ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം: മുസ്ലിം ജമാഅത്ത് മാർച്ച് നാളെ
text_fieldsകാസർകോട്: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ മദ്യലഹരിയിൽ വാഹനമിടിച്ച് കൊല്ലുകയും തെളിവ് നശിപ്പിക്കാൻ അധികാര സ്വാധീനം ഉപയോഗപ്പെടുത്തുകയും ചെയ്ത ശ്രീരാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറായി നിയമിച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി ശനിയാഴ്ച കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് വിദ്യാനഗർ ഗവ. കോളജ് പരിസത്തുനിന്നും മാർച്ച് തുടങ്ങും. കെ.എം. ബഷീറിന്റെ മരണത്തിൽ പ്രതി സ്ഥാനത്തുള്ളത് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
അപകടം നടന്ന ഉടനെ ഔദ്യോഗിക പിൻബലം ഉപയോഗിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചു. മജിസ്ട്രേറ്റിന്റെ അധികാരമുള്ള തസ്തികയിൽ ഇത്തരം വ്യക്തിയെ നിയമിക്കുന്നതുവഴി ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്നതാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി.എൻ. ജാഫർ സാദിഖ് ഉദ്ഘാടനം ചെയ്യും.
വാർത്തസമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡന്റ് ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി, കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി, അഷ്റഫ് സഅദി ആരിക്കാടി, അബ്ദുൽ റഹ്മാൻ സഖാഫി പൂത്തപ്പലം, സി.എൽ. ഹമീർ ചെമ്മനാട് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.