മലയാളി വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ നടത്തുമെന്ന് മംഗളൂരു സർവകലാശാല
text_fieldsമഞ്ചേശ്വരം: തിങ്കളാഴ്ച മുതല്‍ ആരംഭിച്ച ബിരുദ സെമസ്റ്റര്‍ പരീക്ഷകളില്‍ പങ്കെടുക്കാന്‍ കഴിയാത്ത കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരീക്ഷ നടത്താന്‍ മംഗളൂരു സർവകലാശാല തീരുമാനിച്ചു. കേരളത്തില്‍നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ഥികള്‍ യൂനിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട വിവിധ കോളജുകളില്‍ പഠിക്കുന്നുണ്ട്.
തിങ്കളാഴ്ച മുതല്‍ കാസര്‍കോടിനും മംഗളൂരുവിനും ഇടയിലുള്ള ബസുകള്‍ നിര്ത്തിെവച്ചിരിക്കുന്നതിനാല് അവരില്‍ ഭൂരിഭാഗം പേര്‍ക്കും പരീക്ഷയില്‍ പങ്കെടുക്കാനായില്ല. നിലവില്‍ കോളജുകളില്‍ എത്തിയവര്‍ക്ക് മാത്രമാണ് പരീക്ഷയെഴുതാൻ സാധിച്ചത്. അല്ലാത്തവര്‍ക്ക് കേസുകള്‍ കുറഞ്ഞുകഴിഞ്ഞാല്‍ നടത്തുന്ന പ്രത്യേക പരീക്ഷകളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാവുമെന്ന് വൈസ് ചാന്‍സലര്‍ പ്രഫ. യദപദിത്തായ പറഞ്ഞു.
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക സർക്കാര്‍ കേരളത്തില്‍നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയ പശ്ചാത്തലത്തിലാണ് കാസര്‍കോട്-മംഗളൂരു അന്തര്‍സംസ്ഥാന പാതയിലെ കെ.എസ്.ആര്‍.ടി.സി ബസ് സര്‍വിസുകള്‍ ഇരു സംസ്ഥാനങ്ങളും നിര്‍ത്തിവെച്ചത്. കാസര്‍കോടുനിന്നുള്ള അനവധി വിദ്യാര്‍ഥികളാണ് മംഗളൂരുവിൽ വിവിധ കോളജുകളില്‍ പഠിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.