‘എന്റെ കേരളം’ സമാപനത്തിലേക്ക്...
text_fieldsകാസർകോട്: രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷികാഘോഷത്തോടനുബന്ധിച്ച് കാലിക്കടവ് മൈതാനിയിൽ നടക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിൽപന മേള സമാപനത്തിലേക്ക്. ജനം ഇരുകൈയും നീട്ടി സ്വീകരിച്ച പ്രദർശന-വിൽപന മേളകളിൽ എല്ലാ സ്റ്റാളുകളും ഒന്നിനൊന്ന് മെച്ചപ്പെട്ടതാണ്.
രുചിവൈവിധ്യങ്ങളുമായി ഫുഡ് കോർട്ട്
പിണറായി സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാലിക്കടവ് മൈതാനത്തൊരുക്കിയ ‘എന്റെ കേരളം’ പ്രദർശനം വിപണനമേളയുടെ ഭാഗമായി സജ്ജീകരിച്ചിരിക്കുന്ന കഫേ കുടുംബശ്രീ ഫുഡ് കോർട്ടിൽ രുചിവൈവിധ്യങ്ങളുടെ ലോകം തുറന്നു.
പച്ചയില മസാലകളും കോഴി ജീരകവും അരച്ചുചേർത്ത് തയാറാക്കുന്ന ഹെർബൽ ചിക്കൻ വിഭാഗത്തിൽപെടുന്ന അട്ടപ്പാടിയിലെ വനസുന്ദരി മുതൽ കാസർകോടിന്റെ തനതു വിഭവമായ നെയ്പത്തിരിയും ചിക്കൻ സുക്കയും വരെ നീളുന്ന വിഭവങ്ങൾ ഇവിടെയുണ്ട്. മനസ്സിനും ശരീരത്തിനും കുളിർമ നൽകുന്ന ശീതളപാനീയങ്ങളുമുണ്ട്.
കാലിക്കടവ് മൈതാനത്തൊരുക്കിയ ഫുഡ് കോർട്ടിൽനിന്ന്
മലബാറിലെ വിവിധ പലഹാരങ്ങളും ലഭ്യമാണ്. ഇനി സമുദ്ര വിഭവങ്ങൾക്ക് പ്രത്യേക വിഭാഗവും ഫിഷറീസ് വകുപ്പിന് കീഴിലുള്ള വനിത സംരംഭമായ സാഫ് ഫുഡ് കോർട്ട് ഒരുക്കിയിട്ടുണ്ട്. വിവിധതരം ഫിഷ് ബിരിയാണി, കിഴി ബിരിയാണി, മീൻ പൊള്ളിച്ചത്, കരിമീൻ ഫ്രൈ, ചെമ്മീൻ ഫ്രൈ, എളമ്പക്ക ഫ്രൈ, ചെമ്മീൻ റോസ്റ്റ്, ഞണ്ട് റോസ്റ്റ്, കപ്പ മീൻകറി എന്നിവ ഈ സ്റ്റാളിൽനിന്ന് ലഭിക്കും. ശീതളപാനീയങ്ങൾ തയാറാക്കാൻ ട്രാൻസ്ജെൻഡർ കൂട്ടായ്മ ‘ലക്ഷ്യ’യിലെ പ്രവർത്തകരാണ് കാലിക്കടവ് എത്തിയിരിക്കുന്നത്.
ആരോഗ്യ സെമിനാർ
ചെറുവത്തൂർ: രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ആരോഗ്യ സെമിനാർ നടത്തി. ജില്ല മെഡിക്കൽ ഓഫിസ് (ആരോഗ്യം), ദേശീയ ആരോഗ്യദൗത്യം എന്നിവയുടെ ആഭിമുഖ്യത്തിൽ കാലിക്കടവ് മൈതാനിയിൽ സംഘടിപ്പിച്ച പരിപാടി ജില്ല പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ്.എൻ. സരിത ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ. പി.വി. അരുൺ അധ്യക്ഷത വഹിച്ചു.
ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ അബ്ദുൽ ലത്തീഫ് മഠത്തിൽ സ്വാഗതവും നീലേശ്വരം താലൂക്കാശുപത്രി ഹെൽത്ത് സൂപ്പർവൈസർ അജിത് സി. ഫിലിപ് നന്ദിയും പറഞ്ഞു. ജില്ല വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫിസർ എൻ.എ. ഷാജു, ടെക്നിക്കൽ അസി. എം. ചന്ദ്രൻ, പി.പി. ഹസീബ് എന്നിവർ സംസാരിച്ചു.
