കാസർകോട് പാർലമെന്റ് മണ്ഡലം ഇടതു സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ പറയുന്നു: ഇത് കൈത്തെറ്റ് തിരുത്താനുള്ള പോരാട്ടം
text_fieldsകാസർകോട് ഇപ്പോഴും ഇടത് കോട്ടയാണോ?
കാസർകോട് പാർലമെന്റ് മണ്ഡലം ഇടത് കോട്ടയാണ്. അതിനു മാറ്റംവന്നിട്ടില്ല. കഴിഞ്ഞതവണ സംഭവിച്ചത് ഒരു കൈത്തെറ്റ്. അതിൽ ജനങ്ങൾക്ക് കുറ്റബോധമുണ്ട്. അത് തിരുത്താനുള്ള അവസരം മാത്രമാണ് ഈ തെരഞ്ഞെടുപ്പ്. ജനങ്ങളിൽ ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഈ തെരഞ്ഞെടുപ്പിന്റെ വിധി വരുമ്പോൾ നിങ്ങൾക്കത് മനസ്സിലാകും.
എന്താണ് ആ കൈത്തെറ്റിനു കാരണം?
മൂന്നര പതിറ്റാണ്ടുകാലം ഇടതു ജനാധിപത്യ മുന്നണിയുടെ കോട്ടകൊത്തളമാണ് കാസർകോട് പാർലമെന്റ് മണ്ഡലം. ഏഴു നിയമസഭ മണ്ഡലങ്ങളാണുള്ളത്. അതിൽ അഞ്ചും ഇടതുമുന്നണി പതിവായി വിജയിക്കുന്ന മണ്ഡലമാണ്. മഞ്ചേശ്വരവും കാസർകോടും മാത്രമാണ് യു.ഡി.എഫിന്റേതായുള്ളത്. ആ രണ്ട് മണ്ഡലങ്ങളിലും ഇടതുപക്ഷം ശക്തമാണ്. കഴിഞ്ഞതവണ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ചു. അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് പുകമറ സൃഷ്ടിച്ചു പ്രചാരണം നടത്തി. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടത് ഉൾപ്പെടെ വേറെ ചില പ്രശ്നങ്ങളും കേരളത്തിൽ അങ്ങോളമിങ്ങോളം അലയടിച്ചപ്പോൾ ചെറിയ വോട്ടിന് അവർ വിജയിച്ചു. അതൊരു കൈത്തെറ്റായിരുന്നു. അതിൽ ജനം നിരാശരാണ്. അത് ഈ തെരഞ്ഞെടുപ്പിൽ തിരുത്താനാണ് അവർ കാത്തിരിക്കുന്നത്.
ആ കൈത്തെറ്റിൽ വിജയിച്ച എം.പിയുടെ പ്രവർത്തനങ്ങളെ എങ്ങനെ കാണുന്നു?
ഞാൻ ഒരു സ്ഥാനാർഥിയെക്കുറിച്ച് വിമർശിക്കുന്നില്ല. അദ്ദേഹം മത്സരിക്കുന്നുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. ആര് സ്ഥാനാർഥിയായാലും ആയില്ലെങ്കിലും ഇടതുമുന്നണി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. കഴിഞ്ഞ അഞ്ചുവർഷം എന്താണ് ഈ പാർലമെന്റ് മണ്ഡലത്തിൽ ഉണ്ടായത്. അനുഭവമാണല്ലോ ഗുരു. കഷ്ടമായിപ്പോയി എന്ന് പറയാനല്ലേ കഴിയൂ. അവർക്ക് നഷ്ടപ്പെട്ടത് അഞ്ച് വർഷമാണ്.
ഒരു ലക്ഷത്തിനു മുകളിൽ ഭുരിപക്ഷമുണ്ടായിരുന്നു. ചോർച്ചയുണ്ടായിട്ടുണ്ടോ?
തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് അതാത് കാലങ്ങളിൽ ചില പ്രശ്നങ്ങൾ ഉയർന്നുവരും. ഓരോ തെരഞ്ഞെടുപ്പിലും വോട്ടർമാരുടെ എണ്ണം കൂടിവരികയാണ്. 14 ലക്ഷത്തിലധികം വോട്ടർമാരാണ് ഇത്തവണയുള്ളത്. 2019ലെ തെരഞ്ഞെടുപ്പിൽ 12 ലക്ഷത്തിലേറെ വോട്ടർമാരാണ് ഉണ്ടായിരുന്നത്. സ്വാഭാവികമായും നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് പുതിയ പ്രശ്നങ്ങൾ ഉയർന്നുവരും. പാർലമെന്റ് തെരഞ്ഞെടുപ്പിലായാലും അസംബ്ലി തെരഞ്ഞെടുപ്പിലായാലും അവ ജനങ്ങളെ സ്വാധീനിക്കും. അതിനോട് ജനങ്ങൾ പ്രതികരിക്കും. അതാണ് അന്നൊക്കെയുണ്ടായിരുന്നത്. ഇന്ന് അങ്ങനെയുള്ള യാതൊരു സ്ഥിതിവിശേഷവും ഈ പാർലമെന്റ് തെരഞ്ഞെടുപ്പിനു മുന്നിലില്ല. അതുകൊണ്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അനുകൂലമായ സാഹചര്യമാണ് സംജാതമായിട്ടുള്ളത്.
പുതിയ വോട്ടർമാരായ വിദ്യാർഥികളുടെ പ്രതികരണം?
ഞാൻ നേരത്തേ പല സ്ഥാനാർഥികൾക്കുമൊപ്പം കോളജുകളിൽ പോയിട്ടുണ്ട്. അന്ന് ഞാൻ സ്ഥാനാർഥിയായിരുന്നില്ല. സംഘാടകൻ മാത്രമാണ്. ഇപ്പോൾ സ്ഥാനാർഥിയെന്ന നിലയിലാണ് നിയോജക മണ്ഡലങ്ങളിലെ എല്ല കോളജുകളിലും പോകുന്നത്. അതിൽ ബി.എഡ്, ആർട്സ് ആൻഡ് സയൻസ് കോളജ്, പ്രഫഷനൽ കോളജ് എന്നിവയുണ്ട്. കോളജുകളിൽ കയറിയിറങ്ങുമ്പോൾ വല്ലാത്ത പോസിറ്റിവ് എനർജിയാണ് ലഭിക്കുന്നത്. കുട്ടികളുടെ തെരഞ്ഞെടുപ്പിനോടുള്ള സമീപനം വളരെ നല്ലതാണ്. രാഷ്ട്രീയത്തെക്കുറിച്ച് അവർ ബോധവാന്മാരാണ്. അപകടത്തിലായ ഇന്ത്യൻ ഭരണഘടന സംരക്ഷിക്കണം. മതനിരപേക്ഷത, പാർലമെന്ററി ജനാധിപത്യം സംരക്ഷിക്കണം, സാമൂഹിക നീതി നടപ്പാക്കണം എന്നൊക്കെ പറയുമ്പോൾ അവരിൽ വലിയ ആവേശം പ്രകടമാണ്. അതെനിക്ക് കൃത്യമായി ഫീൽ ചെയ്തിട്ടുണ്ട്. ഇടതുപക്ഷ സ്ഥാനാർഥിയെന്ന നിലയിൽ എന്നെ വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകത അവർ ഉൾക്കൊള്ളുന്നുണ്ട്.
ന്യൂനപക്ഷ മേഖലകൾ എങ്ങനെ ചിന്തിക്കുന്നു?
