നഗരസഭ: ചെയർമാന്റെ രാജി ഇന്നേക്ക് മാറ്റി
text_fieldsകാസർകോട്: ഇന്നലെ നഗരസഭയിൽ കൂടിനിന്ന ലീഗ് പ്രവർത്തകരെയും ചെയർമാൻ വി.എം. മുനീറിെൻറ രാജിക്കത്ത് വാങ്ങാൻ കാത്തിരുന്ന സെക്രട്ടറിയെയും നിരാശരാക്കി രാജി ഇന്നേക്ക് മാറ്റി. ലീഗ് നേതൃത്വത്തെ ആശങ്കയുടെ മുനയിലാഴ്ത്തിയ മുനീറിെന്റ നീക്കത്തിൽ നേതൃത്വത്തിനും സംശയം ജനിച്ചു.
ചൊവ്വാഴ്ച വൈകീട്ട് രാജിവെക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇക്കാര്യം സെക്രട്ടറിയെ വി.എം. മുനീർ വിളിച്ചറിയിച്ചിരുന്നു. വൈകീട്ട് ആറര വരെയാണ് സമയം പറഞ്ഞിരുന്നത്. ഇതനുസരിച്ച് സെക്രട്ടറി അതുവരെ കാത്തുനിന്നു. പിന്നീട് ഇന്നേക്ക് മാറ്റിയതായി സെക്രട്ടറിയെ അറിയിക്കുകയായിരുന്നു. അതിനിടെ നഗരസഭയുടെ പുതിയ ചെയർമാനായി അബ്ബാസ് ബീഗത്തെ പരിഗണിക്കപ്പെടുമ്പോൾ അബ്ബാസ് ബീഗം വഹിച്ചു വന്നിരുന്ന നഗരവികസന സമിതി ചെയർമാൻ സ്ഥാനത്തേക്ക് മമ്മു ചാലയെ പരിഗണിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്ത്.
വി.എം മുനീർ കൗൺസിലർ സ്ഥാനം കൂടി രാജിവെക്കുകയാണെങ്കിൽ നഗര വികസന സമിതി അംഗങ്ങളിൽ ഒരാളെയായിരിക്കും പരിഗണിക്കേണ്ടിവരുക. അല്ലാത്ത പക്ഷം മുനീറിന് ഏറ്റെടുക്കാം. എന്നാൽ മുനീർ കൗൺസിൽ സ്ഥാനവും രാജിവെച്ചാൽ പ്രശ്നം ഉയരും. നിലവിൽ അബ്ബാസ് ബീഗം കൂടാതെ സഹീർ ആസിഫ്, സൈനുദ്ദീൻ, അസ്മ എന്നിവരാണ് നഗരവികസന സ്ഥിരം സമിതി അംഗങ്ങൾ. അതിൽ സഹീർ ആസിഫിനെ പുതിയ ഒഴിവിലേക്ക് പരിഗണിക്കുന്നതിനോട് ചില ലീഗ് കൗൺസിലർമാർ തന്നെ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് വിവരം.
എന്നാൽ നിലവിൽ യൂത്ത് ലീഗ് ജില്ല ജന.സെക്രട്ടറി പദവി കൂടി വഹിക്കുന്ന സഹീർ ആസിഫിനെ ആ കാരണത്താൽ സ്ഥിരം സമിതി ചെയർമാനാക്കാൻ പരിഗണിക്കില്ല എന്നാണ് സൂചന. ഇതുകൂടാതെ ഈ ഒഴിവിലേക്ക് തന്നെയാണ് പരിഗണിക്കേണ്ടത് എന്ന ആവശ്യം നേതൃത്വത്തിലെ ചിലരെ മമ്മു ചാല ധരിപ്പിച്ചിട്ടുണ്ട് . നിലവിലെ ഭരണ സമിതി അധികാരമേൽക്കുമ്പോൾ പാർട്ടി തീരുമാനിച്ച സ്ഥിരം സമിതി ചെയർമാന്മാരിൽ ഒരാൾ മമ്മു ചാലയായിരുന്നു.
എന്നാൽ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി ചെയർമാൻ സ്ഥാനത്തേക്ക് മമ്മുചാലയെ ലീഗ് നാമ നിർദേശം ചെയ്തുവെങ്കിലും അതിൽ ലീഗ്-ബി.ജെ.പി കക്ഷികൾക്ക് തുല്യ അംഗങ്ങളായതോടെ നറുക്കെടുപ്പിൽ ബി.ജെ.പി യുടെ രജനി വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാനായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അന്ന് അവസരം നഷ്ടപ്പെട്ട തന്നെയാണ് പുതിയ ഒഴിവിലേക്ക് നേതൃത്വം പരിഗണിക്കേണ്ടത് എന്നാണ് മമ്മുവിന്റെ വാദം.
സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് മമ്മുചാലയെ നേതൃത്വം പരിഗണിക്കാതിരുന്നാൽ മമ്മുവും ചില ലീഗ് കൗൺസിലർമാരും ഇടയാൻ സാധ്യതയുണ്ടത്രെ. രണ്ട് കൗൺസിലർമാർ മമ്മുവിനെ പിന്തുണക്കുന്നുണ്ട്. വിമതരായി രണ്ടു പേർ വേറെയുണ്ട്. ലീഗിന്റെ 21 ബി.ജെ.പിയുടെ 14 എന്നിവർക്കിടയിൽ അഞ്ച് പേർ പുറത്തുണ്ട്. 38 അംഗ കൗൺസിലിൽ അവിശ്വാസം വന്നാൽ 20 തികക്കാൻ ലീഗ് വിയർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.