മിനിമാസ്റ്റ് വിളക്കുകൾ കണ്ണടച്ചു; നാങ്കി ബീച്ച് റോഡ് ഇരുട്ടിൽ
text_fieldsമൊഗ്രാൽ: മിനിമാസ്റ്റ് ലൈറ്റുകൾ തകരാറിലായതോടെ സന്ധ്യ മയങ്ങിയാൽ മൊഗ്രാൽ നാങ്കി തീരദേശ റോഡ് ഇരുട്ടിലായി. നാങ്കി കടപ്പുറം മുതൽ പെർവാട് കടപ്പുറം വരെയുള്ള നിരവധി മിനി മാസ്റ്റ് ലൈറ്റുകളാണ് പോസ്റ്റിൽ മാസങ്ങളോളമായി കത്താതെ കിടക്കുന്നത്. തുരുമ്പെടുത്തത് മൂലം നിരവധി ലൈറ്റുകൾ നിലംപൊത്തുകയും ചെയ്തിട്ടുണ്ട്. കുറേയണ്ണം വൈദ്യുതി പോസ്റ്റുകളിൽ തൂങ്ങിക്കിടക്കുന്നുമുണ്ട്. രാത്രികാലങ്ങളിൽ മദ്റസ പഠനത്തിന് പോകുന്ന കുട്ടികൾക്കും, നോമ്പുകാലമായതിനാൽ പ്രത്യേക പ്രാർഥനക്ക് എത്തുന്ന വിശ്വാസികൾക്കും റോഡിലെ ഇരുട്ടുമൂലം പ്രയാസപ്പെടുന്നു. നായ്, പന്നി തുടങ്ങിയ മൃഗങ്ങളുടെ ശല്യവും കൂടിയാകുമ്പോൾ പ്രദേശവാസികൾ ഭയാശങ്കയിലാണ്.
വർഷങ്ങൾക്കു മുമ്പാണ് കുമ്പള കോയിപ്പാടി മുതൽ മൊഗ്രാൽ കൊപ്പളം വരെയുള്ള തീരദേശ റോഡിൽ മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്. പല പ്രാവശ്യവും വിഷയം വാർഡ് മെംബറെയും പഞ്ചായത്ത് അധികൃതരെയും പ്രദേശവാസികൾ വിവരമറിയിച്ചിട്ടും ലൈറ്റുകൾ നന്നാക്കാൻ നടപടി സ്വീകരിച്ചില്ലെന്ന് പറയുന്നു. മിനി മാസ്റ്റ് ലൈറ്റിന്റെ വാറന്റി കഴിഞ്ഞതിനാൽ തകരാർ പരിഹരിക്കുന്നതിന് സ്ഥാപിച്ച ഏജൻസികളിൽ നിന്ന് ജീവനക്കാർ വരുന്നില്ല. ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് നന്നാക്കാൻ ശ്രമം നടത്തിവരുകയാണെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. എന്നാൽ നന്നാക്കുന്ന വിദഗ്ധരെ കിട്ടാത്തതിനാലാണ് കാലതാമസം എടുക്കുന്നതെന്നും പറയുന്നു. മിനി മാസ്റ്റ്, ഹൈമാസ്റ്റ്, എൽ.ഇ.ഡി എന്നിവയുടെ പരിപാലന ചുമതല കൈമാറാനാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. രണ്ടുമാസം പിന്നിട്ടിട്ടും നന്നാക്കാൻ എന്തേ നടപടിയില്ലാത്തതെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.