മംഗല്‍പാടി മാലിന്യപ്രശ്‌നം; സര്‍ക്കാര്‍ ഇടപെടുന്നു
text_fieldsകാസർകോട്: മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടുന്നു. പ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് അടിയന്തരമായി മാസ്റ്റര്‍പ്ലാന്‍ തയാറാക്കണമെന്ന് അഡീ. ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ-ജനപ്രതിനിധി യോഗത്തില്‍ നിര്‍ദേശം നല്‍കി. ജില്ല ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍, തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടര്‍ എന്നിവയുടെ മേല്‍നോട്ടത്തിലാണ് മാസ്റ്റര്‍പ്ലാന്‍ തയാറാക്കേണ്ടത്.
പരിസ്ഥിതിക്കും ആരോഗ്യത്തിനും ദോഷകരമായി ബാധിക്കുന്ന പഞ്ചായത്തിലെ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ പഞ്ചായത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. മംഗല്‍പാടി പഞ്ചായത്തിലെ കുബന്നൂരില്‍ സ്ഥാപിച്ച ശുചിത്വ മിഷന്റെ മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി (എം.സി.എഫ്) പ്ലാന്റില്‍ മാലിന്യം കുമിഞ്ഞ് കൂടിയിരിക്കുകയാണ്.
മാലിന്യ നിര്‍മാര്‍ജനത്തിന് നീക്കിവെച്ച ഫണ്ട് ഉപയോഗിച്ച് ക്ലീന്‍ കേരള കമ്പനിയുമായി ചേര്‍ന്ന് മാലിന്യം നീക്കാനുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കണമെന്ന് യോഗത്തില്‍ അറിയിച്ചു. പഞ്ചായത്തിലെ മാലിന്യ നിര്‍മാര്‍ജന, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ച ഫണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഏകോപിപ്പിക്കാനുമുള്ള നിര്‍ദേശവും നല്‍കി.
മംഗല്‍പാടിയിലെ മാലിന്യപ്രശ്‌നം സൂക്ഷ്മമായി വിലയിരുത്തിയ യോഗത്തില്‍ ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ.ടി. ബാല ഭാസ്‌കരന്‍, പഞ്ചായത്ത് ജോയന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു, നവകേരള മിഷന്‍ ജില്ല കോഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന്‍, ശുചിത്വമിഷന്‍ ജില്ല കോഓഡിനേറ്റര്‍ എ. ലക്ഷ്മി, മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഖദീജത്ത് റിസാന, വൈസ് പ്രസിഡന്റ് യൂസഫ്, പഞ്ചായത്ത് അംഗം എം. വിജയകുമാര്‍ റൈ, പഞ്ചായത്ത് അസി.സെക്രട്ടറി ടി.പി. ദീപേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.