Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദേശീയപാത വികസനം: ആശങ്ക...

ദേശീയപാത വികസനം: ആശങ്ക പരിഹരിക്കണം - കാസർകോട് ജില്ല വികസന സമിതി

text_fields
bookmark_border
ദേശീയപാത വികസനം: ആശങ്ക പരിഹരിക്കണം - കാസർകോട് ജില്ല വികസന സമിതി
cancel

കാസർകോട്: ദേശീയപാത വികസനത്തിനിടയില്‍ പൊതുജനങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകള്‍ക്ക് പരിഹാരം കാണണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.അടിപ്പാത, സര്‍വിസ് റോഡ് തുടങ്ങിയ വിഷയങ്ങളാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നേരത്തേ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറണമെന്ന് എം.എല്‍.എമാര്‍ പറഞ്ഞു.

മയിച്ചയില്‍ സര്‍വിസ് റോഡും അടിപ്പാതയും നിർമിക്കാന്‍ തീരുമാനമായിട്ടുണ്ടെന്ന് ദേശീയപാത ഇന്‍ഡിപെന്‍ഡന്റ് എന്‍ജിനീയര്‍ യോഗത്തില്‍ അറിയിച്ചു. കൊവ്വലില്‍ അടിപ്പാത നിര്‍മിക്കാനുള്ള നിർദ്ദേശവും ദേശീയപാത അതോറിറ്റിയുടെ സജീവ പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.ടാറ്റാ ട്രസ്റ്റ് ആശുപത്രിയുടെ ഭൂമി പൂര്‍ണമായും ആരോഗ്യവകുപ്പിന് കൈമാറുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ആവശ്യപ്പെട്ടു.

ഭൂമി ആരോഗ്യ വകുപ്പിന് കൈമാറുന്നതിനായി നിർദേശം സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്ന് എ.ഡി.എം മറുപടി നല്‍കി. ടാറ്റാ ട്രസ്റ്റ് ആശുപത്രിയെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയാക്കുന്നതിനുള്ള പദ്ധതി നിർദേശം ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. കാലിയടുക്കം പട്ടികവര്‍ഗ്ഗ കോളനിയിലെ അറുപതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച കുണ്ടംകുഴി - പായം -ഉണുപ്പുംകല്ല് റോഡ് നിർമാണ നടപടി പുരോഗതി അറിയിക്കണമെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു.

കോളിച്ചാല്‍ -എടപ്പറമ്പ് മലയോര ഹൈവേയില്‍ പാണ്ടി വനഭൂമിയിലൂടെയുള്ള റോഡിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ടുണ്ട് എന്നും പ്രവൃത്തികള്‍ ജനുവരി 10നകം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

എം.എല്‍.എമാരായ എം. രാജഗോപാലന്‍, എ.കെ.എം.അഷ്‌റഫ്, എന്‍.എ. നെല്ലിക്കുന്ന്, ഇ. ചന്ദ്രശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രതിനിധി സാജിദ് മൗവ്വല്‍ എന്നിവർ പങ്കെടുത്തു.എ.ഡി.എം എ.കെ. രമേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ.എസ്. മായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മറ്റു തീരുമാനങ്ങൾ

എൻമകജെ പഞ്ചായത്തിലെ ജി.എച്ച്.എസ്.എസ് പഡ്രെയിലേയ്ക്കുള്ള വിദ്യാർഥികളുടെ യാത്ര ദുരിതത്തിന് പരിഹാരം കാണാന്‍ പുതിയ പെര്‍മിറ്റിനായി അപേക്ഷ ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ.ഉപ്പളയിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റിന് ആവശ്യമായ സ്ഥലം അതിര്‍ത്തി നിര്‍ണയിച്ചു നല്‍കുന്നതിന് അപാകതകള്‍ പരിഹരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി മഞ്ചേശ്വരം തഹസില്‍ദാര്‍.

കല്ലടുക്ക - ചെര്‍ക്കള റോഡ് പ്രവര്‍ത്തിയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് കെ.ആര്‍.എഫ്.ബി പ്രോജക്ട് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കരാറുകാരനും കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എക്‌സിക്യൂട്ടീവ് എൻജിനീയർ.

