മൊഗ്രാൽ വലിയ ജുമാ മസ്ജിദ് റോഡ്; ദേശീയപാതയിൽ അടിപ്പാതക്കായി സമ്മർദം
text_fieldsമൊഗ്രാൽ: തെക്ക്- പടിഞ്ഞാറ് പ്രദേശങ്ങളെ വേർതിരിച്ച് മതിൽക്കെട്ടിയുള്ള ദേശീയപാത നിർമാണം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് വലിയ ഭീഷണിയായിത്തീരുന്ന സാഹചര്യത്തിൽ കൂടുതൽ അടിപ്പാതകൾക്കായുള്ള ആവശ്യങ്ങളും സമർദങ്ങളും ഏറുകയാണ്.
ദേശീയപാത നിർമാണം പുരോഗമിക്കുമ്പോൾ മൊഗ്രാൽ കടവത്ത് നിവാസികൾക്ക് പടിഞ്ഞാർ ഭാഗത്തുള്ള വലിയ ജുമാ മസ്ജിദിലേക്ക് പ്രാർഥനക്ക് പോകാനും, മയ്യിത്തുകൾ പള്ളിവളപ്പിലേക്ക് കൊണ്ടുപോകാനും, വിദ്യാർഥികൾക്ക് ബസ് കയറാനുമൊക്കെയുള്ള ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കടവത്ത് നിവാസികൾ സംഘടിച്ച് എം.എൽ.എ മുഖാന്തരം അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ദേശീയപാത എൻജിനീയറിങ് വിഭാഗം അധികൃതർ സ്ഥലം സന്ദർശിച്ചു.
ഈ ഭാഗത്ത് ദേശീയപാത ഉയരത്തിൽ നിർമിക്കുന്നതിനാൽ അടിപ്പാത പരിഗണിക്കാവുന്ന വിഷയമാണെന്നാണ് അധികൃതർ പ്രദേശവാസികളെ അറിയിച്ചിരിക്കുന്നത്. എന്നാൽ കേന്ദ്ര ഗതാഗത മന്ത്രി ഉൾപ്പെടെ കേന്ദ്ര-സംസ്ഥാന ഗതാഗത മന്ത്രാലയം ഇതിനാവശ്യമായ തുടർനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അധികൃതർ പറയുന്നു.
സന്ദർശന റിപ്പോർട്ട് ബന്ധപ്പെട്ടവർക്ക് ഉടൻ നൽകുമെന്നും എൻജിനീയറിങ് വിഭാഗം അധികൃതർ അറിയിച്ചു. എ.കെ.എം. അഷ്റഫ് എം.എൽ.എ, പ്രദേശവാസികളായ ടി.എം. ഷുഹൈബ്, എം.ജി.എ. റഹ്മാൻ, യൂ.എം. അമീൻ, ടി.കെ. ജാഫർ, യു.എം. സഹീർ, കെ.ടി. മുഹമ്മദ്, യു.എം. അഹമ്മദ്, ഇബ്രാഹിം ഖലീൽ, നൂഹ് കടവത്ത്, കെ. അബ്ദുൽ ഖാദർ, യു.എം. ഇർഫാൻ എന്നിവരും എൻജിനീയറിങ് അധികൃതരെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.