സംരക്ഷണം കാത്ത് മൊഗ്രാൽതീരം
text_fieldsമൊഗ്രാൽ: മൊഗ്രാൽ തീരപ്രദേശത്തുകാരുടെ എല്ലാ വർഷത്തെയും മുറവിളിയാണ് തീരസംരക്ഷണം. ഇവിടെ പേരിന് കുറേ കടൽഭിത്തി നിർമാണം നടന്നുവെങ്കിലും ഒന്നിനും ആയുസ്സുണ്ടായിരുന്നില്ല. കോടികളും ലക്ഷങ്ങളുമാണ് ഓരോവർഷവും തീരസംരക്ഷണത്തിന്റെ പേരിൽ കടലിലൊഴുക്കിയത്.
ചെറിയ കരിങ്കല്ലുകൾ കൊണ്ടുള്ള കടൽഭിത്തികൾ തീരസംരക്ഷണത്തിന് ഫലപ്രദമല്ലെന്ന് തീരവാസികൾ പറയാറുണ്ട്. അധികൃതരാകട്ടെ ഇത് കേട്ടഭാവമില്ല. ഓരോ വർഷവും തീരത്ത് കല്ലുകൾ കൊണ്ടിറക്കും. ‘അഴിമതിയുടെ ഭിത്തികൾ പാകും’. അത് കടൽ കൊണ്ടുപോകും.
കഴിഞ്ഞ 10 വർഷത്തിനിടയിൽ നിർമിച്ച കടൽഭിത്തികളൊന്നും ഇപ്പോൾ കടപ്പുറത്ത് കാണാനേയില്ല. വിമർശനം തുടരുന്നതിനിടയിൽ കഴിഞ്ഞവർഷവും ജലസേചനവകുപ്പ് ഇത്തരം ചെറിയ കരിങ്കല്ലുകൾ ഇറക്കി. തീരവാസികൾക്ക് ഇത് സഹിച്ചില്ല. കോടികൾ എന്തിന് ഇത്തരത്തിൽ കടലിലിട്ട് പാഴാക്കുന്നുവെന്ന് പ്രദേശവാസികൾ ചോദിച്ചു.
നിർമാണം നിർത്തിവെപ്പിച്ചു. നാട്ടുകാരുമായി ജനപ്രതിനിധികളും ജലസേചനവകുപ്പ് അധികൃതരും ചർച്ച നടത്തി. തീരദേശവാസികൾ തീരുമാനത്തിൽ ഉറച്ചുനിന്നു. തീരത്തേക്ക് ഉപകാരമില്ലാതെയുള്ള അഴിമതിഭിത്തി ഇനി പണിയേണ്ടതില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഒടുവിൽ അനുവദിച്ച ഫണ്ടും കല്ലും വെറുതെയായി. കല്ലുകൾ ഇപ്പോഴും സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് ഉപേക്ഷിച്ചനിലയിലാണ്. തീരുമാനം തിരുവനന്തപുരത്തേക്ക് നീണ്ടുവെങ്കിലും ഇതുവരെ തുടർനടപടികളായിട്ടില്ല. ഓരോ കാലവർഷം അടുക്കുമ്പോഴും കര കടൽ എടുക്കുമോ എന്ന ആശങ്കയിലാണ് തീരദേശവാസികൾ.
ഓരോ വർഷവും മൊഗ്രാൽ നാങ്കി, കൊപ്പളം പ്രദേശത്ത് 200 മീറ്ററുകളോളമാണ് കര കടലെടുക്കുന്നത്. ഇത് വീടുകൾക്കും മറ്റും ഭീഷണി ഉയർത്തുന്നുമുണ്ട്. ഇവിടങ്ങളിൽ നൂറുകണക്കിന് തെങ്ങുകളാണ് കടലെടുക്കുന്നത്. ഒന്നിനും നഷ്ടപരിഹാരവുമില്ല. തൊട്ടടുത്ത പെറുവാഡ് കടപ്പുറത്ത് ജിയോ ബാഗ് ഉപയോഗിച്ച് ഈവർഷം കടൽഭിത്തി നിർമിച്ചിട്ടുണ്ട്. ഇത് വിജയകരമാണെങ്കിൽ മൊഗ്രാലിലും അത്തരത്തിൽ ശാസ്ത്രീയമായ തീരസംരക്ഷണ പദ്ധതികൾ നടപ്പിലാക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.