ദേശീയ ബോക്സിങ് മീറ്റിലേക്ക് തഴയപ്പെട്ട വിദ്യാർഥിക്ക് അനുകൂല വിധി
text_fieldsകാസർകോട്: കാലിക്കറ്റ് സർവകലാശാല മീറ്റിൽ ബോക്സിങ്ങിലെ ഒന്നാം സ്ഥാനക്കാരനെ ഓൾ ഇന്ത്യ യൂനിവേഴ്സിറ്റി മീറ്റിൽ തഴഞ്ഞ നടപടിക്കെതിരെ ലോക് അദാലത് വിധി. കാലിക്കറ്റ് സർവകലാശാല 67 കിലോഗ്രാം വിഭാഗത്തിൽ സ്വർണമെഡൽ നേടിയ കൊടകര സഹൃദയ കോളജ് ബി.കോം മൂന്നാം വർഷ വിദ്യാർഥി നീലേശ്വരം മൂന്നാംകുറ്റിയിലെ ജീവൻ ജോസഫിനെയാണ് തഴഞ്ഞത്. മത്സരത്തിൽ സെമി ഫൈനലിൽ ജീവൻ ജോസഫിനോട് പരാജയപ്പെട്ട മത്സരാർഥിക്ക് നാഷനൽ യൂനിവേഴ്സിറ്റി മീറ്റിൽ സെലക്ഷൻ നൽകുകയും ചെയ്തിരുന്നു. ഇതിനെതിരെ കാലിക്കറ്റ് സർവകലാശാല കായിക വകുപ്പ് മേധാവിയുമായി ബന്ധപ്പെട്ടപ്പോൾ വളരെ മോശമായ അനുഭവമാണ് ഉണ്ടായതെന്ന് ജീവൻ പറഞ്ഞു.
ഡിസംബർ എട്ട്, ഒമ്പത് തീയതികളിൽ കാലിക്കറ്റ് സർവകലാശാല കാമ്പസിൽ അണ്ടർ 67 വിഭാഗം ബോക്സിങ് ചാമ്പ്യൻഷിപ്പിലാണ് ജീവൻ ജോസഫ് സ്വർണ മെഡൽ നേടി ദേശീയ മൽസരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. എന്നാൽ സർവകലാശാല ഇത് അംഗീകരിച്ചില്ല. അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കണമെങ്കിൽ സെമിഫൈനലിൽ ജീവൻ പരാജയപ്പെടുത്തിയ മൂന്നാം സ്ഥാനക്കാരനായ സെന്റ് അലോഷ്യസ് കോളജ് വിദ്യാർഥിയെ ഒരിക്കൽകൂടി തോൽപ്പിക്കണമെന്നായിരുന്നു സർവകലാശാല കായിക വകുപ്പ് അധികൃതരുടെ വാദം.
എന്നാൻ ഇത് അംഗീകരിക്കാൻ ജീവൻ തയ്യാറായില്ല. തുടർന്നാണ് മൂന്നാം സ്ഥാനക്കാരനെ ദേശീയ മത്സരത്തിൽ പങ്കെടുപ്പിക്കുന്നത്. അവഗണനയെ തുടർന്ന് ജീവൻ ജോസഫ് കോഴിക്കോട് ലോക് അദാലത്തിൽ പരാതി നൽകി. അദാലത്തിലെ വിധി അനുകൂലമായതോടെ ദേശീയ മീറ്റിൽ മത്സരിക്കാനുള്ള അവസരം ലഭിച്ചതായി ജീവൻ പറഞ്ഞു. നീലേശ്വരം പൂവാലാംകൈ മൂന്നാംകുറ്റി സ്വദേശിയും തൃശൂർ കൊടകര സഹൃദയ കോളജ് മൂന്നാം വർഷ ബികോം വിദ്യാർഥിയായ ജീവൻ ജോസഫിന് കോഴിക്കോട് ലീഗൽ സർവിസ് അതോറിറ്റി സബ് ജഡ്ജ് എം.പി. ഷൈജാലാണ് അനുകൂല വിധി പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.