പൊളിയാണ് മൂളിയാര്‍ കുടുംബശ്രീ സി.ഡി.എസ്
text_fieldsകാസർകോട്: മൂളിയാർ കുടുംബശ്രീ സി.ഡി.എസ് പൊളിയാണ്. നൂതന സംരംഭങ്ങളുമായി മറ്റുള്ളവർക്കുമുമ്പേ നടക്കുന്നതിനാൽ കുടുംബശ്രീ സംസ്ഥാന മിഷന് ഏര്‍പ്പെടുത്തിയ മികച്ച സി.ഡി.എസ് അവാര്‍ഡിന് ജില്ലതലത്തില്‍ മുളിയാര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അര്‍ഹരായി.
കാര്‍ഷിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ സ്പെഷല്‍ ജൂറി പുരസ്കാരവും തേടിയെത്തിയിരുന്നു. സി.ഡി.എസ് ചെയർപേഴ്സൻ ഖൈറുന്നീസയുടെ നേതൃത്വത്തിൽ കാര്‍ഷിക മൃഗസംരക്ഷണം, നൂതന സംരംഭം, ബാലസഭ, സാമൂഹിക വികസനം തുടങ്ങിയവ മേഖലയിൽ കാഴ്ചവെച്ച മികവാര്‍ന്ന പ്രവര്‍ത്തനമാണ് മൂളിയാർ കുടുംബശ്രീയെ നേട്ടങ്ങളിലേക്ക് നയിച്ചത്.
കാര്‍ഷിക മേഖലകളിലെ നൂതന രീതിയിൽ തീര്‍ത്ത രണ്ടേക്കറോളം പരന്നുകിടക്കുന്ന പാറപ്പുറത്തെ കൃഷി, ഒരു വീട് ഒരു കാര്‍ഷിക യന്ത്രം എന്ന പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ട്രാക്ടര്‍, റോട്ടവേറ്റര് തുടങ്ങിയവ ജില്ല പഞ്ചായത്ത് മുഖേന നടപ്പിലാക്കി.
കാര്‍ഷിക മേഖലയെ മെച്ചപ്പെടുത്തുന്നതിനും കാര്‍ഷിക സുസ്ഥിരത ലക്ഷ്യമിട്ടുമാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സി.ഡി.എസ് ഏറ്റെടുത്തു നടത്തുന്നത്. ഔഷധ സസ്യകൃഷിയായ മക്കോട്ട, ദേവ, മധുരതുളസി കൃഷിയും സംസ്ഥാനത്തില്‍ ആദ്യംചെയ്തത് മൂളിയാര്‍ കുടുംബശ്രീ സി.ഡി.എസ് ആണ്.
ബിരിയാണി റൈസ്, ഔഷധ ഗുണമേന്മയുള്ള നെല്‍കൃഷിയും മൂളിയാറില്‍ കൃഷിചെയ്യുന്നു. തരിശുഭൂമിയില്‍ ഇറക്കിയ നെല്കൃഷിലൂടെ ലഭിച്ച ആറുടണ്‍ നെല്ല് സപ്ലൈകോക്ക് കൈമാറാന്‍ ഇവര്‍ക്ക് സാധിച്ചു. ‘എഗ് ഫോര്‍ ഓള്’ എന്ന പദ്ധതിയിലൂടെ 3,49,000 തുക സി.ഇ.എഫ് ലോണ്‍ നല്കി 109 മുട്ടക്കോഴി വളര്‍ത്തല്‍ യൂനിറ്റുകള്‍ ആരംഭിച്ചു. ഇതിലൂടെ ലഭിക്കുന്ന മുട്ടകള്‍ അംഗൻവാടികളിലാണ് വിതരണം ചെയ്യുന്നത്.
‘ഒരു വീട് ഒരു സംരംഭം’ എന്നത് ലക്ഷ്യം മുന്‍നിര്‍ത്തി മൃഗസംരക്ഷണ മേഖലകളില്‍ മൂന്ന് വലിയ രീതിയിലുള്ള ഇന്റഗ്രേറ്റഡ് ഫാം ആരംഭിച്ചു. ഇതില്‍ 40ഓളം എച്ച്.എഫ് ഇനത്തില്‍പ്പെട്ട പശുക്കള്‍, 150 ആടുകള്‍, ആയിരം ഇറച്ചിക്കോഴികള്‍, 300 മുട്ട കോഴികള്‍, എരുമ, പോത്ത്, തേനീച്ച, മത്സ്യകൃഷി എന്നിവയും കൂടാതെ തീറ്റപ്പുല്ല്, പച്ചക്കറി കൃഷികളും ചെയ്തുവരുന്നു.