മഞ്ചേശ്വരത്തെ ഭാഷാന്യൂനപക്ഷ മേഖലകളിൽ ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ പര്യടനം നടത്തിയിരുന്നു. അവരുടെ ഇടയിൽ ഇടതു സ്ഥാനാർഥിയെ ജയിപ്പിക്കണമെന്ന അഭിവാഞ്ജയുണ്ട്. മതന്യൂനപക്ഷം ഉത്കണ്ഠാകുലരാണ്. പതിവ് ശൈലിയിൽ അവർ യാന്ത്രികമായി വോട്ടു ചെയ്യുമെന്ന് ആരും കരുതേണ്ടതില്ല. പ്രബലരായ മത-ന്യൂനപക്ഷ വോട്ടർമാരും അവരെ നിയന്തിക്കുന്നവരും എന്നെ നേരിൽ കണ്ട് പിന്തുണ പ്രഖ്യാപിച്ചു. അത് ഏറെ ആത്മവിശ്വാസം പകരുന്നതാണ്. പൗരത്വ ഭേദഗതി ബിൽ, ഫലസ്തീൻ വിഷയം എന്നീ കാര്യങ്ങളിൽ സുശക്തമായ നിലപാട് ഇടതുപക്ഷത്തിനുണ്ടെന്ന് അവർക്കറിയാം. കോൺഗ്രസിന് ഇപ്പോഴും ഇക്കാര്യത്തിൽ ഒരു ഉറച്ച നിലപാട് സ്വീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഉറച്ച നിലപാട് സ്വീകരിച്ചാൽ വോട്ട് നഷ്ടപ്പെടുമോയെന്ന ഭയം അവരെ അലട്ടുന്നു. അങ്ങനെയുള്ളവരെ ന്യൂനപക്ഷങ്ങൾക്ക് എങ്ങനെ വിശ്വസിക്കാൻ കഴിയും. രാമക്ഷേത്രം നിർമിക്കുന്നതിന് ഞങ്ങൾ എതിരല്ല. എന്നാൽ, ബാബ്രി മസ്ജിദ് നിന്ന സ്ഥാനത്ത് അതു പൊളിച്ചുമാറ്റി ക്ഷേത്രം നിർമിക്കേണ്ടതുണ്ടോയെന്നാണ് ഞങ്ങൾ ചോദിക്കുന്നത്. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയെ തെരഞ്ഞടുക്കുന്നത്. അദ്ദേഹം ക്ഷേത്ര പൂജാരിയെപോലെ വിഗ്രഹ പ്രതിഷ്ഠയുടെ യജമാനനാകുകയാണുണ്ടായത്.
ബി.ജെ.പി സ്ഥാനാർഥിയെ എങ്ങനെ കാണുന്നു?
ബി.ജെ.പി സ്ഥാനാർഥിയെ അവർ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ എന്തെങ്കിലും ദുരൂഹത ആരോപിക്കാൻ ഇപ്പോൾ ഞാൻ ആളല്ല. കുറച്ചുകൂടി കഴിഞ്ഞ് വ്യക്തമായി മനസ്സിലാക്കിയശേഷം അതുസംബന്ധിച്ച് ഞാൻ പറയും.
വലിയ വെല്ലുവിളിയാണ്, സമ്മർദമുണ്ടോ?
വളരെ ചെറിയ പ്രായത്തിൽ പാർട്ടി പ്രവർത്തനം തുടങ്ങിയ ആളാണ് ഞാൻ. ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചു തുടങ്ങി. ലോക്കൽ സെക്രട്ടറിയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി, ജില്ല പഞ്ചായത്ത് പ്രസിഡന്റായി, ഖാദി ഗ്രാമോദ്യോഗ ബോർഡ് വൈസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഇപ്പോൾ പാർട്ടി പറയുന്നു പാർലമെന്റിലേക്ക് മത്സരിക്കണമെന്ന്. എന്റെ പാർട്ടി പറഞ്ഞിടത്ത് ഞാൻ നിൽക്കും. ഇനിയും ബ്രാഞ്ച് സെക്രട്ടറിയാകാൻ പറഞ്ഞാൽ അത് ചെയ്യും. എം.വി. ബാലകൃഷ്ണൻ മാഷ് എന്താണെന്ന് എല്ലാവർക്കും അറിയാം. എന്നെ ഏൽപിച്ചത് സുരക്ഷിതമായി മണ്ഡലം തിരിച്ചുപിടിക്കാനാണ്. അത് വെല്ലുവിളിയാകുന്ന വിഷയമേ അല്ല. തിരിച്ചുപിടിച്ചിരിക്കും. ജനങ്ങൾ അതിനായി കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.