കാഞ്ഞങ്ങാട്ട് വൻ തീപിടിത്തം; തുണിക്കട കത്തിനശിച്ചു
text_fieldsകോട്ടച്ചേരി കല്ലട്ര ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീപിടിത്തം അഗ്നിരക്ഷാസേന അണക്കാൻ ശ്രമിക്കുന്നു
കാഞ്ഞങ്ങാട്: നഗരത്തിലെ മദർ ഇന്ത്യ വെഡിങ് ടെക്സ്റ്റൈൽ സ് പൂർണമായി കത്തിച്ചാമ്പലായി. ഞായറാഴ്ച രാവിലെ ആറോടെയാണ് തീപിടിത്തമുണ്ടായത്. രണ്ടു വാഹനങ്ങളുപയോഗിച്ച് നാലു മണിക്കൂർ അഗ്നിരക്ഷാസേന നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. വസ്ത്രങ്ങൾ മുഴുവൻ കത്തിനശിച്ചു. കെട്ടിടത്തിനും തീപിടിച്ച് വലിയ നഷ്ടമുണ്ട്.
കോട്ടച്ചേരി കല്ലട്ര ഷോപ്പിങ് കോംപ്ലക്സിലെ താഴത്തെ നിലയിലാണ് വസ്ത്രാലയം. ഇടുങ്ങിയ പ്രദേശമായതിനാൽ രക്ഷാപ്രവർത്തനം കൂടുതൽ പ്രയാസമായി. ഷട്ടർ പൊളിക്കാനുള്ള ശ്രമത്തിനിടെ ഉടമ താക്കോലുമായെത്തി തുറന്നെങ്കിലും പുക മൂടിയതിനാൽ അകത്ത് കയറാനായില്ല.
തുടർന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ച് അകത്തുകയറി കെട്ടിടത്തിന്റെ ചുമര് തുരന്ന് പുക പുറത്തേക്ക് കടക്കാൻ വഴിയൊരുക്കി. അകത്തെ ഗ്ലാസുകളും തകർത്തു.
ഇതിനു ശേഷമാണ് അൽപമെങ്കിലും രക്ഷാപ്രവർത്തനം സുഗമമായതെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. 11,500 ലിറ്റർ വെള്ളം വഹിക്കുന്ന ഒരു വാഹനവും 4500 ലിറ്റർ വഹിക്കുന്ന വാഹനത്തിൽ രണ്ടു തവണ വെള്ളമെത്തിച്ചാണ് തീയണച്ചത്. പൊലീസും നാട്ടുകാരും സഹായത്തിനെത്തി. ഏറെ പ്രയാസപ്പെട്ടാണ് അഗ്നിരക്ഷാ പ്രവർത്തകർ അകത്തുകടന്നത്.
പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന വസ്ത്രാലയമാണിത്. ഷോർട്ട് സർക്യൂട്ടാണെന്നാണ് സംശയമെങ്കിലും ഉറപ്പാക്കിയിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. സമീപത്തെ മറ്റു കടകളിലേക്ക് പടരും മുമ്പ് തീ നിയന്ത്രിക്കാനായത് രക്ഷയായി. കെട്ടിടത്തിന്റെ അകം പൂർണമായി കത്തിയിരുന്നു.
സമീപത്ത് നിരവധി വ്യാപാര സ്ഥാപനങ്ങളുണ്ട്. വലിയ മറ്റൊരു വസ്ത്രാലയമുണ്ടെങ്കിലും ഇവിടേക്ക് തീ പടരാതെ തടയാനായത് കൂടുതൽ അപകടമൊഴിവാക്കി. 10 മണിക്കുശേഷം തീയണച്ച് അഗ്നിരക്ഷാസേന മടങ്ങിയതിന് പിന്നാലെ അകത്ത് വീണ്ടും പുകയുയരുന്നതുകണ്ട് വീണ്ടും തിരിച്ചെത്തി അണക്കുകയായിരുന്നു.
കാഞ്ഞങ്ങാട് ഫയർ അസി. ഓഫിസർ കെ. സതീശൻ, സീനിയർ ഓഫിസർ ഗണേശൻ കിണറ്റിൻകര, മറ്റ് ഓഫിസർമാരായ ഷിജു, മുകേഷ്, ലിനേഷ്, അജിത്ത്, ഡ്രൈവർമാരായ അജിത്ത്, പൃഥ്വിരാജ്, ഹോംഗാർഡുകളായ നാരായണൻ, സന്തോഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.