുറ്റതാക്കാനുള്ള ആലോചനകളും നടന്നുവരികയാണ്. കെ-ഡിസ്ക് റിസോഴ്സ് ഗ്രൂപ്പ് മെംബര്‍മാരായ ഇ.കെ.ഷാജി, ഡോ.എം.അമൃത, സി. ഷേര്ണിമ എന്നിവരോടൊപ്പം ചെറുവത്തൂര്‍ ബി.ആര്.സി, അധ്യാപകര്‍ തുടങ്ങിയവരും പദ്ധതിയില്‍ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.