ആരോഗ്യ ബോധവത്കരണ പരിപാടി ജില്ല പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. എസ്.എൻ. സരിത ഉദ്ഘാടനം ചെയ്യുന്നു
തുടർന്ന് നടന്ന ആരോഗ്യ സെമിനാറിൽ ജില്ല സർവയലൻസ് ഓഫിസർ ഡോ. ബി. സന്തോഷ്, റിട്ട. ജില്ല വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫിസർ വി. സുരേശൻ, ജനകീയ ആരോഗ്യകേന്ദ്രം ജില്ല നോഡൽ ഓഫിസർ ഡോ. ധന്യ മനോജ് എന്നിവർ വിഷയാവതരണം നടത്തി. എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് ആരോഗ്യവകുപ്പും ദേശീയ ആരോഗ്യദൗത്യവും ചേർന്ന് തയാറാക്കിയ ആരോഗ്യം ആനന്ദം എക്സിബിഷൻ സ്റ്റാളും ജനശ്രദ്ധയാകർഷിച്ചു.
സ്റ്റാൾ സന്ദർശിക്കുന്നവർക്ക് ബ്ലഡ് പ്രഷർ പരിശോധന, ബോഡി മാസ് ഇൻഡക്സ്, പ്രമേഹ പരിശോധന, യു.എച്ച് ഐഡി, ആഭ കാർഡ് തയാറാക്കൽ, പോഷകാഹാര പ്രദർശനവും കൗൺസലിങ്ങും ഓൺലൈൻ ക്വിസ്, കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിയുടെ ഹെൽപ് ഡെസ്ക്, സെൽഫി പോയന്റ് എന്നിവ ഒരുക്കിയിട്ടുണ്ട്. ദിവസവും വൻ ജനപങ്കാളിത്തമാണ് സ്റ്റാളിൽ ഉള്ളതെന്ന് പരിപാടിയുടെ ആരോഗ്യവകുപ്പ് ജില്ല നോഡൽ ഓഫിസർ ഡോ. ബി. സന്തോഷ് അറിയിച്ചു.
സംഗീതസാന്ദ്രമാക്കി നീലാംബരി സംഗീതനിശ
‘എന്റെ കേരളം’ പ്രദർശന വിപണനമേളയുടെ നാലാം ദിവസം സംഗീതസാന്ദ്ര സായാഹ്നമാക്കി കല്ലറ ഗോപനും സംഘവും അവതരിപ്പിച്ച സംഗീതനിശ. നീലേശ്വരം നീലാംബരി ഓർക്കസ്ട്ര അവതരിപ്പിച്ച മധുരഗീതം സംഗീതനിശയാണ് നിറഞ്ഞ സദസ്സിനെ വിസ്മയിപ്പിച്ചത്. കല്ലറ ഗോപൻ, റാണി ജോയ് പീറ്റർ, മേഘ, അമൃത, സുശാന്ത്, ഹരി, രാജു, നിതിൻ, ജയരാജ്, ലാലു, ജനാർദനൻ, യേശുദാസ്, സെബാസ്റ്റ്യൻ, ജയരാജ് തുടങ്ങിയവരുടെ സംഘമാണ് സംഗീതനിശ നയിച്ചത്.
കല്ലറ ഗോപനും സംഘവും അവതരിപ്പിച്ച സംഗീതനിശ
കളിയും കാര്യവുമായി പവിലിയൻ
കായിക വകുപ്പിന്റെ പവിലിയനിൽ വ്യത്യസ്ത കായിക വിനോദങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ ഇഷ്ടകേന്ദ്രമായി പവിലിയൻ ഇതിനകം മാറി. ആർച്ചറി, ഡാഡ്സ്, ടേബിൾ ടെന്നിസ്, ഹോക്കി, ബാസ്കറ്റ് ബാൾ, ഫുട്ബാൾ, സ്കിപ്പിങ്, ബാലൻസിങ് ആൻഡ് മൈൻഡ് ഗെയിംസ് തുടങ്ങി കുട്ടികളുടെ ആരോഗ്യനിർണയത്തിനുള്ള സംവിധാനങ്ങൾവരെ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും കളിക്കാൻ കഴിയുന്നരീതിയിൽ വിവിധ കായികയിനങ്ങളുടെ മിനി സ്റ്റേഡിയമാണ് സന്ദർശകരെ കാത്തിരിക്കുന്നത്.
കായികവകുപ്പ് ഒരുക്കിയ പവിലിയനിൽനിന്ന്
സെൽഫിയെടുക്കൂ, സമ്മാനം നേടൂ
കാസർകോട്: ‘എന്റെ കേരളം’ പ്രദർശന വിപണനമേളയിൽ അവധിക്കാലം ആഘോഷമാക്കുന്ന വിദ്യാർഥികൾക്കും കുട്ടികൾക്കുമായി സെൽഫി കോൺടെസ്റ്റ് സംഘടിപ്പിക്കുന്നു. മികച്ച സെൽഫിക്ക് സമാപന ദിവസം സമ്മാനം നൽകും. സെൽഫി ഫോട്ടോകൾ 9605420162 എന്ന വാട്സ്ആപ് നമ്പറിൽ ശനിയാഴ്ച വൈകീട്ട് അഞ്ചിനകം നൽകണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.