സ്റ്റേഡിയങ്ങളുടെ പരിപാലനം സ്പോര്‍ട്സ് ഫൗണ്ടേഷന് –മന്ത്രി
text_fieldsകാസർകോട്: നിലവിലെ സ്റ്റേഡിയങ്ങള്‍ കൃത്യമായി പരിപാലിക്കപ്പെടുന്നതിന് സ്പോര്‍ട്സ് ഫൗണ്ടേഷന്‍ കേരളയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്. ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലയിലെ കായിക വികസനം സംബന്ധിച്ച് നടത്തിയ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മുഴുവന്‍ പഞ്ചായത്തുകളിലും പഞ്ചായത്ത് തല സ്പോര്‍ട്സ് കൗണ്‍സിലുകള്‍ ആരംഭിക്കും. ആദ്യ നൂറ് കളിക്കളങ്ങള്‍ ജനുവരിയോടെ പൂര്‍ത്തിയാകുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികള്‍ക്ക് ഫുട്ബാള്‍ രംഗത്ത് മതിയായ പരിശീലനം ലഭ്യമാക്കുന്നതിനായി കേരള ഫുട്ബാള്‍ അസോസിയേഷനുമായി ബന്ധപ്പെട്ട് സ്വകാര്യ കമ്പനി 300 കോടിയാണ് നിക്ഷേപിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണന്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് ഒളിമ്പ്യന്‍ മേഴ്സിക്കുട്ടന്‍, ഗവ.പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, സ്പോര്‍ട്സ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, കാസര്‍കോട് വികസന പാക്കേജ് സ്പെഷല്‍ ഓഫിസര്‍ ഇ.പി.രാജ്മോഹന്‍, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് ഹബീബ് റഹ്‌മാന്‍, സെക്രട്ടറി സുദീപ് ബോസ്, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗങ്ങളായ പി.പി. അശോകന്‍, പള്ളം നാരായണന്‍, അനില്‍ ബങ്കളം, വി.വിജയമോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അന്യാധീനപ്പെട്ട വഖഫ് സ്വത്ത് തിരിച്ചുപിടിക്കും–മന്ത്രി
കാസർകോട്: അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ തിരിച്ചു പിടിക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാന്. കാസര്‍കോട് വഖഫ് ബോര്‍ഡ് രജിസ്ട്രേഷന്‍ അദാലത്തും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പല ജില്ലകളിലും വഖഫ് സ്വത്തുക്കള്‍ കൈവശപ്പെടുത്തി വീടുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവക്കായി ഉപയോഗിക്കുന്നുണ്ട്. വഖഫ് വസ്തുവകകള്‍ പലരീതിയില്‍ കൈയേറ്റം ചെയ്യപ്പെടുകയാണ്. വഖഫ് സ്വത്തുക്കളായി മുന്‍തലമുറ കൈമാറിയ വസ്തുവകകള്‍ പോലും അവരുടെ കുടുംബത്തില്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. ഇങ്ങനെയുള്ളവ അന്യാധീനപ്പെട്ടു പോകാനിടവരരുതെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പദ്ധതികള്‍ക്കായി വസ്തുവകകള്‍ വിട്ടുകൊടുക്കേണ്ടി വന്നാല്‍ വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവക്ക് മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. അതിനാല്‍ വഖഫില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ബന്ധപ്പെട്ടവര്‍ മടികാണിക്കേണ്ടതില്ല. കേരളത്തില്‍ 35000ലധികം വഖഫ് സ്ഥാപനങ്ങള്‍ ഉണ്ടെങ്കിലും 11000 രജിസ്ട്രേഷന്‍ മാത്രമേ നടന്നിട്ടുള്ളൂ. ബാക്കിയുള്ളവയെ കൂടി രജിസ്റ്റര്‍ ചെയ്യിക്കാനാണ് അദാലത്ത് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.ടി.കെ. ഹംസ അധ്യക്ഷത വഹിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. ഗവ.പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വഖഫ് ബോര്‍ഡ് അംഗങ്ങളായ അഡ്വ.എം. ഷറഫുദ്ദീന്‍, എം.സി. മായിന്‍ ഹാജി, പ്രഫ.കെ.എം. അബ്ദുൽ റഹീം, റസിയ ഇബ്രാഹിം, ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ബി.എം. ജമാല്‍ എന്നിവര്‍ സംസാരിച്ചു. ബോര്‍ഡ് അംഗം അഡ്വ.പി.വി. സൈനുദ്ദീന്‍ സ്വാഗതവും ഓഫിസര്‍ ഇന്‍ ചാര്‍ജ് എന്‍. റഹീം നന്ദിയും പറഞ്ഞു. വഖഫ് വസ്തുക്കളുടെ വികസനം എന്ന വിഷയത്തില്‍ കെ.പി. ഹാമിദ് ഹുസൈന്‍ ക്ലാസെടുത്തു.
ആദ്യ പിങ്ക് സ്റ്റേഡിയം ജില്ലയിൽ
കാസർകോട്: വനിതകള്‍ക്ക് മാത്രമായുള്ള സംസ്ഥാനത്തെ ആദ്യ സ്റ്റേഡിയം കാസര്‍കോട്ട് സ്ഥാപിക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. കാസര്‍കോട് നഗരത്തോട് ചേര്‍ന്നുള്ള താളിപ്പടുപ്പ് മൈതാനമാണ് പിങ്ക് സ്റ്റേഡിയമായി മാറുക. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കായിക വകുപ്പ് ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്, കാസര്‍കോട് നഗരസഭ ചെയര്‍മാന്‍ അഡ്വ.വി.എം. മുനീര്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് മേഴ്‌സിക്കുട്ടന്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.