ക്ഷീരസാഗരം ആട്ഗ്രാമം പദ്ധതികളും നടപ്പിലാക്കി. ഇതിന്റെ ഭാഗമായിത്തന്നെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന ഫാം ഫ്രഷ്, മോജോ എന്നീ മില്‍ക്ക് വാല്യൂ അഡിഷന് യൂനിറ്റുകളും ഉണ്ട്. ക്രീം സെപറേറ്റര്‍, കോവ വാറ്റ് എന്നീ മിഷന് ഉപയോഗിച്ച് നെയ്യ്, തൈര്, മോര്, പേട, സിപ്പപ്പ് എന്നീ ഉൽപന്നങ്ങള് ഉണ്ടാക്കി വിൽപന നടത്തുന്നു.
മൂളിയാര്‍ ഗ്രാമപഞ്ചായത്ത് വനിത ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 11 വാര്‍ഡുകളിലായി വസ്ത്രനിർമാണ യൂനിറ്റും ആരംഭിച്ചു. ഇതിലൂടെ 46 പേര്‍ക്ക് തൊഴില്‍ നല്‍കാനായി. അഗ്രി ന്യൂട്രിന്റെ ഭാഗമായി സ്ഥിരം നാട്ടുചന്തകള്‍, ഓണം- വിഷു വിപണന മേള തുടങ്ങിയവയും സംഘടിപ്പിച്ചു.
ഇത് കുടുംബശ്രീ ഉൽപന്നങ്ങള് വിറ്റഴിക്കാനുള്ള വിപണികളായി മാറി. കൂടാതെ ഹൈപര്‍ മാര്‍ക്കറ്റുകളിലും കടകളിലും ഉൽപ്പന്നങ്ങള്‍ നല്കി വരുന്നു. അഗ്രിന്യൂട്രി ഗാര്ഡന് ജില്ലതല മോഡല്‍ പ്ലോട്ട് രണ്ട് ഏക്കര്‍ സ്ഥലത്ത് മൂളിയാറില്‍ കൃഷി ചെയ്തു. ആറ് ഏക്കറോളം തണ്ണിമത്തന് കൃഷിയും നടത്തി. കൂടാതെ കുടുംബശ്രീ തലത്തിലും വാര്‍ഡ് തലത്തിലും 21 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തു.
മൂളിയാര്‍ സി.ഡി.എസ് ഏറ്റെടുത്ത് നടത്തിയ മറ്റൊരു ശ്രദ്ധേയമായ പ്രവർത്തനമാണ് ‘ആകാശത്തൊരു കുട്ടി യാത്ര’. മുളിയാറിലെ ബാലസഭ കുട്ടികളില്‍നിന്നായി സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ ഉള്‍പ്പെടെ 11 കുട്ടികളെയുംകൊണ്ട് വിമാനയാത്ര സംഘടിപ്പിച്ചു. ബാലസഭ കുട്ടികള്‍ക്ക് പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി മഞ്ചക്കല്‍ വനപ്രദേശത്തെ പച്ചപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ കാമ്പയിന്, ബാലസഭ കുട്ടികള്‍ക്ക് വേരിയ എന്ന പേരില്‍ സ്റ്റേജ് പരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചു. ബാലസഭ രൂപവത്കരണ യജ്ഞത്തിലൂടെ ഒറ്റദിവസംകൊണ്ട് 41 ബാലസഭകള് രൂപവത്കരിച്ചു. സ്പെഷല്‍ ലൈവ്ലിഹുഡിന്റെ ഭാഗമായി ബഡ്സ് സ്കൂള്‍ 30 കുട്ടികള്‍ക്ക് 10 വീതം കോഴിയും കൂടും നല്‍കിയത് മറ്റൊരു ശ്രദ്ധേയമായ പദ്ധതിയാണ്.
പള്ളിക്കര പഞ്ചായത്ത് മുന്‍ സി.ഡി.എസ് ചെയര്‍പേഴ്സന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച സി.ഡി.എസ് ചെയര്‍പേഴ്സനുള്ള പത്മിനിയം എന്‍ഡോമെന്റ് പുരസ്കാരത്തിന് മുളിയാര്‍ സി.ഡി.എസ് ചെയര്പേഴ്സൻ ഖൈറുന്നീസയെ തിരഞ്ഞെടുത്തതും പ്രവർത്തന മികവിന്റെ നേട്ടമായാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.