നവകേരള സദസ്സിലൂടെ മന്ത്രിസഭ ജനങ്ങളിലേക്ക്
text_fieldsകാസർകോട്: നവകേരള സദസ്സിലൂടെ മന്ത്രിസഭ ജനങ്ങളിലേക്ക്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ തേടിയെത്തുകയാണ്. ജനങ്ങൾക്ക് ആവലാതികൾ പറയാം. പരാതികൾ ബോധിപ്പിക്കാം. ആവശ്യങ്ങൾ ഉന്നയിക്കാം. നവംബര്‍ 18,19 തീയതികളിലാണ് ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും നവ കേരള സദസ്സ് നടക്കുന്നത്. സംസ്ഥാനത്ത് ആദ്യത്തെ നവകേരള സദസ്സിന് നേതൃത്വം നൽകുന്നത് മഞ്ചേശ്വരമാണ്.
നവകേരള സദസ്സിന്റെ ഒരുക്കങ്ങളെക്കുറിച്ച് രക്ഷാധികാരിയായ ജില്ല കലക്ടർ കെ. ഇമ്പശേഖറിന്റെ നേതൃത്തിൽ യോഗം ചേർന്ന് വിലയിരുത്തി. സംഘാടക സമിതി കണ്‍വീനര്‍മാരായ ഉദ്യോഗസ്ഥരും മറ്റ് ജില്ലതല ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ സംബന്ധിച്ചത്. നവകേരള സദസ്സില്‍ എല്ലാ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തവും സഹകരണവും ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ അറിയിച്ചു. പഞ്ചായത്തുതല സംഘാടക സമിതി എല്ലാ നിയോജക മണ്ഡലങ്ങളിലും ചേര്‍ന്നു. വാര്‍ഡുതല സംഘാടക സമിതികളും രൂപവത്കരിച്ച് വരുകയാണ്.
ഇതിനുശേഷം നിയോജകം മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് ഭാരവാഹികളുടെ യോഗം ജില്ലയുടെ ചുമതലയുള്ള തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍, ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേരും. യോഗത്തില്‍ പഞ്ചായത്തുതല സംഘാടക സമിതി ചെയര്മാന് കണ്‍വീനര്‍ എന്നിവരുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. ഒക്ടോബര്‍ 30, 31 തീയതികളില്‍ യോഗം നടക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനികള്‍, , മഹിളാ യുവജന വിദ്യാര്‍ഥി വിഭാഗം, കോളജ് യൂനിയന്‍, പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗം, കലാ സാംസ്കാരിക കായിക മേഖല എന്നിവിടങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് ചുമതല നല്കി.
വിവിധ പുരസ്കാരങ്ങള്‍ നേടിയവര്‍, തെയ്യം കലാകാരന്മാര്, വിവിധ സമുദായ നേതാക്കള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, എന്നിവരെയും പങ്കാളികളാക്കും. ജില്ലയിലെ എല്ലാ വീടുകളിലേക്കും നവകേരള സദസ്സിലേക്കുള്ള ക്ഷണക്കത്തും ബ്രോഷറും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേന എത്തിക്കും. പഞ്ചായത്തുതല ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പുവരുത്താന്‍ എല്‍.എസ്.ജി.ഡി ജോ.ഡയറക്ടര്‍ ജെയ്സണ്‍ മാത്യുവിനെ ചുമതലപ്പെടുത്തി. സാംസ്കാരിക വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ കലാപരിപാടികള്‍ പ്രചാരണത്തിനായി നടത്തണം.
സര്‍ക്കാര്‍ -അര്‍ധ സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ തുടങ്ങിയവ സ്ഥാപനങ്ങള്‍ അതത് സ്ഥലങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികള്‍ ഉറപ്പുവരുത്താൻ യോഗത്തിൽ ധാരണയായി.
ഓരോ വകുപ്പും സംഘാടനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ട ചുമതല യോഗത്തില്‍ അറിയിച്ചു. പരിപാടിയുടെ പ്രചാരണം താഴേത്തട്ടിലെത്തിക്കാന്‍ എല്ലാ വകുപ്പുകളും കേന്ദ്രീകരിച്ച് യോഗം ചേരാന്‍ ജില്ല കലക്ടര്‍ നിര്‍ദേശം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.