ലഹരിയിൽ 'കേമൻ' എം.ഡി.എം.എ; മയക്കാനും കടത്താനും എളുപ്പം
text_fieldsകാസർകോട്: മദ്യം, കഞ്ചാവ്, ഓപ്പിയം, പാൻ ഉൽപന്നങ്ങൾ ഉൾപ്പടെയുള്ള പരമ്പരാഗത മയക്കുമരുന്നുകളെ കടത്തിവെട്ടി എം.ഡി.എം.എ മെത്തലീൻ ഡയോക്സി മെത്താം ഫീറ്റമിൻ എന്ന സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന ലഹരി വസ്തുവാണ് ഇപ്പോൾ പിടിക്കപ്പെടുന്നവയിൽ ഏറെയും. കാസർകോട് ജില്ലയിൽ അനധികൃത മദ്യത്തേക്കാൾ പിടിക്കപ്പെടുന്നത് ഇപ്പോൾ എം.ഡി.എം.എയാണ്. മോളി, എക്സ്, എക്സ്റ്റസി എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇത് ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽനിന്നാണ് കാസർകോട്, പാലക്കാട് വഴി കേരളത്തിലേക്ക് എത്തുന്നത്.
പരമ്പരാഗത 'ചരക്കുകൾ''മയക്കാ'നുള്ളതാണെങ്കിൽ എം.ഡി.എം.എ ഉണർത്താനുള്ളതാണ് എന്നാണ് പറയുന്നത്. ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചക്കുറവ് എന്നിവക്കിടയാക്കുന്ന ഈ മയക്കുമരുന്ന് ഉറക്കമില്ലായ്മക്ക് 'ഉത്തമം'എന്ന് പറയുന്നത് ദീർഘദൂര ഓട്ടക്കാരായ ഡ്രൈവർമാരാണ്. നാഷനൽ പെർമിറ്റ് ലോറിക്കാരിൽനിന്നു എം.ഡി.എം.എ പിടികൂടിയപ്പോൾ അവർ പറഞ്ഞ ന്യായം വാഹനാപകടമില്ലാതെ രാത്രിയിൽ എത്ര സമയം വേണമെങ്കിലും വണ്ടിയോടിക്കാമെന്നാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, മറ്റ് 'മരുന്നു'കളേക്കാൾ മനുഷ്യനെ ജീവിപ്പിച്ചു കൊല്ലുകയാണിത് എന്നതാണ് വാസ്തവം എന്ന് എക്സൈസ് മുന്നറിയിപ്പ് നൽകുന്നു.
കടത്താൻ എളുപ്പമാണ്. ലാഭവും അത്രക്ക് അധികമാണ്. മദ്യം വാഹനത്തിൽ കടത്താൻ എളുപ്പമല്ല, കഞ്ചാവ് ചാക്കിൽ കെട്ടുകളാക്കണം. എന്നാൽ, ഗ്രാമിന് 10000 രൂപ വില ഈടാക്കാവുന്ന എം.ഡി.എം.എ കാറിന്റെ സ്റ്റിയറിങ് കവറിലും ഡിക്കിയിലും ബോണറ്റിന്റെ ചില ഭാഗങ്ങളിലും എളുപ്പത്തിൽ വെക്കാം. 'എല്ലാ വാഹനങ്ങളും സൂക്ഷ്മമായി പരിശോധിച്ചാൽ മാത്രമേ വല്ലതും തടയുകയുള്ളൂവെന്ന് കാസർകോട് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായർ പറഞ്ഞു. ജില്ലയിൽ അടിക്കടി പിടിക്കപ്പെടുന്നത്, കുട്ടികളിൽ കാണുന്ന വ്യതിയാനം വീട്ടുകാർ പങ്കുവെക്കുന്നതുവഴിയാണ്. രാത്രി ഏറെ വൈകിയും ഉറങ്ങാത്ത കുട്ടികൾ, പകൽ ഏറെ വൈകി ഉണരുന്നതാണ് ലക്ഷണം. വീട്ടുകാരുടെ സഹായത്തോടെ അവരിൽനിന്ന് ആരംഭിക്കുന്ന അന്വേഷണമാണ് വെള്ളാരം കല്ല് പോലുള്ള എം.ഡി.എം.എ കടത്തുകാരിൽ എത്തുന്നത്.
കാസർകോട് ഏജന്റുമാർ വ്യാപകമായുണ്ട്. വിദ്യാർഥികളാണ് വലിയ ഉപഭോക്താക്കൾ. കുടുംബങ്ങൾ സഹായിച്ചാലേ ഇവരെ കണ്ടെത്താനാകൂ എന്നും പൊലീസ്, എക്സൈസ് വിഭാഗങ്ങൾ പറയുന്നു. ഗോവ കർണാടക എന്നീ സംസ്ഥാനങ്ങളിൽ എം.ഡി.എം.എ തടയുന്നതിന് നിയമങ്ങളുണ്ടെങ്കിലും കേരളത്തിലേപ്പോലെ ശക്തമല്ല എന്ന് അസി. എക്സൈസ് കമീഷണർ എസ്. കൃഷ്ണകുമാർ പറഞ്ഞു. ഉറവിടങ്ങൾ തടയുകയാണ് ഇത് ഇല്ലാതാക്കുന്നതിനുള്ള എളുപ്പ മാർഗമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.