കാസർകോട് ജില്ലയില്‍ മൊബൈല്‍ റേഷന്‍കടകള്‍ തുടങ്ങും
text_fieldsകാസർകോട്: ജില്ലയുടെ മലയോര മേഖലകളില്‍, പ്രത്യേകിച്ച് പട്ടികവര്‍ഗ മേഖലയില്‍ റേഷന്‍ വിതരണം സുഗമമായി നടത്താൻ സഞ്ചരിക്കുന്ന റേഷന്‍കടകള്‍ മൂന്നു മാസത്തിനകം തുടങ്ങുമെന്ന് സംസ്ഥാനഭക്ഷ്യ കമീഷന്‍ അംഗം എം. വിജയലക്ഷ്മി.
ജില്ല ഭക്ഷ്യസുരക്ഷാ വിജിലന്‍സ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ. പൊതുവിപണിയില്‍ വിലക്കയറ്റം നിയന്ത്രിക്കാൻ ലീഗല്‍ മെട്രോളജി വകുപ്പിന്റെയും സിവില്‍ സപ്ലൈസ് വകുപ്പിന്റെയും നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തും.
വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെ നടപടി സ്വീകരിക്കും. ജില്ലയില്‍ റേഷന്‍ കാര്‍ഡുകള്‍ ഇല്ലാത്ത എല്ലാവര്‍ക്കും റേഷന്‍ കാര്‍ഡുകള്‍ നല്‍കും. വീട്ടുനമ്പര്‍ അടക്കമുള്ള രേഖകള്‍ ഇല്ലാത്തവര്‍ക്കും റേഷന്‍ കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. അതി ദരിദ്രരുടെ സർവേയില്‍ കാര്‍ഡ് ഇല്ലാത്തവരെന്ന് കണ്ടെത്തിയ ആളുകളുടെ വീടുകളില്‍ എത്തി കാര്‍ഡ് നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഹോസ്ദുര്‍ഗ് താലൂക്കില്‍ മൂന്നും വെള്ളരിക്കുണ്ട് താലൂക്കില്‍ രണ്ടും കെ-സ്റ്റോറുകള്‍ ആരംഭിക്കും. ഉപയോഗ കാലാവധി കഴിയാറായ ആട്ട റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്നതായി യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഉപയോഗ യോഗ്യ മല്ലാത്ത ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യരുതെന്ന് റേഷന്‍ കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കി.
ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് അധ്യക്ഷത വഹിച്ചു. ജില്ല സപ്ലൈ ഓഫിസര്‍ എന്‍.കെ. ഷാജിമോന്‍, ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, എഫ്.സി.ഐ മാനേജര്‍ ശ്രീജ, സി.പി. ബാബു, എം. കുഞ്ഞമ്പു നമ്പ്യാര്‍, കൈപ്രത്ത് കൃഷ്ണന്‍ നായര്‍, രതീഷ് പുതിയപുരയില്‍, അഡ്വ. മാധവന്‍ മാലാങ്കാട്, ഇ.കെ. നസീമ തുടങ്ങിയവര്‍ പങ്കെടുത്തു. എ.ഡി.എം എ.കെ. രമേന്ദ്രന്‍ സ്വാഗതവും കെ.വി. ദിനേശ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.