പരപ്പ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസിന്റെ പരിധിയില്‍ ഭൂമി ഉണ്ടായിട്ടും രേഖയില്ലാത്ത 300 പേരാണ് ഉള്ളതെന്നും ഇവര്‍ക്ക് പട്ടയം നല്‍കുന്നതിന് സര്‍വ്വേ നടത്തുന്നതിന് ആവശ്യമായ ചെലവിനുള്ള നിർദേശം അനുസരിച്ച് പട്ടികവര്‍ഗ്ഗ വികസന ഡയറക്ടറുടെ അംഗീകാരം നേടാവുന്നതാണെന്നും പരപ്പ പട്ടിക വര്‍ഗ വികസന ഓഫീസര്‍.

തീക്കുഴിച്ചാലിൽ അടിപ്പാത ഉറപ്പായി;വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ചു

ചെറുവത്തൂർ: ദേശീയപാത 66 പിലിക്കോട് തീക്കുഴിച്ചാലിൽ അടിപ്പാത പണിയുമെന്ന് ഉറപ്പായി. ഇൻഡിപെൻഡന്‍റ് എൻജിനീയർ എം.കെ. മനോജ് കുമാർ, ദേശീയപാതയുടെ പ്രവൃത്തിയേറ്റെടുത്ത മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് ജനറൽ മാനേജർ കെ. പ്രഭാകർ, ലെയ്‌സൺ സെക്യൂരിറ്റി ആൻഡ് വിജിലൻസ് മേധാവി അബ്ദുൽ നിസാർ എന്നിവരടങ്ങുന്ന സംഘമാണ് ശനിയാഴ്ച പിലിക്കോട് തീക്കുഴിച്ചാലിലെത്തിയത്.

തീക്കുഴിച്ചാലിൽ അടിപ്പാതയില്ലാതെ ദേശീയപാത പണിതാൽ പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിൽ നിന്നുള്ള ആറാട്ടുത്സവം മുടങ്ങുമെന്നും പിലിക്കോട് ഗവ.ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്ക് മറുഭാഗത്തേക്ക് പോകാൻ വഴിയില്ലാതാകുമെന്നും കാണിച്ച് ക്ഷേത്ര-ഉപക്ഷേത്രേശ്വരൻമാരും നാട്ടുകാരും സമരം തുടങ്ങിയിരുന്നു. ബഹുജന സദസ് സംഘടിപ്പിച്ചതിന് പിന്നാലെ ക്ഷേത്രേശ്വരൻമാരെ അണിനിരത്തി ഉപവാസം സംഘടിപ്പിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് അധികൃതർ അനുഭാവപൂർവം നിലപാട് സ്വീകരിച്ചത്.

ജനപ്രതിനിധികളും ഏച്ചിക്കുളങ്ങര ആറാട്ട് വഴി സംരക്ഷണ സമിതിയും ഉന്നയിക്കുന്നത് ജനകീയാവശ്യമാണെന്ന ബോധ്യത്തിലാണ് വിശദ പദ്ധതി രേഖയിൽ (ഡി.പി.ആർ) ഇല്ലാതിരുന്ന അടിപ്പാതക്ക് ശിപാർശ ചെയ്തതും പണിയാൻ തയാറായതെന്നും സംഘം പറഞ്ഞു. മൂന്നുമീറ്റർ നീളവും രണ്ടരമീറ്റർ വീതിയുമുള്ള അടിപ്പാതയുമാണ് ശിപാർശ ചെയ്തത്. പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപെടെയുള്ള ജനപ്രതിനിധികളുടെയും ആറാട്ട് വഴി സംരക്ഷണ സമിതി ഭാരവാഹികളുടെയും നിർദ്ദേശം പരിഗണിച്ച് വീതി അഞ്ചുമീറ്ററാക്കാൻ ശ്രമിക്കുമെന്ന് സംഘം ഉറപ്പുനൽകി.

പിലിക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. പ്രസന്നകുമാരി, വൈസ് പ്രസിഡന്‍റ് എ. കൃഷ്ണൻ, ആറാട്ട് വഴി സംരക്ഷണ സമിതി ചെയർമാൻ പി.പി. അടിയോടി, കൺവീനർ ടി. രാജൻ എന്നിവർ സംഘവുമായി ചർച്ച നടത്തി. പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ സി.വി. ചന്ദ്രമതി, കെ.വി. വിജയൻ, അംഗങ്ങളായ കെ. നവീൻകുമാർ, വി. പ്രദീപ്, പി. രേഷ്ണ, പഞ്ചായത്ത് സെക്രട്ടറി എൻ. മനോജ് എന്നിവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National Highway DevelopmentKasaragod District Development Committee
News Summary - National Highway Development: Concern Must Be Addressed - Kasaragod District Development Committee
Next Story