കാസര്‍കോട് നഗരത്തിൽ വീണ്ടും സദാചാര ആക്രമണം; ബി.എം.എസ് പ്രവർത്തകർ അറസ്റ്റിൽ
text_fieldsകാസര്‍കോട്: സദാചാര പൊലീസ് ചമഞ്ഞ് നഗരത്തിൽ വീണ്ടും വിദ്യാർഥികൾക്കുനേരെ ആക്രമണം. നഗരത്തിൽ സിനിമ കാണാനെത്തിയ പ്ലസ് ടു വിദ്യാർഥിക്കും വിദ്യാർഥിനിക്കുമെതിരെയാണ് സംഘടിത ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ബി.എം.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞദിവസം തളങ്കരയിൽ സമാനരീതിയിലെ ആക്രമണം നടന്നതിനു പിന്നാലെയാണ് പുതിയ സംഭവം. വിദ്യാനഗറിലെ പ്രശാന്ത് (26), അണങ്കൂര്‍ ജെ.പി നഗറിലെ പ്രദീപ് (37), ശശിധരന്‍ (37), നെല്ലിക്കാമൂലയിലെ വിനോദ് കുമാര്‍ (40), ദേവീനഗര്‍ പള്ളിത്തറ ഹൗസിൽ നാഗേഷ് (33) എന്നിവരെയാണ് കാസര്‍കോട് സി.ഐ പി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഉച്ചയോടെ നഗരത്തിലെ ഒരു തിയറ്ററില്‍ സിനിമ കാണാനെത്തിയ പ്ലസ് ടു വിദ്യാർഥികളായ ആൺകുട്ടിക്കും പെൺകുട്ടിക്കും നേരെയാണ് ആക്രമണം നടന്നത്. ബ്ലോക്ക് ഓഫിസിനുസമീപത്തെ തിയറ്ററിലേക്ക് ഇരുവരും കയറിയെങ്കിലും ടിക്കറ്റില്ലെന്ന് അറിയിച്ചതോടെ മടങ്ങി കെ.പി.ആര്‍ റാവു റോഡിന് സമീപത്തെത്തി. ഇതിനിടയിൽ അഞ്ചംഗസംഘമെത്തി വിദ്യാർഥികളെ തടഞ്ഞു.
വാക്കേറ്റത്തിനൊടുവിൽ കൈയേറ്റവും ചെയ്തു. പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തെങ്കിലും വിദ്യാർഥികൾ പരാതിയില്ലെന്ന് അറിയിച്ചു. എന്നാല്‍, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
മൂന്നുദിവസം മുമ്പ് തളങ്കരയിൽ സഹപാഠികള്‍ക്കൊപ്പം ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെയാണ് സദാചാര പൊലീസ് ചമഞ്ഞ് മര്‍ദിച്ചത്. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ഒരാളെ അറസ്റ്റുചെയ്തു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചുനടക്കുന്നത് നിരീക്ഷിക്കുന്ന ചില സംഘങ്ങള്‍ നഗരത്തിലുള്ളതായി പൊലീസ് പറഞ്ഞു. ഇവരെ കണ്ടെത്താൻ, നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും മാളുകളിലും തിയറ്ററുകളിലും സ്ഥാപിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ കാര്യക്ഷമമാക്കാന്‍ നിർദേശം നല്‍കിയതായി പൊലീസ് പറഞ്ഞു.
അക്രമത്തിനിരയായവര്‍ പരാതിപ്പെട്ടില്ലെങ്കിലും ആക്രമണം നടത്തുന്നവരെ ഒരു കാരണവശാലും പ്രതിചേര്‍ക്കാതെ വിടില്ലെന്നും ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.