മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് സ്കൂൾ കുട്ടികൾ ആശുപത്രി വിട്ടു
text_fieldsകാഞ്ഞങ്ങാട്: തീരദേശത്തെ സ്കൂളിൽനിന്ന് അസ്വസ്ഥതയനുഭവപ്പെട്ട് ചികിത്സയിലായിരുന്ന മുഴുവൻ കുട്ടികളും ആശുപത്രി വിട്ടു. മരക്കാപ്പ് കടപ്പുറം ഗവ. ഫിഷറീസ് ഹൈസ്കൂളിലെ 48 വിദ്യാർഥികൾക്കാണ് അസ്വസ്ഥതയുണ്ടായത്. ഇവരിൽ 41 വിദ്യാർഥികളെയാണ് ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ജില്ല ആശുപത്രിക്കുപുറമെ, താലൂക്ക് ആശുപത്രിയിൽ ഏഴുപേരെയും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ മുഴുവൻ പേരും ആശുപത്രി വിട്ടതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എം.വി. രാംദാസ് പറഞ്ഞു.
കുട്ടികളിൽനിന്ന് ശേഖരിച്ച രക്തം പരിശോധനക്ക് വിധേയമാക്കിയതിൽ കുട്ടികൾ കൂട്ടത്തോടെ തളർന്നുവീഴാനുണ്ടായ കാരണം കണ്ടെത്താനായില്ല. രക്തസാമ്പിൾ കൂടുതൽ പരിശോധിക്കുന്നതിലൂടെ എന്തെങ്കിലും കണ്ടെത്താനാകുമോയെന്ന് ശ്രമിക്കുന്നു.
ഇതിനിടെ സ്കൂളിൽ കുട്ടികൾ ഉപയോഗിക്കുന്ന കുടിവെള്ളം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡി.എം.ഒ ഭക്ഷ്യസുരക്ഷ വകുപ്പിന് നിർദേശം നൽകി. സ്കൂൾ പരിസരത്ത് സ്ഥാപിച്ച കുഴൽക്കിണറിലെ ജലമാണ് കുട്ടികൾ ഉപയോഗിക്കുന്നത്. വെള്ളത്തിൽ വല്ല പ്രശ്നമുണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. സ്കൂളും പരിസരത്തും ഡോക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ വിഭാഗം പ്രവർത്തകർ പരിശോധന നടത്തി.
ശുചിത്വ ബോധവത്കരണ ക്ലാസുമായി ബന്ധപ്പെട്ട് ആറ്, ഏഴ് ക്ലാസ് വിദ്യാർഥികളെ തിങ്കളാഴ്ച കടൽതീരത്ത് കൊണ്ടുപോയിരുന്നു. ഇതിനിടയിൽ സംഭവിച്ചതാണോ കുട്ടികൾക്കുണ്ടായ ആരോഗ്യ പ്രശ്നമെന്നതിലും വ്യക്തതയുണ്ടാക്കാനായില്ല.
കടലിൽനിന്നും ഗന്ധമുണ്ടായതാണോ പ്രശ്നമായതെന്ന് ഉറപ്പിക്കാനും ആരോഗ്യ വിഭാഗത്തിനായില്ല. ചൊവ്വാഴ്ച അധ്യാപക രക്ഷകർതൃ സമിതി യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി. ബുധനാഴ്ച ക്ലാസ് ആരംഭിക്കാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.