നാലുപുരപ്പാട് വഖഫ് ഭൂമി: നിർമാണപ്രവർത്തനങ്ങൾ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു
text_fieldsതൃക്കരിപ്പൂർ: ഉടുമ്പുന്തല നാലുപുരപ്പാട് വഖഫ് ഭൂമിയിൽ സ്വകാര്യ വ്യക്തികൾക്ക് നിർമാണ പ്രവൃത്തിക്ക് അനുമതി നൽകിയ ഹൈകോടതി സിംഗിൾ ബെഞ്ചിന്റെ വിധി ഡിവിഷൻ ബെഞ്ച് മൂന്നു മാസംസ്റ്റേ ചെയ്തതായി ഉടുമ്പുന്തല മുസ് ലിം ജമാഅത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
1966ൽ നിയമപ്രകാരം വഖഫുൽ ഔലാദ് ആയി വഖഫ് ചെയ്യപ്പെട്ട ഭൂമിയാണ് അഞ്ച് ഏക്കറോളം വരുന്ന നാലുപുരപ്പാട് ഭൂമി. എന്നാൽ സ്ഥലത്തെ ചിലർ 1970കളിൽ സ്ഥലം കൈക്കലാക്കാൻ ശ്രമം തുടങ്ങി. തുടർന്ന് 1973ൽ കേസായി. പിന്നീട് നാട്ടുകാരും മുതവല്ലിയും ചേർന്ന് 1997ൽ ഹോസ്ദുർഗ് കോടതിയിൽ പരാതി നൽകിയതിനാലും 2008 വരെ നടപടി പൂർത്തിയായില്ല.
തൃക്കരിപ്പൂർ പഞ്ചായത്ത് നിർമാണ പ്രവർത്തനത്തിന് അനുമതി നൽകുന്നില്ല എന്നുകാണിച്ച് രാമന്തളി കടപ്പുറം സ്വദേശി ഹൈകോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ച് പരാതിക്കാരന് അനുകൂലമായി വിധിക്കുകയും പഞ്ചായത്തിനോട് കെട്ടിട നിർമാണത്തിന് അനുമതി നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഉത്തരവ് ചോദ്യം ചെയ്ത് ഉടുമ്പുന്തല മുസ്ലിം ജമാഅത്ത് കമ്മിറ്റി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് നിർമാണ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വാർത്തസമ്മേളനത്തിൽ ഉടുമ്പുന്തല മഹല്ല് ജമാഅത്ത് പ്രസിഡന്റ് കെ.പി. അബ്ദുസമദ് ഹാജി, സെക്രട്ടറി ഫൈസൽ കോച്ചൻ, ട്രഷറർ ടി.വി.അബ്ദുല്ല ഹാജി, നാസർ പുതിയേരി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.