മസ്റ്ററിങ്; പാചകവാതക ഏജൻസി ഓഫിസുകളിൽ വൻ തിരക്ക്
text_fieldsകാസർകോട്: എൽ.പി.ജി ഗ്യാസ് കണക്ഷൻ ലഭിക്കുന്നതിന് സമീപഭാവിയിൽ മസ്റ്ററിങ് സംവിധാനം വേണമെന്ന തീരുമാനത്തെ തുടർന്ന് ജില്ലയിലെ ഗ്യാസ് ഏജൻസി ഓഫിസുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
എൽ.പി.ജി കണക്ഷനുമായി ആധാർ നമ്പർ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനമാണ് മസ്റ്ററിങ്. ഇത് വേണമോ നിർബന്ധമാണോ എന്നുള്ളതിൽ ഉപഭോക്താക്കൾക്കിടയിൽ വലിയ ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാൽ, ഇതിന് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം വിശദീകരണവുമായി രംഗത്തുവന്നിരിക്കയാണിപ്പോൾ.
കേന്ദ്ര പെട്രോളിയം മന്ത്രി ഹരിദീപ് സിങ് പുരി ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം എക്സിൽ കുറിച്ച പോസ്റ്റിൽ മസ്റ്ററിങ് പൂർത്തിയാക്കാത്ത ഉപഭോക്താക്കൾക്ക് സേവനമോ ആനുകൂല്യമോ നിർത്തലാക്കില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ഉപഭോക്താക്കളിൽ 55 ശതമാനം പേരും മസ്റ്ററിങ് പ്രക്രിയ പൂർത്തിയാക്കിയതായും അദ്ദേഹം എക്സിൽ പറയുന്നുമുണ്ട്. ഗ്യാസ് കണക്ഷനുകളിൽ വ്യാപകമായ പരാതികൾ ഉയർന്നുവരുന്ന സാഹചര്യത്തിൽ നിയമാനുസൃതമായ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനാണ് മസ്റ്ററിങ് നടത്തുന്നതെന്നാണ് വിശദീകരണം. ഇതുമൂലം സർക്കാർ നൽകുന്ന സബ്സിഡികൾ കാര്യക്ഷമമായി നടപ്പാക്കാൻ സഹായിക്കുമെന്നും പറയുന്നു.
എന്നാൽ, മന്ത്രിയുടെ എക്സ് പോസ്റ്റിൽ മസ്റ്ററിങ് നിർബന്ധമാണെന്ന് പറയുന്നുമില്ല. ഇത് ഉപഭോക്താക്കളിൽ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.
അതിനിടെ, മസ്റ്ററിങ്ങിന് ഗ്യാസ് ഏജൻസി ഓഫിസുകളിൽ വന്ന് തിരക്കുകൂട്ടേണ്ടതില്ലെന്നും ഓൺലൈൻവഴി വീട്ടിൽനിന്നുതന്നെ ചെയ്യാവുന്നതാണെന്നും ഏജൻസി അധികൃതരും പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.