മത്സരത്തിലുറച്ച് ഗ്രൂപ്പുകൾ: മുസ് ലിം ലീഗ് സമ്മേളനം 17 മുതൽ 22 വരെ
text_fieldsകാസർകോട്: മുസ് ലിം ലീഗ് ജില്ല സമ്മേളനം 17 മുതൽ 22 വരെ നടത്താൻ ജില്ല യോഗം തീരുമാനിച്ചു. ജില്ല നേതൃത്വത്തിലേക്ക് മത്സരം ഉറപ്പിച്ച സാഹചര്യത്തിലാണ് സമ്മേളനം നടക്കുന്നത്. നിലവിൽ പ്രസിഡന്റ് ടി.ഇ. അബ്ദുല്ലയുടെ നിര്യാണത്തെത്തുടർന്നാണ് നേതൃത്വത്തിലേക്ക് മത്സര സാധ്യത തെളിഞ്ഞത്.
നിലവിലുള്ള ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ പ്രസിഡന്റ് സ്ഥാനത്തേക്കും മുൻ ജില്ല പ്രസിഡന്റ് എ.ജി.സി ബഷീർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും സാധ്യത കൽപിക്കുന്ന സമ്മേളനത്തിൽ കല്ലട്ര മാഹിൻ ജില്ല പ്രസിഡന്റ് സ്ഥാനത്തേക്കും പി.എം. മുനീർ ഹാജി ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരത്തിൽ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിലാണ്.
രണ്ടു ഗ്രൂപ്പുകളായി നേതൃത്വം തിരിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, സി.ടി. അഹമ്മദലി എന്നിവർ ഇരുവിഭാഗത്തിലും പെടാതെ നിലയുറപ്പിച്ചിരിക്കുകയാണ്.
ഫെബ്രുവരി 17 വെള്ളിയാഴ്ച ഉച്ച രണ്ട് മണിക്ക് നഗരസഭ കോൺഫറൻസ് ഹാൾ പരിസരത്ത് മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി.അഹമ്മദലി പതാക ഉയർത്തും. തുടർന്ന് 2.30 മണിക്ക് കോൺഫറൻസ് ഹാളിൽ വനിതാ സംഗമവും ജില്ല കമ്മിറ്റി രൂപവത്കരണവും നടത്തും.
18ന് രാവിലെ 10 മണിക്ക് മുസ് ലിം ലീഗ് ജില്ല സമാപന പ്രവർത്തക സമിതി യോഗം ടി.എ. ഇബ്രാഹിം സ്മാരക മന്ദിരത്തിൽ ചേരും. 19 ന് നഗരസഭ കോൺഫറൻസ് ഹാളിൽ രാവിലെ 10 മണിക്ക് യുവജന വിദ്യാർത്ഥി സംഗമവും ഉച്ച രണ്ട് മണിക്ക് തൊഴിലാളി സംഗമവും സംഘടിപ്പിക്കും.
ഫെബ്രുവരി 21 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നഗരസഭ കോൺഫറൻസ് ഹാളിൽ മുസ് ലിം ലീഗ് ജില്ല പ്രസിഡന്റ് ടി.ഇ. അബ്ദുല്ല അനുസ്മരണ സമ്മേളനവും 12 മണിക്ക് നിലവിലുള്ള ജില്ല കൗൺസിലിന്റെ സമാപന പ്രതിനിധി സമ്മേളനവും നടത്തും. ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സംബന്ധിക്കും.
22ന് മുനിസിപ്പൽ ടൗൺ ഹാളിൽ പുതിയ കൗൺസിൽ യോഗം ചേരും. യോഗത്തിൽ ജില്ല ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുക്കും. തെരഞ്ഞെടുപ്പ് സമിതി കൺവീനർ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കൂടിയായ സി.പി. ചെറിയമുഹമ്മദ്, സമിതി അംഗങ്ങളായ നജീബ് കാന്തപുരം എം.എൽ.എ, അഡ്വ. മുഹമ്മദ് ഷാ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിക്കും.
പ്രസിഡന്റ് വി.കെ.പി. ഹമീദലി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ, സി.ടി. അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, എ.കെ.എം. അഷ്റഫ് എം.എൽ.എ, കെ. മുഹമ്മദ് കുഞ്ഞി, വി.പി. അബ്ദുൽ ഖാദർ, വി.കെ. ബാവ, പി.എം. മുനീർ ഹാജി, മൂസ ബി. ചെർക്കള എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.