ദേശീയപാത നടപ്പാത നിർമാണം പാതിവഴിയിൽ
text_fieldsമൊഗ്രാൽ: ദേശീയപാത വികസനത്തിന്റെ തുടക്കത്തിൽതന്നെ നിർമിക്കേണ്ടിയിരുന്ന കാൽനടക്കാർക്കായുള്ള നടപ്പാതനിർമാണം എങ്ങുമെത്തിയില്ല. ദേശീയപാതയുടെ 75 ശതമാനം നിർമാണപ്രവൃത്തികളും പൂർത്തിയായിട്ടും എങ്ങുമെത്താതെ നിൽക്കുകയാണ് നടപ്പാതകളുടെ പ്രവൃത്തി. പണി തുടങ്ങിയ സ്ഥലങ്ങളിലാകട്ടെ പാതിവഴിയിലും. നടപ്പാത ഇല്ലാത്തതിനാൽ വിദ്യാർഥികൾ അടക്കമുള്ള കാൽനടക്കാർ സർവിസ് റോഡിലൂടെയാണ് നടന്നുപോകുന്നത്.
ഓവുചാലിന്റെ ജോലികളും മിക്കയിടങ്ങളിലും പാതിവഴിയിലാണ്. അതുകൊണ്ടുതന്നെ മഴവെള്ളം മൊത്തം ഒഴുകുന്നത് സർവിസ് റോഡിലൂടെയാണ്. ഇത് കാൽനടക്കാർക്ക് ഏറെ ദുരിതമാകുന്നുണ്ട്. വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാർ ചളിയഭിഷേകത്തിൽ മുങ്ങും.
വിദ്യാർഥികളുടെ മേലും ചളികൾവെള്ളം തെറിച്ചുവീഴുന്നത് സ്കൂൾ പഠനം തടസ്സപ്പെടുന്നതിനും കാരണമാകുന്നു. ഒപ്പം, അപകടഭീഷണിയും.
മഴ തുടങ്ങിയപ്പോൾതന്നെ നിർമാണ കമ്പനി അധികൃതർ പകുതിയോളം തൊഴിലാളികൾക്ക് അവധി നൽകിയത് കാരണമാണ് നടപ്പാത നിർമാണം പാതിവഴിയിലാകാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
നടപ്പാത നിർമാണവും ഓവുചാല്‍ നിർമാണവും കാര്യക്ഷമമായി യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.