മക്കളുമായി അമ്മമാർ ഇന്ന് കലക്ടറേറ്റ് പടിക്കലേക്ക്
text_fieldsകാസർകോട്: ദുരിതഭാരം ഒഴിയാതെ എൻഡോസൾഫാൻ രോഗികൾ. നീതിക്കായി അവർ മുട്ടാത്ത വാതിലുകളില്ല. ബധിരകർണങ്ങളിലാണ് അവരുടെ നിലവിളികൾ ചെന്നുപതിക്കുന്നത്. മുട്ടുന്നത് തുറക്കാത്ത വാതിലുകളിലും. മനുഷ്യരായി ജീവിക്കാനുള്ള അവകാശത്തിനായാണ് ഇവർ ഇല്ലായ്മക്കും വല്ലായ്മക്കുമിടയിൽ പോരാട്ടം നടത്തുന്നത്. എന്നിട്ടും ഫലമുണ്ടാകുന്നില്ല. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച എൻഡോസൾഫാൻ ബാധിതരും കുടുംബാംഗങ്ങളും കാസർകോട് കലക്ടറേറ്റിനു മുന്നിൽ സത്യഗ്രഹം നടത്തുന്നത്.
പട്ടികയിൽപ്പെടുത്തി കാരണമില്ലാതെ ഒഴിവാക്കിയ 1031 എൻഡോസൾഫാൻ ദുരിതബാധിതരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് സത്യഗ്രഹം നടത്തുന്നത്. ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ കലക്ടറേറ്റിനു മുന്നിൽ എൻഡോസൾഫാൻ ബാധിതരായ മക്കളുമായി അമ്മമാർ സത്യഗ്രഹമിരിക്കും.
പ്രമുഖ എഴുത്തുകാരനും കവിയുമായ കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളെ കൂടാതെ വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ സംബന്ധിക്കും.
2017 ഏപ്രിൽ അഞ്ചുമുതൽ ഒമ്പത് വരെ അഞ്ച് സ്ഥലങ്ങളിലായി നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്നും 1905 എൻഡോസൾഫാൻ ദുരിതബാധിതരെ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിലും പിന്നീട് ലിസ്റ്റിലെ എണ്ണം 287 ആയി ചുരുക്കി. ഇതോടെ ലിസ്റ്റിൽ നിന്ന് 1618 പേരാണ് പുറത്തായത്.
ഇതേതുടർന്ന് അമ്മമാർ നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി 76 പേരെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തി. 2019 ജനുവരി 30 ന് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന അമ്മമാരുടെ പട്ടിണി സമരത്തെ തുടർന്ന് 18 വയസ്സിനു താഴെയുള്ള 511 കുട്ടികളെ കൂടി പട്ടികയിൽ ഉൾപ്പെടുത്താൻ അധികൃതർ തയാറായി.
എന്നാൽ ബാക്കി വന്ന 1031 പേർ ഇപ്പോഴും ലിസ്റ്റിന് പുറത്താണ്. ഇവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കം ബന്ധപ്പെട്ടവർക്കെല്ലാം നിവേദനങ്ങളും പരാതിയും നൽകിയെങ്കിലും അനുകൂലമായ നടപടികൾ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് അമ്മമാർ സത്യഗ്രഹ പ്രക്ഷോഭവുമായി കലക്ടറേറ്റ് പടിക്കലെത്തുന്നത്.
എപ്പോഴെങ്കിലും അധികൃതർ കണ്ണുതുറക്കുമെന്ന പ്രതീക്ഷയിലാണ് തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് ശിക്ഷ അനുഭവിക്കേണ്ടിവരുന്ന എൻഡോസൾഫാൻ ദുരിതബാധിതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.