മംഗലാപുരം വിമാനദുരന്തം; എയർ ഇന്ത്യ ഒളിച്ചോടുന്നതായി ഇരകളുടെ ആശ്രിതർ
text_fieldsകാസർകോട്: നാടിനെ നടുക്കിയ മംഗലാപുരം വിമാന ദുരന്തം നടന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും അർഹമായ നഷ്ടപരിഹാരം നൽകാതെ എയർ ഇന്ത്യ അധികൃതർ ഒളിച്ചു കളിക്കുന്നതായി ദുരന്തബാധിതരുടെ ആശ്രിതർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. എയർഇന്ത്യ സ്വകാര്യവത്കരിച്ചെന്നും അതിനാൽ നഷ്ടപരിഹാരം നൽകാനാവില്ലെന്നുമാണ് കമ്പനിയുടെ പുതിയ നിലപാട്. ഇക്കാര്യം ചൂണ്ടിക്കാട്ടി എയർ ഇന്ത്യ അധികൃതർ ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയതായും ദുരന്തബാധിതരുടെ കുടുംബാംഗങ്ങൾ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
2010 മേയ് 22നാണ് ദുബൈയിൽനിന്ന് മംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് കമ്പനിയുടെ VT-AXVB737 വിമാനം ലാന്റിങ്ങിനിടെ റൺവേയിൽനിന്ന് തെന്നിമാറി കത്തിയമർന്നത്. യാത്രക്കാരും ജീവനക്കാരുമായ 166 ൽ 158 പേർ മരിച്ചു. എട്ടുപേർ മാത്രമാണ് രക്ഷപ്പെട്ടത്. തുച്ഛമായ തുകയാണ് ഇതിനകം നഷ്ടപരിഹാരം നൽകിയത്. അന്താരാഷ്ട്ര നിയമം അനുശാസിക്കുന്ന നഷ്ടപരിഹാരം ഇതുവരെ നൽകിയിട്ടില്ല. ഇൻഷുറൻസ് കമ്പനിയിൽനിന്ന് മുഴുവൻ തുകയും എയർ ഇന്ത്യ കൈപ്പറ്റിയ ശേഷം അത് നൽകാതെ എയർ ഇന്ത്യ എക്സ്പ്രസ്സ് മരിച്ചവരുടെ ആശ്രിതരോട് അനീതി കാണിക്കുകയാണ്.
എയർ ഇന്ത്യ എക്സ്പ്രസ് കേന്ദ്ര സർക്കാർ സ്വകാര്യവത്കരിച്ചു എന്ന സാങ്കേതിക കാരണം പറഞ്ഞ് കേരള ഹൈകോടതിയിൽ ഹരജി നൽകിയിരിക്കുകയാണ്. സ്വകാര്യവത്കരിക്കുന്നത് വരെയുള്ള മുഴുവൻ ബാധ്യതയും എയർ ഇന്ത്യക്കും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ രൂപവത്കരിച്ച ജലസ്സ് എന്ന കമ്പനിക്കും കേന്ദ്ര സർക്കാറിനുമാണ്. നിലവിലെ നിയമപ്രകാരം മരിച്ചവരുടെ ആശ്രിതർക്ക് ഏകദേശം 1.35 കോടി രൂപ നൽകേണ്ടതുണ്ട്. ഇത് ഒഴിവായിക്കിട്ടാനാണ് സ്വകാര്യവത്കരിച്ചു എന്ന കാരണം മുന്നോട്ടുവെക്കുന്നതെന്നും ഇവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ പ്രസിഡന്റ് നാരായണൻ നായർ, അഡ്വ. കെ.പി. മുഹമ്മദ് ആരിഫ്, അഡ്വ. യു.കെ. ജലീൽ പുനൂർ, എച്ച്.എം. ഹസനബ്ബ, അബ്ദുൽ സലാം, എസ്.കൃഷ്ണൻ കൂളിക്കുന്ന് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.