മാട്ടുമ്മൽ കടിഞ്ഞിമൂല നടപ്പാലം വീണ്ടും അപകടാവസ്ഥയിൽ
text_fieldsനീലേശ്വരം: നൂറുകണക്കിന് ആളുകൾ ദിവസവും നടന്നു പോകുന്ന മാട്ടുമ്മൽ കടിഞ്ഞിമൂല നടപ്പാലം വീണ്ടും തകർന്നു. നടന്നുപോകുന്ന ഷീറ്റുകൾ പൊട്ടിത്തകർന്നതിനാൽ മരപ്പലകകൾ നിരത്തിവെച്ച നിലയിലാണ്. 100 മീറ്ററോളം നീളമുള്ള പാലത്തിന്റെ ഷീറ്റുകൾ തകർന്നതുമൂലം ഭീതിയോടെയാണ് ആളുകൾ നടക്കുന്നത്. കോട്ടപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിലേക്ക് നിരവധി വിദ്യാർഥികൾ ദിവസവും നടന്നുപോകുന്നത് ഈ പാലത്തിലൂടെയാണ്.
2005ൽ നീലേശ്വരം പഞ്ചായത്തായിരുന്നപ്പോഴാണ് മാട്ടുമ്മൽ കടിഞ്ഞിമൂല മരപ്പലകകൾ നിരത്തി നടപ്പാലം നിർമിച്ചത്.
പിന്നീട് നിരവധി തവണ നടന്നുപോകുന്ന പലകകൾ തകർന്നിരുന്നു. അപ്പോഴെല്ലാം അറ്റകുറ്റപ്പണികൾ നടത്തി താൽക്കാലിക പരിഹാരം ഉണ്ടാക്കുകയായിരുന്നു. 2010 നീലേശ്വരം നഗരസഭയായപ്പോൾ കടിഞ്ഞിമൂല വാർഡ് കൗൺസിലറായിരുന്ന കെ.വി. അമ്പാടി സ്വന്തം കീശയിൽനിന്ന് ഒന്നര ലക്ഷം രൂപ ചെലവഴിച്ച് പാലം പുതുക്കിപ്പണിതിരുന്നു. ചെലവഴിച്ച തുക നഗരസഭ പിന്നീട് കൗൺസിലർക്ക് നൽകാത്തത് ആക്ഷേപത്തിനിടയാക്കി. 2019ൽ നടപ്പാലം വീണ്ടും തകർന്നപ്പോൾ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പലകകൾ മാറ്റി ഷീറ്റുകൾ പതിപ്പിച്ച് നിർമിച്ചു.
കഴിഞ്ഞവർഷം വീണ്ടും തകർന്നപ്പോൾ നഗരസഭ അറ്റകുറ്റപ്പണി നടത്തി. ഇപ്പോൾ ഷീറ്റുകൾ മുഴുവനായി തകർന്നിരിക്കുകയാണ്. പൊട്ടിയത് കാണാതിരിക്കാൻ മരപ്പലകകൾകൊണ്ട് മറച്ചുവെച്ചിട്ടുണ്ട്.
കടിഞ്ഞിമൂല, പുറത്തെ കൈ, കൊട്ടറ ഭാഗങ്ങളിലുള്ളവർ എളുപ്പത്തിൽ നീലേശ്വരത്തെത്താൻ നടന്നുപോകുന്നത് ഈ പാലത്തിൽകൂടിയാണ്.
പാലത്തിന്റെ കൈവരികളും തകർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.