മണിപ്പൂർ, ഏക സിവിൽകോഡ്; രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ ഉപവാസം തുടങ്ങി
text_fieldsകാസര്‍കോട്: മണിപ്പൂർ വംശഹത്യ, ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കം എന്നീ വിഷയങ്ങളിൽ പ്രതിഷേധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയുടെ 24 മണിക്കൂർ ഉപവാസം വിദ്യാനഗർ ഡി.സി.സി ഓഫിസ് പരിസരത്ത് ആരംഭിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ഇൻഡ്യ മുന്നണി സജീവമാകുന്നതോടെ കസേരക്ക് ഇളക്കമുണ്ടാകുമെന്ന അങ്കലാപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അതിന്റെ ഭാഗമാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഭാരതമെന്നപേരിലേക്ക് മാറണമെന്ന പ്രഖ്യാപനം തുടങ്ങിയവയെന്നും അദ്ദേഹം പറഞ്ഞു.
ഇൻഡ്യ സഖ്യത്തോടെ ദേശീയ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട്. ബി.ജെ.പി കോട്ടയായ യു.പിയിലും അത് പ്രകടമായി. കഴിഞ്ഞ ദിവസം ആറ് സംസ്ഥാനങ്ങളിലായി ഏഴ് നിയമസഭ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാലും ഇൻഡ്യ സഖ്യം നേടി. വരുന്ന പൊതുതെരഞ്ഞടുപ്പോടെ മോദിയെ ഇൻഡ്യ സഖ്യം അധികാരത്തില്‍നിന്ന് പുറത്താക്കും. രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന മോദിക്ക് വരാന്‍ പോകുന്ന ഭവിഷ്യത്ത് വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏക സിവിൽ കോഡിലൂടെ ന്യൂനപക്ഷവിരുദ്ധ വികാരം വളര്‍ത്തുന്നു. വിദ്വേഷവും വെറുപ്പും വളര്‍ത്താന്‍ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് ബി.ജെ.പി തന്ത്രം. രാജ്യത്തെ ജനങ്ങളുടെ സമാധാനം തകര്‍ന്നാലും വോട്ടുമതിയെന്ന ചിന്തയാണ് ബി.ജെ. പിക്ക്. മണിപ്പൂരില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാന്‍ ബി.ജെ.പി ഭരണകൂടം ഇപ്പോഴും തയാറാകുന്നില്ല. കലാപകാരികളെ നിയന്ത്രിക്കാന്‍ കേസെടുക്കാത്ത ഭരണകൂടം വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയാണ്. യു.ഡി.എഫ് നേടുമെന്നും അതിന്റെ കാഹളമാണ് പുതുപ്പള്ളിയില്‍ മുഴങ്ങിയതെന്നും വേണുഗോപാല്‍ പറഞ്ഞു.
ഡി.സി.സി.പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ജെബി മേത്തർ എം.പി, രാമനാഥ റായ്, കർണാടക കെ.പി.സി.സി. സെക്രട്ടറി ടി.എം. ഷാഹിദ് തെക്കിൽ, ഫാ. ജോസഫ് ഒറ്റപ്ലാക്കൽ, സി.ടി. അഹമ്മദലി, അഡ്വ. സോണി സെബാസ്റ്റ്യൻ, കല്ലട്ര മാഹിൻ ഹാജി, കെ.പി. കുഞ്ഞിക്കണ്ണൻ, ബാലകൃഷ്ണൻ പെരിയ, ഹക്കീം കുന്നിൽ, എ. ഗോവിന്ദൻ നായർ, പി.എ. അഷറഫ് അലി, കെ. നീലകണ്ഠൻ, രമേശൻ കരുവാച്ചേരി, കൊല്ലംപാടി അബ്ദുൽഖാദർ സഅദി, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി, അബ്ദുൽകരീം ദർബാർക്കട്ട, അബൂബക്കർ കാമിൽ സഖാഫി, സി.വി. ജെയിംസ്, കരുൺ താപ്പ, അഡ്വ. എ. ഗോവിന്ദൻ നായർ, പി.വി. സുരേഷ്, എം.സി. പ്രഭാകരൻ, സോമശേഖര ഷേണി, കുഞ്ഞമ്പു നമ്പ്യാർ, ധന്യ സുരേഷ്, മിനി ചന്ദ്രൻ, ഖാദർ മാങ്ങാട്, ബഷീർ വെള്ളിക്കോത്ത്, ഹരീഷ് പി. നായർ, ജെറ്റോ ജോസഫ്, ഹരീഷ് ബി. നമ്പ്യാർ, മാമുനി വിജയൻ, ടോമി പ്ലാച്ചേനി എന്നിവർ സംസാരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വിനോദ്കുമാർ പള്ളയിൽ വീട് സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.